തിരോധാനത്തിന് ഒരു ദശാബ്ദത്തിന് ശേഷം എംഎച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നതായി മലേഷ്യ, ക്വാലാലംപുര്‍ ഗതാഗതമന്ത്രിയാണ് അന്വേഷണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനം ചിലപ്പോള്‍ അന്വേഷണം വീണ്ടും ആരംഭിച്ചേക്കാമെന്നും എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗതാഗതമന്ത്രി ആന്തണി ലോക് പറഞ്ഞു.
2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി പോയ ബോയിങ് 777 വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചില്‍ നടത്തിയിട്ടും വിമാനത്തെ കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണുവെന്ന അനുമാനങ്ങള്‍ പിന്നീടുണ്ടായി. ഇതോടെ ഒരു മാസം മുന്‍പ് തിരച്ചില്‍ പുനരാരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍
മൂന്ന് വര്‍ഷം 120,000 കിലോമീറ്റര്‍ ഓസ്ട്രേലിയന്‍ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 2018 ല്‍ യുഎസിലെയും ബ്രിട്ടനിലെയും സംഘങ്ങള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി.
വിമാനത്തിലെ മൂന്നില്‍ രണ്ട് യാത്രക്കാരും ചൈനക്കാരും ശേഷിക്കുന്നവര്‍ മലേഷ്യ, ഇന്തൊനേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. വ്യാപക പ്രതിഷേധമാണ് യാത്രക്കാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നടത്തിയത്. ഇതോടെയാണ് വര്‍ഷങ്ങള്‍ നീണ്ടിട്ടും തിരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവാതെ ഇരുന്നത്.