Canada's Prime Minister Justin Trudeau carries his chair from the House of Commons on Parliament Hill in Ottawa, Ontario, Canada, March 10, 2025. REUTERS/Carlos Osorio
രാജിവച്ചതിന് പിന്നാലെ കനേഡിയന്‍ പാർലമെന്റിൽ നിന്ന് പുറത്തുപോകുന്ന മുന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഒരു കസേരയും ചുമന്ന്, നാവ് പുറത്തേക്കിട്ട് പാര്‍ലമെന്റില്‍നിന്ന് പുറത്തേക്ക് പോകുന്നതാണ് ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. പിന്നാലെ കമന്‍റുകളുമായി ആളുകളുമെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. റോയിട്ടേഴ്സാണ് ചിത്രം പകര്‍ത്തിയത്.
അതേസമയം, കനേഡിയൻ നിയമനിർമ്മാതാക്കൾക്ക് പാർലമെന്റിൽ നിന്ന് പുറത്തുപോകുമ്പോൾ അവരുടെ കസേരകൾ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് ബ്രയാൻ ലില്ലി എക്‌സില്‍ കുറിച്ചു. ‘ഏതെങ്കിലും എംപി കോമൺസിൽ നിന്ന് പുറത്തുപോകുമ്പോൾ, അവർക്ക് അവരുടെ ഇരിപ്പിടം കൂടെ കൊണ്ടുപോകാം. അതൊരു മികച്ച പാരമ്പര്യമായി ഞാൻ കാണുന്നു, ഞാൻ പിന്തുണയ്ക്കുന്നു. എന്നാല്‍ ട്രൂഡോയുടെ പ്രവൃത്തി വിചിത്രമാണ്. ഒരുപക്ഷേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മറ്റൊരു സൂചനയായിരിക്കാം’, അദ്ദേഹം എക്‌സിൽ കുറിച്ചു. ചരിത്രത്തില്‍ രേഖപ്പെടുത്തി വെയ്ക്കുന്ന ചിത്രമായിരിക്കും ഇത്, പത്ത് വര്‍ഷം കാനഡയെ കൊള്ളയടിച്ചയാള്‍ക്ക് ഒരു കസേര മോഷ്ടിച്ചുകൂടെ എന്നിങ്ങനെയുള്ള പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെന്ത് സര്‍ക്കസാണെന്നും ചിലര്‍ ചോദിക്കുന്നു.
അതേസമയം, കണ്ണീരോടെയായിരുന്നു ട്രൂഡോയുടെ വിടവാങ്ങല്‍ പ്രസംഗം. ഒമ്പത് വര്‍ഷം കാനഡയെ നയിക്കാനായതില്‍ അഭിമാനിക്കുന്നതായി ട്രൂഡോ പറഞ്ഞു. ‘കഴിഞ്ഞ 10 വർഷമായി മധ്യവർഗത്തിനും കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്കും വേണ്ടി ചെയ്ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. ഭൂമിയിലെ ഏറ്റവും മികച്ച രാജ്യമായി കാനഡ തുടരുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും പറഞ്ഞ അദ്ദേഹം കാനഡയ്ക്കുവേണ്ടി ശക്തമായി പോരാടണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു.
പ്രതിസന്ധികളെ സർക്കാർ കൈകാര്യം ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ജനുവരി 6 ന് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതാവിന്‍റെ സ്ഥാനവും രാജിവയ്ക്കുന്നത്. പിന്നാലെ കാനഡയുടെ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നിയെ തിരഞ്ഞെടുത്തു. സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ക്ക് കാര്‍നി ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായിരുന്നു. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതോടെ ഉടലെടുത്ത വ്യാപര തര്‍ക്കം തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്‍ശകനായ മാര്‍ക്ക് കാര്‍നി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ അമേരിക്കയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവകള്‍ തുടരുമെന്നാണ് മാര്‍ക്ക് കാര്‍നിയുടെ പ്രതികരണം. കാനഡയെ കീഴടക്കാനുള്ള ട്രംപിന്‍റെ നീക്കം പരാജയപ്പെടുത്തുമെന്നും കാര്‍നി പറഞ്ഞു.