donald-trump

TOPICS COVERED

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ വധഭീഷണിയുമായി ഇറാനിയന്‍ പത്രം കെയ്ഹാന്‍. ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായി ട്രംപ് കൊല്ലപ്പെടുമെന്നാണ് പത്രത്തിലെയൊരു ലേഖനത്തിലുള്ളത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി അടുത്ത ബന്ധം പുലർത്തുന്ന പത്രമാണ് പേര്‍ഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന കെയ്ഹാൻ. 

ശനിയാഴ്ച പത്രത്തിന്‍റെ ഡയലോഗ് സെക്ഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ, 'ട്രംപ് ദിവസവും വിവിധ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ പരിധി വിടുകയാണ്. രക്തസാക്ഷി സുലൈമാനിയുടെ രക്തത്തിന് പ്രതികാരമായി ഇനി ഏത് ദിവസവും, അവന്റെ തലയോട്ടിയിലേക്ക് കുറച്ച് വെടിയുണ്ടകൾ തുളച്ചുകയറാൻ പോകുന്നു'.

ട്രംപിന്റെ മരണത്തെ എല്ലാ നീതിമാന്മാരും സ്വാഗതം ചെയ്യുമെന്നും ഗാസയിലെ അടിച്ചമർത്തപ്പെട്ടവരും പ്രതിരോധ ശക്തികളും സന്തോഷിക്കുമെന്നും ലേഖനം അവകാശപ്പെട്ടു. 2020 ജനുവരിയിൽ ഇറാഖില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാനിയന്‍ മേജര്‍ ജനറലായിരുന്ന ലെഫ്റ്റനന്റ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. യുഎസ് പ്രസിഡന്‍റായിരുന്നു ട്രംപാണ് ആക്രമണത്തിന് ഉത്തരവിട്ടത്. 

അതേസമയം, പത്രത്തിലെ ലേഖനത്തെ ഇറാന്‍ തള്ളി. ഇറാന്റെ പ്രസ് സൂപ്പർവൈസറി ബോർഡ് കെയ്‌ഹാന് ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ സർക്കാർ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കം നിരോധിക്കുന്ന രാജ്യത്തിന്റെ ദേശീയ പത്ര നിയമത്തിലെ ആർട്ടിക്കിൾ 6 ഉദ്ധരിച്ചാണ് നോട്ടീസ്. സുലൈമാനിയുടെ കേസ് നിയമപരമായി തന്നെ തുടരണമെന്നാണ് ഇറാന്‍റെ നിലപാട്. ഭീഷണികൾ പ്രസിദ്ധീകരിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കുകയും ശത്രുക്കൾക്ക് മരുന്ന് നൽകുകയും ചെയ്യുമെന്ന് ഇറാന്‍ സാംസ്കാരിക മന്ത്രാലയം ഒരു പ്രസ്താവനയിക്കി. 

അതേസമയം ഞായറാഴ്ചത്തെ പതിപ്പിൽ കെയ്‌ഹാൻ നിലപാട് തുടർന്നു, ആഭ്യന്തര വിമർശകർ യുഎസ് സമ്മർദ്ദത്തിന് വഴങ്ങുന്നുവെന്നാണ് പത്രത്തിന്‍റെ ആരോപിണം. വെടിയുതിർക്കാൻ തുടങ്ങുന്നതിനു മുന്‍പുതന്നെ, അമേരിക്കയുടെ പ്രാദേശിക സേവകർ വിറയ്ക്കുകയാണെന്നും കെയ്‌ഹാനെതിരെ ആഞ്ഞടിക്കുകയാണെന്നും പത്രം എഴുതി. 

ആണവവായുധവുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഏറുന്നതിനിടെയാണ് പത്രത്തിന്‍റെ ഭീഷണി. ആണവ വിഷയത്തില്‍ ഇറാന്‍  ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. 

ENGLISH SUMMARY:

An Iranian newspaper, Kayhan, has issued a death threat against former US President Donald Trump, stating in an article that he should be killed in retaliation for the assassination of General Qasem Soleimani. Kayhan, which is closely aligned with Iran's Supreme Leader Ayatollah Ali Khamenei, is a Persian-language publication.