In this frame grab from a video released by the Baluchistan Liberation Army shows people outside the a train after being attacked by the BLA on its transit from Quetta to the northern city of Peshawar, in Bolan district, Pakistan's southwestern Balochistan province, March 12, 2025.AP/PTI
പാക്കിസ്ഥാനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്ത ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചെന്ന് സൈന്യം. ഏറ്റുമുട്ടൽ അവസാനിച്ചെന്നാണു റിപ്പോര്‍ട്ട്. ആകെ 346 ബന്ദികളെയാണു മോചിപ്പിച്ചത്. 33 ഭീകരരെ വധിച്ചുവെന്ന് പാക് കരസേന അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം ആരംഭിക്കും മുൻപ് 21 ബന്ദികൾ കൊല്ലപ്പെട്ടെന്നും സ്ഥിരീകരിച്ചു.
48 മണിക്കൂറിനകം പാക് ജയിലിലുള്ള ഭീകരരെയും രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നായിരുന്നും ബിഎൽഎയുടെ ആവശ്യം. സൈന്യം ഇടപെട്ടാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും ആദ്യമേ വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി. ഇതിനിടെ ചൈനയും പാക്കിസ്ഥാനും ബലൂച് മണ്ണില്‍നിന്ന് പുറത്തുപോകണം എന്നുപറയുന്ന ഒരു വിഡിയോയും ബലൂച് ലിബറേഷന്‍ ആര്‍മിയുടെ പേരില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന്‍റെ ആധികാരികത വ്യക്തമല്ല.
ട്രെയിന്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും ബി.എല്‍.എ പുറത്തുവിട്ടു. മലയിടുക്കിലൂടെ ജാഫര്‍ എക്സ്പ്രസ് പോകുമ്പോള്‍ ട്രാക്കിനുസമീപം സ്ഫോടനം നടക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ ഭീകരര്‍ ട്രെയിനിനുനേരെ നിറയൊഴിക്കുന്നതും യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആകെ 450 യാത്രക്കാരാണു ട്രെയിനിൽ ഉണ്ടായിരുന്നത്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്നു വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസാണു മഷ്കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.