അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചടിത്തീരുവയില്‍ ഉറച്ചനിലപാടുമായി ചൈന രംഗത്ത്. അമേരിക്കയ്ക്ക് കീഴ്പെടുകയോ ഭീഷണിക്ക് വഴങ്ങുകയോ ചെയ്യില്ലെന്നാണ് ചൈനീസ് വാണിജ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വെല്ലുവിളികളെ നേരിടാന്‍ തയ്യാറാണെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയും പ്രതികരിച്ചു.
അമേരിക്കയോടുള്ള വെല്ലുവിളികള്‍ക്ക് പുറമേ, അമേരിക്കയുമായി വ്യാപാര കരാറുകൾ പരിഗണിക്കുന്ന രാജ്യങ്ങൾക്കും ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരസ്പരമുള്ള കൂടിയാലോചനകളിലൂടെ അമേരിക്കയുമായുള്ള സാമ്പത്തിക, വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്ന എല്ലാ കക്ഷികളെയും ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാരം പരിമിതപ്പെടുത്തുന്നതിനായി മറ്റ് രാജ്യങ്ങൾക്ക് ട്രംപ് തീരുവ ഇളവുകൾ വാഗ്ദാനം ചെയ്തേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുടെ പ്രസ്താവന.
ചൈനയുമായുള്ള വ്യാപാര– വാണിജ്യ ബന്ധങ്ങള്‍ പണയം വച്ച് കരാറിൽ ഏർപ്പെടുന്ന ഏതൊരു കക്ഷിയെയും ചൈന ശക്തമായി എതിർക്കുന്നുവെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. ചൈനയുമായുള്ള വാണിജ്യബന്ധങ്ങൾ കുറയ്ക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് ഇളവുകള്‍ നല്‍കിയേക്കാം എന്ന ഊഹാപോഹങ്ങളെ തുടർന്നാണ് പ്രതികരണം. സാമ്പത്തിക ബലപ്രയോഗമായാണ് ചൈന ഈ നടപടികളെ നോക്കികാണുന്നത്. യുഎസ് ആവശ്യങ്ങൾക്ക് വഴങ്ങുന്ന സര്‍ക്കാരുകളോട് അത് ബുദ്ധിശൂന്യമാണെന്നെന്നും പ്രീണനം സമാധാനം കൊണ്ടുവരില്ലെന്നും ചൈന തുറന്നടിച്ചിട്ടുണ്ട്. പരസ്പരമുള്ള തീരുവകളുടെ കാര്യത്തിൽ എല്ലാ കക്ഷികളും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നിൽക്കണമെന്ന് വിശ്വസിക്കുന്നതായും ചൈന അറിയിച്ചു.
അതേസമയം, മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുക്കുന്ന ചൈന എല്ലാ കക്ഷികളുമായും നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സാഹചര്യം കൈകാര്യം ചെയ്യാൻ കൈകോർക്കാനും ഏകപക്ഷീയമായ ഭീഷണിയെ ഒരുമിച്ച് ചെറുക്കാനും ഒരുങ്ങുകയാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ട്രംപിന്‍റെ ആക്രമണാത്മക തീരുവ നയങ്ങളെ എതിർക്കുന്ന രാജ്യങ്ങളുടെ സഖ്യം കെട്ടിപ്പടുക്കാനാണ് ചൈനയുടെ ശ്രമം. സ്വന്തം അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ തങ്ങള്‍ പ്രാപ്തരാണെന്നും സാമ്പത്തികമായി തിരിച്ചടിക്കാൻ മാത്രമല്ല, അന്യായമായ വ്യാപാര രീതികൾക്കെതിരെ വിശാലമായ നയതന്ത്രം രൂപപ്പെടുത്താനും തയ്യാറാണെന്ന് പ്രസ്താവന സൂചിപ്പിക്കുന്നു.