ഡോണള്‍ഡ് ട്രംപിന്റെ തലതിരിഞ്ഞ നടപടികളില്‍ ലോകം ഞെട്ടി നില്‍ക്കുമ്പോള്‍ അമേരിക്കയിലും കാര്യം വ്യത്യസ്തമല്ല. ട്രംപിന്‍റെ നികുതി പരിഷ്കരണങ്ങള്‍ തുടങ്ങിയതോടെ അമേരിക്കാര്‍ പരക്കം പാച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കനേഡിയന്‍ സോഫ്റ്റ്‍വുഡ് ഇറക്കുമതിക്കുള്ള നികുതി ഇരട്ടിയാക്കാനുള്ള ട്രംപ് സര്‍ക്കാര്‍ തീരുമാനം യുഎസില്‍ ടോയലറ്റ് ടിഷ്യു പേപ്പറിന് ക്ഷാമം വരുത്തിവച്ചിരിക്കുകയാണ്.
കനേഡിയന്‍ സോഫ്റ്റ്‍വുഡ് ഇറക്കുമതിക്കുള്ള നികുതി ഇരട്ടിയാക്കാനാണ് ട്രംപ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ടോയലറ്റ് ടിഷ്യു പേപ്പറിന് രാജ്യത്തെമ്പാടും ലഭ്യത കുറവ് അനുഭവപ്പെട്ടു. ട്രംപിന്‍റെ പ്രഖ്യാപനം വരുമുന്‍പ് സാധനം വാങ്ങാനുള്ള തിരക്കാണ് ലഭ്യത കുറവിന് കാരണം, കോവിഡ് കാലത്തെ വില്‍പ്പന പോലെയാണ് ഇപ്പോഴുള്ളതെന്നാണ് വിപണി സംസാരം.
കാനഡയില്‍ നിന്നുള്ള സോഫ്റ്റ്‍വുഡിന് 27 ശതമാനം നികുതി ചുമത്താനാണ് ട്രംപിന്‍റെ തീരുമാനം. അധിക തീരുവകള്‍ ചേരുമ്പോള്‍ ഇത് 50 ശതമാനം കടക്കും. ഇതോടെ ടോയല്റ്റ് ടിഷ്യു, പേപ്പര്‍ ടവല്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിതരണത്തെ ബാധിക്കും. വര്‍ഷത്തില്‍ രണ്ട് ദശലക്ഷം ടണ്‍ ബ്ലീച്ച്ഡ് സോഫ്റ്റ്‍വുഡ് ക്രാഫ്റ്റ് പള്‍പ്പുകളാണ് യുഎസ് കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
നിലവിൽ, കാനഡയിൽ നിന്നുള്ള തടിക്ക് അമേരിക്ക 14 ശതമാനത്തില്‍ കൂടുതൽ തീരുവ ചുമത്തുന്നുണ്ട്. തീരുവ ഏകദേശം 27 ശതമാനമാക്കി ഉയർത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കനേഡിയൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മൊത്തം തീരുവ ഏകദേശം 52 ശതമാനം ആയി ഉയർത്തും. ഇതോടെ വിതരണത്തില്‍ ക്ഷാമമുണ്ടാകാന്‍ കാരണമാകും. വില വര്‍ധനവിനും ടോയ്‌ലറ്റ് പേപ്പറിന്റെ ലഭ്യതകുറവിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.