• 47 തവണ യുഎസ് വ്യോമാക്രമണം
  • മരണസംഖ്യ 53 ആയി ഉയര്‍ന്നു
  • തിരിച്ചടിച്ചെന്ന് അവകാശപ്പെട്ട് ഹൂതികള്‍

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം മിഡില്‍ഈസ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ സൈനികനടപടിയാണ് യെമനില്‍ ഹൂതികള്‍ക്ക് നേരെയുണ്ടായത. ശനിയാഴ്ച സൂര്യാസ്തമയം മുതൽ ഞായറാഴ്ച സൂര്യോദയം വരെയുള്ള സമയത്ത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഏഴ് പ്രവിശ്യകളിലായി 47 തവണയാണ് യുഎസ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. ഹൂതികള്‍ക്കെതിരെ യുഎസ് ആക്രമണം തുടര്‍ന്നതോടെ രാജ്യാന്തര എണ്ണ വില ഉയരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്.

Also Read: ഹൂതി കേന്ദ്രങ്ങളില്‍ 47 തവണ ബോംബിട്ട് യുഎസ്; ട്രംപിന്‍റെ അരിശത്തിന് പിന്നിലെന്ത്?

ചെങ്കടലിലെ ഹുദൈദ തുറമുഖത്ത് രണ്ട് തവണയും വടക്കന്‍ യെമനിലെ അൽ ജൗഫിലും യുഎസ് വ്യോമാക്രമണം നടത്തി. അൽ-ഹസം ജില്ലയിലെ സര്‍ക്കാര്‍ കെട്ടിടവും യുഎസ് സൈനികാക്രമണത്തിന് ഇരയായി. ഇതോടെ മരണസംഖ്യ 53 ആയി ഉയര്‍ന്നു. അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടും. 

Armed Yemenis shout slogans and raise their weapons during a protest against Israel's decision to block aid into the Gaza Strip in the Huthi-controlled capital Sanaa on March 11, 2025. Yemen's Iran-backed Huthis will resume attacks on Israeli shipping if aid supplies to Gaza do not resume in four days, the rebels' leader said on March 7. (Photo by MOHAMMED HUWAIS / AFP)

യുഎസ് സെന്‍ട്രല്‍ കമാന്‍റ് എക്സില്‍ പങ്കുവച്ച വിഡിയോയില്‍ ഹൂതികള്‍ക്കെതിരെ ആക്രമണം തുടരുന്നതായി വ്യക്തമാക്കി. യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്കെതിരായ യുഎസ് സൈനിക ആക്രമണം ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്നതാണെന്ന് സൈനിക ഉദ്യോഗസ്ഥാന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. 

യു.എസ് വ്യോമാക്രമണത്തിന് തിരിച്ചടിയായി യുഎസിന്‍റെ ഹാരി എസ് ട്രുമാന്‍ വിമാനവാഹിനി കപ്പലിന് നേര്‍ക്ക് ആക്രമണം നടത്തിയതായി ‌ഹൂതി വക്താവ് അവകാശപ്പെട്ടു. 18 മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് വിവരം. ഇതേതുടര്‍ന്ന് വിമാനവാഹിന കപ്പല്‍ യെമന്‍റെ ജലാതിര്‍ത്തി വിട്ടുപോയി എന്നാണ് അവകാശവാദം. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകളൊന്നും ഹൂതികള്‍ പങ്കുവച്ചിട്ടില്ല. യുഎസ് അവകാശവാദം തള്ളി. ഹൂതികളുടെ 11 ‍ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഒന്നിന് പോലും ട്രുമാന് സമീപത്തെത്താന്‍ സാധിച്ചിട്ടില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. 

ട്രംപിന്‍റെ അരിശം

People gather at the site of a house hit by a U.S. strike in Saada, Yemen March 16, 2025. REUTERS/Naif Rahma

ചെങ്കടലിലെ ഹൂതികളുടെ സാന്നിധ്യം തന്നെയാണ് ആക്രമണത്തിന് പ്രധാന കാരണം. 2023 ഒക്ടോബറില്‍ ഗസയില്‍ ഇസ്രയേല്‍ ഹമാസ് ആക്രമണം യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ ഇടനാഴിയായ ചെങ്കടലില്‍ ഹൂതികള്‍ സൈനിക, വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയിരുന്നു. ഇസ്രയേലിന്‍റെയും അതിന്‍റെ സഖ്യകക്ഷികളായ യുഎസ്, യുകെ എന്നിവരുടെ കപ്പലുകളാണ് ലക്ഷ്യമിടുന്നതെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. പലസ്തീനോടുള്ള ഐക്യദാര്‍ഡ്യമായിട്ടാണ് ഹൂതികളുടെ ആക്രമണം. 

ജനുവരിയില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഹൂതികളും ആക്രമണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പലസ്തീനിലേക്ക് ഇസ്രയേല്‍ സഹായം നിര്‍ത്തിവച്ചതോടെ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ചൊവ്വാഴ്ചയാണ് ഹൂതികള്‍ വ്യക്തമാക്കിയത്. ഇതാണ് യുഎസ് പ്രകോപനത്തിന് കാരണം.ആക്രമണം പുനരാരംഭിക്കുമെന്ന ഭീഷണിയിൽ നിന്ന് പിന്മാറുന്നതുവരെ ഹൂതികൾക്കെതിരെ ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. 

ബൈഡന്‍ ഭരണകാലത്തും യുഎസ്, ഇസ്രയേല്‍, ബ്രിട്ടന്‍ എന്നിവര്‍ യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച തുടങ്ങിയ ഓപ്പറേഷന്‍ യുഎസ് ഒറ്റയ്ക്കാണ് നടത്തുന്നത്. 

അഞ്ച് മാസത്തിനിടെ 319 ആക്രമണം

2023 നവംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ, അഞ്ചു മാസകാലത്ത് വാണിജ്യ, സൈനിക കപ്പലുകള്‍ക്ക് നേരെ 319 ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്. ആക്രമണത്തിന് മുന്‍പ് ചെങ്കടലിലൂടെ വര്‍ഷത്തില്‍ 25,000 കപ്പലുകള്‍ നടന്നുപോയിരുന്നു. ഇത് 10,000 ആയി ചുരുങ്ങി. ഏകദേശം 75 ശതമാനം യുഎസ്, യുകെ കപ്പലുകള്‍ ആഫ്രിക്ക ചുറ്റിയാണ് യാത്ര നടത്തുന്നത്. ഇത് പത്ത് ദിവസത്തെ അധിക യാത്രയും ഓരോ ട്രിപ്പിലും 10 ലക്ഷം ഡോളറിന്‍റെ അധിക ഇന്ധന ചെലവും ഉണ്ടാക്കുന്നതായി യുഎസ് ഡിഫന്‍സ് ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന കപ്പല്‍ ഇടനാഴിയാണ് ചെങ്കടല്‍. ചരക്കുനീക്കത്തിന്‍റെ 95 ശതമാനവും ഈ ഭാഗങ്ങളിലൂടെയാണ്.