Image: Meta AI
കമ്പനിയില്‍ ഇല്ലാത്ത 22 'തൊഴിലാളി'കളുടെ പേരില്‍ എച്ച്ആര്‍ മാനേജര്‍ 19 കോടിയോളം രൂപ തട്ടിയെടുത്തെന്ന് പരാതി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ടെക് കമ്പനിയിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതില്‍ കൃത്രിമം കാട്ടിയാണ് 16 മില്യന്‍ യുവാന്‍(19 കോടി രൂപ) തട്ടിയെടുത്തതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടുവര്‍ഷം കൊണ്ടാണ് യാങ് എന്ന എച്ച്ആര്‍ മാനേജര്‍ വന്‍തുക കീശയിലാക്കിയത്.
തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്ന് വ്യാജ രേഖകള്‍ യാങ് ചമച്ചു. ഇവര്‍ക്കുള്ള ശമ്പളവും എഴുതിയെടുത്തു. ഇത്തരത്തില്‍ എഴുതിയെടുത്ത ശമ്പളമത്രയും സ്വന്തം അക്കൗണ്ടിലേക്ക് മറ്റൊരു പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാണ് ലേബര്‍ സര്‍വീസ് കമ്പനിയുടെ കണ്ടെത്തല്‍.
ഒരിക്കല്‍ പോലും ഓഫിസിലെത്തിയിട്ടില്ലാത്ത 22 സാങ്കല്‍പ്പിക തൊഴിലാളികളുടെയും ഹാജറും ലീവുമെല്ലാം സംശയത്തിനിടയില്ലാത്ത വിധത്തിലാണ് യാങ് രേഖപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെട്ട 'തൊഴിലാളി'കളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ചില മാസങ്ങളായി ശമ്പളം നിക്ഷേപിച്ചതിന്‍റെ രേഖകള്‍ കാണാതായതോടെ വകുപ്പ് തല അന്വേഷണം വന്നു. തുടര്‍ന്ന് എച്ച്ആര്‍ മാനേജറായ യാങിനെ വിളിപ്പിച്ചപ്പോഴാണ് സാങ്കേതികമായ ചില തടസങ്ങള്‍ വന്നുവെന്ന് യാങ് വിശദീകരിച്ചത്.സംശയം തോന്നിയ കമ്പനി പഴയ രേഖകളത്രയും പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് 22 സാങ്കല്‍പ്പിക തൊഴിലാളികള്‍ 2014 മുതല്‍ കമ്പനിയില്‍ ജോലി ചെയ്തുവന്നിരുന്നതായും ഇവരുടെ പേരിലുള്ള ശമ്പളം യാങിന്‍റെ അക്കൗണ്ടിലെത്തിയതായും കണ്ടെത്തിയത്.
2022ലാണ് യാങിന്‍റെ ക്രമക്കേടത്രയും കമ്പനിയുടെ ധനകാര്യ വിഭാഗം കണ്ടെത്തിയത്. പിന്നാലെ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചു. 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് യാങിന് കോടതി വിധിച്ചത്. യാങിന്‍റെ വോട്ടവകാശമുള്‍പ്പടെയുള്ളവ ഒരു വര്‍ഷത്തേക്ക് റദ്ദാക്കി. കമ്പനിയില്‍ നിന്ന് തട്ടിയെടുത്ത പണത്തിന് നഷ്ടപരിഹാരമായി പിഴയും ഈടാക്കി. വാര്‍ത്തകള്‍ ഇപ്പോഴാണ് ചൈനീസ് മാധ്യമങ്ങള്‍ അറിയുന്നതും പുറത്തുവിടുന്നതും.