പ്രതീകാത്മക ചിത്രം
കഴിഞ്ഞ വര്‍ഷം ലോകത്ത് വധശിക്ഷയ്ക്ക് വിധേയരായത് 1518 പേരെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷ്ണല്‍. മാര്‍ച്ച് 31ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുള്ളത്. ലോകത്ത് ഏറ്റവുമധികം വധശിക്ഷകൾ നടപ്പായ 2015ല്‍ 1634 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനും ന്യൂനപക്ഷങ്ങളെ ശിക്ഷിക്കുന്നതിനും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും വിവിധ രാജ്യങ്ങള്‍ വധശിക്ഷയെ ആയുധമാക്കുന്നതാണ് എണ്ണത്തിലെ ഈ കുതിച്ചു ചാട്ടത്തിന് കാരണം.
2023നെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനയാണ് 2024ല്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ്. ആകെയെണ്ണത്തിന്‍റെ 91 ശതമാനം . ഈ രാജ്യങ്ങളാണ് വധശിക്ഷയ്ക്ക് വിധേയരായവരുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമെന്ന് ആംനസ്റ്റി ഇന്റർനാഷണല്‍ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമർഡ് പറഞ്ഞു. വധശിക്ഷ നീചമായ കൃത്യമാണ്. മനുഷ്യാവകാശ ലംഘനം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, തീവ്രവാദ കുറ്റങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ആളുകളുടെ ജീവൻ അപഹരിച്ചത് നിർദ്ദയമാണെന്നും ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ പറഞ്ഞു.
2024-ൽ ഇറാൻ മാത്രം കുറഞ്ഞത് 972 പേരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. മുൻ വർഷത്തേക്കാൾ 119 പേരുടെ വർധനയാണുണ്ടായത്. സൗദി അറേബ്യയുടെ വധശിക്ഷകളുടെ കണക്കെടുത്താല്‍ 345 വധശിക്ഷയാണ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയത്. അതായത് മുന്‍വര്‍ഷത്തേതിന്‍റെ ഇരട്ടിയാണിത് ഇറാക്കിന്‍റെ കാര്യവും ഞെട്ടിക്കുന്നതാണ്. ഇറാഖിന്‍റെ വധശിക്ഷകൾ ഏകദേശം നാലിരട്ടിയായാണ് ഉയര്‍ന്നത്. 16-ൽ നിന്ന് 63 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മൂന്ന് രാജ്യങ്ങളും ചേർന്ന് 1,380 വധശിക്ഷകൾക്ക് ഉത്തരവാദികളാണെന്നും ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. വിയോജിപ്പുകളെ അടിച്ചമർത്താൻ ഇറാൻ വധശിക്ഷ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് റിപ്പോർട്ട് വിശദമാക്കുന്നുണ്ട് പ്രത്യേകിച്ച് സ്ത്രീ സ്വാന്ത്ര്യ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍. ആഗോളതലത്തിൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇറാൻ, സൗദി അറേബ്യ, ഇറാഖ്, യെമൻ എന്നിവയാണ് തൊട്ടുപിന്നിൽ. അതേസമയം 2024-ൽ, സാധാരണ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിർത്തലാക്കുന്ന ഏറ്റവും പുതിയ രാജ്യമായി സിംബാവെ മാറി.