ബംഗ്ലാദേശിലെ കയറ്റുമതിക്ക് വലിയ സഹായമായിരുന്ന ട്രാൻസ്-ഷിപ്മെന്റ് സൗകര്യം റദ്ദാക്കി ഇന്ത്യ. ബംഗ്ലാദേശിലെ ചരക്കുകൾ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉപയോഗിച്ച് കടത്തിവിടാനുള്ള പ്രത്യേക അനുമതിയാണ് പിൻവലിക്കപ്പെട്ടിരിക്കുന്നത്. സി.ബി.ഐ.സി(കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡ്) ഏപ്രിൽ 8-ന് സർക്കുലർ പുറപ്പെടുവിച്ചു. 2020 മുതൽ ബംഗ്ലാദേശിന് ലഭിച്ചിരുന്ന ഈ സൗകര്യമാണ് റദ്ദാകുന്നത്. ഉത്തരവിന് മുമ്പ് ഇന്ത്യയിൽ എത്തിച്ച ചരക്കുകൾക്ക് തീരുമാനം ബാധകമല്ല.
ബംഗ്ലാദേശിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്‍റെ വിവാദ പ്രസ്താവനയാണ് നീക്കത്തിന് പിന്നില്‍. 'ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമുദ്രബന്ധമില്ല, അവർക്ക് ബംഗ്ലാദേശാണ് ആശ്രയം' എന്നതായിരുന്നു പ്രസ്താവന. യൂനുസിന്‍റെ ചൈനാ സന്ദർശനത്തിന് ശേഷമാണ് വിവാദ പ്രസ്താവന വന്നത്.
ഇന്ത്യയുടെ നീക്കം ബംഗ്ലാദേശിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്‍റെ കയറ്റുമതി വലിയ പ്രതിസന്ധിയിലാകും. മറുവശത്ത് വസ്ത്രം, ഷൂസ്, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് അത് നേട്ടവുമാകും. ഒപ്പം ചൈന-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും ഇതുവഴിഇന്ത്യയ്ക്ക് കഴിയും
ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമുദ്രബന്ധമില്ല. അതിനാല്‍ ബംഗ്ലാദേശിന്റെ തുറമുഖങ്ങളെ ആശ്രയിച്ചിരുന്നു. പുതിയ നീക്കം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.