രണ്ട് വര്‍ഷമായി സുഡാനില്‍ തുടരുന്ന ആഭ്യന്തരയുദ്ധം 20,000 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിവിടുകയും മാത്രമല്ല ചെയ്തത്, രാജ്യത്തിന്‍റെ പൈതൃത സമ്പത്തും നഷ്ടപ്പെടുത്തി. സുഡാനിലെ ഏറ്റവും വലിയ മ്യൂസിയമായ ദേശീയ മ്യൂസിയം ഇപ്പോള്‍ ഏറെക്കുറെ കാലിയാണ്. സൂക്ഷിച്ചിരുന്ന ചരിത്ര അവശേഷിപ്പുകളെല്ലാം കൊള്ളയടിക്കപ്പെട്ടു.
പാലിയോലിത്തിക് കാലഘട്ടം മുതല്‍ കൃഷിയുടെ വികാസത്തിന് മുമ്പുള്ള കാലഘട്ടത്തെയും പുരാതന സുഡാനെയും രേഖപ്പെടുത്തുന്ന നൂറുകണക്കിന് ശേഷിപ്പുകള്‍ നഷ്ടപ്പെട്ടു. പലതും ബി.സി. എട്ടാം, ഏഴാം നൂറ്റാണ്ടുകളിലുള്ളതാണ്. സുഡാനിലെ ഫറവോന്മാരെക്കുറിച്ചുളള രേഖകളും പിരമിഡുകളുടെ ശേഷിപ്പുകളും കാണാതായി. ഒരു മമ്മി സൂക്ഷിച്ചിരുന്ന പെട്ടി തകര്‍ത്തനിലയിലാണ്. എടുത്തു കൊണ്ടുപോകാന്‍ സാധിക്കാത്ത ഭാരമുള്ള പ്രതിമകളും മൂന്ന് ഫറവോനിക് ക്ഷേത്രങ്ങളും മാത്രാണ് ശേഷിക്കുന്നത്.
പ്രത്യേക അറകളില്‍ സുക്ഷിച്ചിരുന്ന വിലമതിക്കാനാവാത്ത സ്വര്‍ണ വസ്തുക്കളും മോഷണംപോയി. കെട്ടിടങ്ങളുടെ കവാടങ്ങളും ചുമരുകളും തകര്‍ത്തനിലയിലാണ്. മ്യൂസിയത്തിന് ചുറ്റുമുണ്ടായിരുന്ന മതിലും ഇപ്പോഴില്ല. സുഡാനീസ് സാംസ്കാരിക വ്യക്തിത്വത്തിന്റെ ഒരു ഭാഗം തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍.
അധികാരവടംവലിയില്‍ ഞെരുങ്ങി സുഡാന്‍
2021ൽ പ്രധാനമന്ത്രി അബ്ദല്ല ഹംദുക്കിനെ പുറത്താക്കി സൈന്യം സുഡാന്‍റെ അധികാരം പിടിച്ചു. രണ്ടു ജനറൽമാരുടെ നേതൃത്വത്തിലാണു സുഡാന്റെ ഭരണം. സൈനികമേധാവി ജനറൽ അബ്ദൽ ഫത്താഹ് ബുർഹാൻ ആണ് പ്രസിഡന്റ്. അദ്ദേഹത്തിന്റെ എതിരാളിയും സൈന്യത്തിന്‍റെ ഭാഗമായ റാപിഡ് സപ്പോർട് ഫോഴ്സസിന്‍റെ (ആർഎസ്എഫ്) മേധാവിയുമായ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോ ആണ് രണ്ടാമത്തെ അധികാരകേന്ദ്രം. ഒരു ലക്ഷം അംഗങ്ങളുള്ള ആർഎസ്എഫിനെ സൈന്യത്തിൽ ലയിപ്പിക്കാനാണ് മുഹമ്മദ് ഹംദാന്‍റെ നീക്കം. സേനയുടെ അധീകാരം ആര്‍ക്കെന്ന ചോദ്യത്തിന്റെ ഉത്തരംതേടലാണ് കലാപത്തിന് വഴിവച്ചത്. ആഭ്യന്തരകലാപം അടിച്ചമർത്താനായി ജനറൽ ദഗാലോ 2013ലാണ് ആർഎസ്എഫിനു രൂപീകരിച്ചത്.
പട്ടിണിക്കോലമായി സുഡാന്‍
2023 ഏപ്രിലിൽ തലസ്ഥാനനഗരമായ ഖാർത്തൂമിലാണു കലാപം ആരംഭിച്ചത്. ഒന്നരക്കോടിയോളം സുഡാനികള്‍ അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഒരു നേരമെങ്കിലും ആഹാരം ലഭിക്കുന്നവര്‍ വിരളം. ഡാർഫർ പ്രവിശ്യയിലെ മൂന്നു ലക്ഷം പേർ അഭയം തേടിയ ഒരു അഭയാർഥി ക്യാംപിൽ ദിവസവും 13 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മൂന്നാമത്തെ വലിയ രാജ്യമായ സുഡാന്‍ ലോകത്തെ ഏറ്റവും വലിയ ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നുമാണ്. പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനുശേഷം 2011ലാണു ദക്ഷിണ സുഡാൻ സുഡാനിൽനിന്നു വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമായത്. ബ്രിട്ടന്റെയും ഈജിപ്തിന്റെയും സംയുക്ത ആധിപത്യത്തിൽനിന്ന് 1956ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടം ജനാധിപത്യം പുലരാത്ത രാജ്യമാണ് സുഡാന്‍.