പകരം തീരുവയുടെ ആഘാതത്തില്‍ ലോകം ആടിയുലയുമ്പോള്‍ ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച 34 ശതമാനം തീരുവ പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവകൂടി ചുമത്തുമെന്ന് ട്രംപ്. എന്നാല്‍ ട്രംപിന് വഴങ്ങില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ വ്യാപാരയുദ്ധം ആസന്നമായെന്ന ആശങ്കയിലാണ് ലോകം.
സാമ്പത്തികമാന്ദ്യ ഭീഷണിയും വിപണികളിെല തകര്‍ച്ചയും വകവയ്ക്കാതെയാണ് ട്രംപിന്റെ നീക്കം. ഇന്ത്യ ഉള്‍പ്പെട 60 രാജ്യങ്ങള്‍ക്ക് ഏര്‍പെടുത്തിയ അധിക തീരുവ നാളെത്തന്നെ നിലവില്‍വരുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈന ഏര്‍പെടുത്തിയ 34 ശതമാനം തീരുവ അംഗീകരിക്കാനാകില്ല. പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുമേല്‍ 50 ശതമാനം തീരുവകൂടി ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനം ബ്ലാക് മെയിലിങ്ങാണെന്നും വഴങ്ങില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വീണ്ടും തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രഖ്യാപനം ബുദ്ധിമോശമാണ്. അമേരിക്ക ഇതേ നിലപാട് തുടര്‍ന്നാല്‍ ഏതറ്റംവരെയും പോകാന്‍ മടിക്കില്ലെന്നും ചൈന തിരിച്ചടിച്ചു. 50 ശതമാനം കൂടി വന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ തീരുവ 104 ശതമാനമാകും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വാഷിങ്ടണ്ണില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തി. തീരുവയില്‍ ഇസ്രയേലുമായി ധാരണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ജപ്പാനുമായി ധാരണയ്ക്ക് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. അതിനിടെ ഇന്നലത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ഏഷ്യന്‍ വിപണികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ജപ്പാനിലെ നിക്കെയ് ആറ് ശതമാനവും ഹോങ്കോങ്ങിലെ ഹാങ്സങ് രണ്ട് ശതമാനവും ഉയര്‍ന്നു. ചൈനീസ് സൂചികകളും നേട്ടത്തിലാണ്