റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം നടത്തിയ രണ്ട് ചൈനക്കാരെ പിടികൂടിയതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. യുക്രെയിനിലെ ഡോണെറ്റ്സ്ക് മേഖലയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. റഷ്യൻ സേനയില്‍ കൂടുതൽ ചൈനീസ് അംഗങ്ങൾ ഉണ്ടെന്നും വൊളോഡിമിര്‍ സെലന്‍സ്കി ആരോപിച്ചു. പിടികൂടിയവര്‍ ചൈനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം എത്തിയവരാണോ അതോ സ്വയം സൈന്യത്തില്‍ ചേര്‍ന്നവരാണോ എന്ന് വ്യക്തമല്ല. എങ്കിലും സംഭവത്തില്‍ യുക്രെയിന്‍ ഉടന്‍ ചൈനയുമായി ആശയ വിനിമയം നടത്തും.
റഷ്യൻ സൈന്യത്തില്‍ കൂലിപ്പടയാളികളായി നേപ്പാളിൽ നിന്നും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരോടൊപ്പം നൂറുകണക്കിന് ചൈനീസ് പൗരന്മാരും എത്തിയിട്ടുണ്ടെന്നാണ് യുക്രെയിന്‍റെ നിഗമനം. പിടിയിലായ രണ്ടുപേരുടെയും കൈവശം തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയതായും യുക്രെയിന്‍റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ്‌ബിയു രേഖകള്‍ പരിശോധിച്ചു വരികയാണെന്നും സെലന്‍സ്കി അറിയിച്ചു. യുഎസ് മധ്യസ്ഥതയില്‍ റഷ്യ– യുക്രെയിന്‍ സമാധാനചര്‍ച്ചകള്‍ പുരോഗമിക്കേ വെടിനിർത്തലിന് റഷ്യയ്ക്ക് താൽപ്പര്യമില്ലെന്നതിന്‍റെ തെളിവാണ് രണ്ട് പേരെ കൂടി പിടികൂടിയതെന്നും സെലന്‍സ്കി വാദിക്കുന്നു. യൂറോപ്പിലെ യുദ്ധത്തിൽ നേരിട്ടോ അല്ലാതെയോ ചൈനയടക്കം മറ്റ് രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിലൂടെ പുടിന് യുദ്ധം അവസാനിപ്പിക്കുകയല്ല മറ്റെന്തോ ലക്ഷ്യമാണെന്നും സെലന്‍സ്കി പറയുന്നു. യുദ്ധം തുടരാനുള്ള വഴികൾ പുടിന്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, സംഭവത്തില്‍ റഷ്യയോ ചൈനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യ– യുക്രെയിന്‍ യുദ്ധത്തില്‍ തങ്ങൾ ഒരു നിഷ്പക്ഷ കക്ഷിയാണെന്നാണ് ചൈന പറയുന്നത്. ആയുധങ്ങള്‍ നിര്‍മിക്കുന്നതിനായി റഷ്യ ചൈനീസ് നിർമ്മിത ഘടകങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. ഒരു പരിധിവരെ യുക്രെയിനും. എന്നിരുന്നാലും യുക്രെയിന്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.