elon-musk-trump-political-influence-protests

TOPICS COVERED

ഇലോണ്‍ മസ്കിന്‍റെ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ സ്വാധീനത്തിനെതിരെ യു.എസില്‍ പ്രതിഷേധം കനക്കുന്നതിനിടെ മസ്കിന് പിന്തുണയുമായി ഡോണള്‍ഡ് ട്രംപ്. പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും ആഭ്യന്തര ഭീകരവാദമായി കണക്കാക്കുമെന്ന്  ഡോണള്‍ഡ് ട്രംപ് അറിയിച്ചു. മസ്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വൈറ്റ്ഹൗസിലെ ഉപയോഗത്തിനായി മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്​ലയുടെ ഇലക്ട്രിക് വാഹനവും ട്രംപ് വാങ്ങി.

ടെസ്​ല ബഹിഷ്കരിക്കണമെന്ന കാമ്പയിനുകള്‍ യു.എസില്‍ ശക്തമാകുന്നതിനിടെയാണ് ട്രംപിന്‍റെ നടപടി.ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയായ മസ്ക് മുൻകയ്യെടുത്ത് നടത്തിയ പിരിച്ചുവിടല്‍,വിദേശ ധനസഹായം റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളാണ് മസ്കിനെതിരെ പ്രതിഷേധം കനക്കാന്‍ കാരണമായത്.

ടെസ്​ല ഷോറൂമുകള്‍ക്ക് നേരെ കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.ചിലയിടങ്ങളിൽ ടെസ്‌ല ഡീലർഷിപ് കേന്ദ്രങ്ങളിൽ സ്ഫോടകവസ്തുവെറിഞ്ഞും ചാർജിങ് സ്റ്റേഷനുകൾക്കു തീവച്ചുമായിരുന്നു പ്രതിഷേധം.എന്നാൽ, സമാധാനപരമായ പ്രകടനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.പ്രതിഷേധത്തിന്‍റെ ഫലമായികമ്പനിയുടെ ഓഹരികള്‍ കുത്തനെ ഇടിയുകയും ചെയ്തിരുന്നു.

ടെസ്‌ലയുടെ എസ് മോഡലാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്കു വേണ്ടി ട്രംപ് തിരഞ്ഞെടുത്തത്.ടെസ്​ലയുടെ ഡ്രൈവിംങ് സീറ്റില്‍ ഇരുന്നുള്ള ചിത്രവും ട്രംപ് പങ്കുവെച്ചു.

അഞ്ച് കാറുകളാണ് വൈറ്റ് ഹൗസിലെത്തിച്ചത്. ഇവയെല്ലാം നേരിട്ട് പരിശോധിച്ച ട്രംപ് ചുവപ്പ് നിറമുള്ള മോഡല്‍ എസ് കാറാണ് ട്രംപ് വാങ്ങിയത്.‘ഗംഭീരമായ  ഉത്പന്നമാണിത്  ജീവിതവും ഊര്‍ജം മുഴുവനും ഇതിനുവേണ്ടി മാറ്റിവെച്ച മസ്കിനോട് ശരിയായ രീതിയിലല്ല ആളുകള്‍ പെരുമാറിയത്.അദ്ദേഹം ആഘോഷിക്കപ്പെടേണ്ട വ്യക്തിയാണ്’ട്രംപ് പറഞ്ഞു.

ടെസ്‌ല കാര്‍ ഉദ്പാദനം ഇരട്ടിയാക്കുമെന്നും ടെസ്​ലയ്​ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആഭ്യന്തര ഭീകരതയായി കണ്ട് നടപടി എടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

As protests intensify in the U.S. against Elon Musk’s growing political influence, former President Donald Trump has come forward in support of Musk. Trump stated that the protests and violent incidents would be considered domestic terrorism. Demonstrating his solidarity, Trump purchased a Tesla electric vehicle, owned by Musk, for use at the White House.