Image: x.com/AwarenessTCS
യുഎസില്‍ ബീച്ചില്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായെന്ന് കുടുംബം. പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ സുദിക്ഷ കൊനന്‍കി (20)യെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതെയായത്. മകളെ ആരോ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് കുടുംബം. ഡൊമിനികന്‍ റിപ്പബ്ലിക്കിലെ പുന്‍റ കാനയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു സുദിക്ഷ. റിയു റിപ്പബ്ലിക്ക റിസോര്‍ട്ടിലെ ബീച്ചില്‍ മാര്‍ച്ച് ആറിന് പുലര്‍ച്ചെ 4.50 നാണ് സുദിക്ഷയെ അവസാനമായി കണ്ടത്.
കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. സുദിക്ഷയ്ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിലും അന്വേഷണം തുടരുന്നുണ്ട്.
മകള്‍ ഒഴുക്കില്‍പ്പെട്ടതാണെങ്കില്‍ നീന്തി എവിടെയെങ്കിലും കയറിയിട്ടുണ്ടായേനെ. ഇത്രയും ദിവസമായിട്ടും വിവരമില്ലാത്തതിനാലാണ് മറ്റ് വഴികളിലേക്ക് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് സുദിക്ഷയുടെ പിതാവ് സുബ്ബറായിഡു വ്യക്തമാക്കി. മകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതെയായെന്ന വാര്‍ത്ത അറിഞ്ഞാണ് സുബ്ബറായിഡുവും ഭാര്യയും കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം വിര്‍ജിനിയയില്‍ നിന്നും പുന്‍റ കാനയിലെത്തിയത്. 'അവളുടെ സാധനങ്ങളെല്ലാം , ഫോണും പഴ്സുമുള്‍പ്പടെ സുഹൃത്തുക്കളുടെ പക്കലുണ്ട്. ഒരിക്കലും ഫോണ്‍ റൂമില്‍ വച്ചിട്ട് അവള്‍ പുറത്തുപോകാറില്ല'- കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു.
സുദിക്ഷയെ അവസാനമായി കണ്ട സമയം ബീച്ചില്‍ നീന്തിയിരുന്ന യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. യുവാവ് സുദിക്ഷയുടെ സുഹൃത്താണോയെന്നതിലും വ്യക്തതയില്ല. ഇരുവരൊഴികെ മറ്റുള്ളവരെല്ലാം മടങ്ങി മുറിയിലേക്ക് പോവുകയും ചെയ്തിരുന്നു. നീന്തുന്നതിനിടെയുണ്ടായ ശക്തമായ തിരയില്‍ സുദിക്ഷ പെട്ടിട്ടുണ്ടാകാമെന്ന സംശയം പൊലീസ് ഉയര്‍ത്തുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവധിയാഘോഷിക്കാന്‍ സുദിക്ഷയ്ക്കൊപ്പമെത്തിയ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. യുവതിയെ കുറിച്ച് വിവരം ലഭിച്ചാല്‍ പങ്കുവയ്ക്കണമെന്ന് പ്രദേശവാസികളോട് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.