image: Truth Social/@realDonaldTrump
യെമനിലെ ഹൂതി വിമതര്‍ക്ക് മേല്‍ വ്യോമാക്രമണം നടത്തുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സൈനിക ഡ്രോണ്‍ വഴിയെടുത്ത ദൃശ്യങ്ങളാണ് ട്രംപ് പുറത്തുവിട്ടത്. യുഎസ് നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടിലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടിരുന്നു.
തുറസായ സ്ഥലത്ത് ദീര്‍ഘവൃത്താകൃതിയില്‍ നിന്നവര്‍ക്ക് മേല്‍ ബോംബാക്രമണം നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊടുന്നനെ വന്‍തോതില്‍ പുകയും പൊടിപടലങ്ങളും പ്രദേശത്ത് നിറയുന്നതും വിഡിയോയില്‍ ദൃശ്യമാണ്. 'യുഎസിനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ഈ ഹൂതികള്‍. കഷ്ടമായിപ്പോയി, ഇവര്‍ക്കിനി ആക്രമണം നടത്താന്‍ കഴിയില്ല. ഇവര്‍ ഇനിയൊരിക്കലും നമ്മുടെ കപ്പലുകളെ മുക്കുകയുമില്ല'- എന്നായിരുന്നു ട്രംപ് കുറിച്ചത്.
അടുത്തിടെയായി യെമനില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് രാജ്യാന്തര സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ക്കെതിരെ വിമതര്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണ് വ്യോമാക്രമണമെന്നാണ് യുഎസിന്‍റെ വിശദീകരണം.
ബുധനാഴ്ച യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ യുഎസ് നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍–ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ചെങ്കടലില്‍ കൂടി പോകുന്ന അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. കപ്പലുകള്‍ ആക്രമിച്ച് കടലില്‍ മുക്കിക്കളയുകയാണ് ഹൂതികള്‍ ചെയ്യുന്നത്. അമേരിക്കന്‍ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 67 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹൂതി വിമതരുടെ കണക്ക്.
അതേസമയം, ഹൂതികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്‍റെ ശക്തി ക്ഷയിപ്പിക്കുമെന്നാണ് യുഎസ് വിലയിരുത്തുന്നത്. ഇറാനാണ് ഹൂതികള്‍ക്കാവശ്യമായ സഹായങ്ങളെല്ലാം നല്‍കുന്നതെന്നും വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.