ഇന്ത്യയിലേക്കുള്ള മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനമെന്ന വിശ്വാസികളുടെ ആഗ്രഹം ബാക്കിയാക്കിയാണ് ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങുന്നത്. എന്നാൽ ഇന്ത്യയ്ക്കും ഇവിടുത്തെ വിശ്വാസി സമൂഹത്തിനും ഫ്രാൻസിസ് മാർപാപ്പയുടെ കാലഘട്ടത്തിന്‍റെ അടയാളപ്പെടുത്തലുകൾ ഏറെയുണ്ട്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷം വീണ്ടുമൊരു മാർപാപ്പ ഇന്ത്യൻ മണ്ണിലേക്ക് എത്തുമെന്ന വിശ്വാസികളുടെ സ്വപ്നം ബാക്കിയാക്കിയാണ് ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങുന്നത്. ഇന്ത്യയുമായുള്ള ഫ്രാൻസിസ് മാർപാപ്പ ബന്ധത്തിന്റെ അടയാളപ്പെടുത്തലുകൾ ഏറെയുണ്ട്. കേരളത്തേയും ഇന്ത്യയേയും ചേര്‍ത്തുപിടിച്ച പാപ്പ ഇന്ത്യസന്ദര്‍ശനത്തിനായി കാത്തിരുന്നു. രണ്ട് സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ഇന്ത്യയിലെ, കേരളത്തിലെ വിശ്വാസസമൂഹത്തിനുള്ള അംഗീകാരമായിരുന്നു ചാവറ കുര്യാക്കോസ് ഏലിയസച്ഛന്‍, ഏവുപ്രാസമ്മ, മറിയം ത്രേസ്യ, ദേവ സഹായ പിള്ള, മദര്‍ തെരേസ എന്നിവരുടെ വിശുദ്ധപദവി.
ഒടുവിൽ ചരിത്ര നിയോഗമായി ജോർജ് ജേക്കബ് കൂവക്കാട് എന്ന വൈദികനെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തിയതും തോമസ് അപ്പസ്തോലന്‍റെ പിന്‍ഗാമികളോടുള്ള ആദരവും പരിഗണനയുമായിരുന്നു. സിറോ മലബാർ സഭയ്ക്കുള്ളിൽ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ കൽപനകൾക്കപ്പുറത്തേക്ക് വിഡിയോയിലൂടെ നേരിട്ട് വിശ്വാസി സമൂഹമായി സംവദിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മാര്‍പാപ്പ സന്നദ്ധനായി.
2018 ലെ പ്രളയകാലത്തും , വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിലും മാർപാപ്പയുടെ ആശ്വാസ സന്ദേശമെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സന്ദര്‍ശത്തിലും ഊന്നിപ്പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദസ്നേഹ ബന്ധത്തെക്കുറിച്ചായിരുന്നു. ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ വത്തിക്കാനിൽ നടത്തിയ സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയത് ഇന്ത്യയുടെ വൈവിധ്യങ്ങളിലേക്ക് ഹൃദയം കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വരവായി ഓർമിക്കപെടും.