യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാറിന് തയാറെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി മോസ്കോയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. മൂന്നുവര്‍ഷം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാന്‍ ആദ്യമായാണ് വെടിനിര്‍ത്തല്‍ കരാറിന് ഇരുരാജ്യങ്ങളും സമ്മതം അറിയിക്കുന്നത്.
യുഎസ് മുന്നോട്ടുവച്ച 30ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് യുക്രെയ്ന്‍ സമ്മതമറിയിച്ചതിന് പിന്നാലെയാണ് പുടിനും നിലപാടറിയിച്ചത്. കരാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതെങ്കിലും താല്‍ക്കാലികമായല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. കരാര്‍ സംബന്ധിച്ച് വിയോജിപ്പുകളുണ്ടെന്നും ഇക്കാര്യം ട്രംപുമായി ഫോണില്‍ സംസാരിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. യുക്രെയ്നെ നാറ്റോയില്‍ ഉള്‍പ്പെടുത്താതിരിക്കുക, യുക്രെയിന് മറ്റുരാജ്യങ്ങള്‍ നല്‍കുന്ന സൈനിക സഹായസഹകരണം കുറയ്ക്കുക തുടങ്ങിയവയാണ് റഷ്യ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍. 30ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി യുക്രെയ്ന്‍ സൈനികപദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അത് നിയന്ത്രിക്കാന്‍ ഇടപെടലുണ്ടാകണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഇടപെടലിന് പുടിന്‍ നന്ദി അറിയിച്ചു. അതേസമയം, പുടിനുമായി ചര്‍ച്ച നടത്തുന്നതില്‍ സന്തോഷമെന്നും റഷ്യ ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പ്രതികരിച്ചു. കരാറിനോടുള്ള പുടിന്‍റെ പ്രസ്താവന കൃത്രിമത്വം നിറഞ്ഞതാണെന്നും കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നുമാണ് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലെന്‍സ്കിയുടെ പ്രതികരണം. പുടിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും സെലന്‍സ്കി പറഞ്ഞു. വരുംദിവസങ്ങളില്‍ യുഎസ് പ്രതിനിധി വീണ്ടും ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തും.