Interceptor trails are seen in the sky over Jerusalem, March 27, 2025. REUTERS/Ronen Zvulun
ഇസ്രയേല്‍ വിമാനത്താവളവും യുഎസ് യുദ്ധവിമാനവും മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ നോക്കിയെന്ന് വെളിപ്പെടുത്തി ഹൂതികള്‍. യെമനില്‍ നിന്നും വന്ന മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഹൂതികളുടെ വെളിപ്പെടുത്തല്‍. ബലിസ്റ്റിക് മിസൈലാണ് ഹൂതികള്‍ തൊടുത്തതെന്നും ടെല്‍ അവീവിന് തെക്കുള്ള സൈനിക കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇതെന്നും സൈനിക വക്താവായ യഹ്യ സറീ പറഞ്ഞു.
ഇസ്രയേലിന്‍റെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് മിസൈലുകളെ നിര്‍വീര്യമാക്കിയെന്നും ജെറുസലേമില്‍ ഉള്‍പ്പടെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്‍റെ വെളിപ്പെടുത്തല്‍. ചെങ്കടലില്‍ തമ്പടിച്ചിരുന്ന ശത്രുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും അമേരിക്കയുടെ യുഎസ്എസ് ഹാരി എസ് ട്രൂമാനെയും തങ്ങള്‍ ലക്ഷ്യമിട്ടുവെന്നും സറീ കൂട്ടിച്ചേര്‍ത്തു. യെമന് നേരെ യുഎസ് നടത്തുന്ന അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് പതിനഞ്ചിനാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഹൂതികള്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്. ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ ചെങ്കടലിലും ഏയ്ഡല്‍ കടലിടുക്കിലുമുള്ള കപ്പല്‍പ്പാതകളില്‍ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഇത് അവസാനിപ്പിക്കുന്നത് വരെ ഹൂതികള്‍ക്കെതിരായ ആക്രമണം തുടരുമെന്നായിരുന്നു യുഎസ് നിലപാട്.
യെമന്‍ തലസ്ഥാനമായ സനയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും യുഎസ് ആണ് ഉത്തരവാദിയെന്നും വിമതര്‍ ആരോപിച്ചു. സന പ്രവിശ്യയ്ക്ക് നേരെ മാത്രം ഇരുപതോളം തവണ ആക്രമണം ഉണ്ടായെന്നും രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയ വക്താവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.