വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം. 235 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. എല്ലാ ബന്ദികളെയും വിട്ടയ്ക്കണമെന്ന ആവശ്യത്തിന് ഹമാസ് വഴങ്ങാതെ വന്നതോടെയാണ് ആക്രമണം. വെടിനിര്‍ത്തല്‍ രണ്ടുമാസം തികയുമ്പോഴാണ് ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ചോരപ്പുഴ തീര്‍ത്തത്. ഗാസ സിറ്റിയിലും റഫയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടന്നു. ഹമാസിന്റെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ മധ്യനിര നേതൃത്വത്തെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് അമേരിക്കയെ അറിയിച്ചിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സാധാരണ ജനങ്ങളാണെന്ന് ഹമാസ് അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. ഹമാസിനോട് വിട്ടുവീഴ്ചയില്ലെന്നും ആക്രമണം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേല്‍ നടപടിയോടെ ബന്ദികളുടെ ജീവന്‍ തുലാസിയായെന്ന് ഹമാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
59 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ നിഗമനം. വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ ഇസ്രയേലിന് മാത്രമാണ് ഉത്തരവാദിത്തെന്ന് മധ്യസ്ഥരായ ഖത്തറിനെയയും ഈജിപ്തിനെയും ഹമാസ് അറിയിച്ചിട്ടുണ്ട്.