റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ ഇതുവരെ രഹസ്യമായി സൂക്ഷിച്ച തന്‍റെ പത്തു വയസു പ്രായമുള്ള മകന്‍ ഇവാന്‍റെ ചിത്രങ്ങള്‍ പുറത്ത്. റഷ്യന്‍ വിരുദ്ധ ടെലഗ്രാം ചാനലായ VChK-OGPU ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പുട്ടിന്‍റെ കാമുകിയെന്നും രഹസ്യഭാര്യയെന്നുമറിയപ്പെടുന്ന പഴയകാല ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് 41കാരി അലീന കബയേവയില്‍ പുടിനുണ്ടായ മകന്‍റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇതാദ്യമാണ് ഇവാൻ വ്‌ളാഡിമിറോവിച്ച് പുടിന്‍ എന്ന പുടിന്‍റെ മകന്‍റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. പൊതുയിടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും ഇവാനെ മറച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. മങ്ങിയതാണെങ്കിലും ഉയർന്ന റെസല്യൂഷനുകളിലുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വലിയ സുരക്ഷയില്‍ പൊതുജനത്തിന്‍റെ കണ്ണില്‍പെടാതെ ഏകാന്ത ജീവിതമാണ് ഇവാന്‍ നയിക്കുന്നതെന്നും കുട്ടിയായിരുന്ന പുടിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവാന്‍ എന്നും ചിത്രം പുറത്തുവിട്ട ടെലഗ്രാം ചാനല്‍ പറയുന്നു.
‘റഷ്യയില്‍ ഏറ്റവും ഏകാന്ത ജീവിതം നയിക്കുന്ന ഒരു രഹസ്യബാലന്‍റെ ചിത്രം VChK-OGPU ന് ലഭിച്ചു. ഇവാൻ വ്‌ളാഡിമിറോവിച്ച് പുടിൻ ആണിത്. അവൻ മറ്റ് കുട്ടികളുമായി വളരെ കുറച്ച് സമയം മാത്രമേ ചിലവഴിക്കുന്നുള്ളൂ. മുഴുവന്‍ സമയവും കനത്ത സുരക്ഷയിലാണ്’ ചിത്രം പങ്കുവച്ച ചാനല്‍ കുറിച്ചു. പരമ്പരാഗത റഷ്യൻ വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രവും മാതാവ് അലീന കബയേവയ്ക്കൊപ്പം നിൽക്കുന്ന ചിത്രവുമാണ് പ്രചരിക്കുന്നത്.
അലീന കബയേവയില്‍ പുടിന് 3 കുട്ടികളുണ്ടെന്ന അഭ്യൂഹം ശക്തമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2015 ൽ സ്വിറ്റ്സർലൻഡിലെ ലുഗാനോയിലുള്ള ഒരു ക്ലിനിക്കിലാണ് ഇവാൻ ജനിച്ചത്. ഡിസ്നി കാർട്ടൂണുകളും ഐസ് ഹോക്കിയുമാണ് ഇവാന് പ്രിയം. എന്നാൽ പുടിൻ ഇവാന്‍റെ ഡിസ്നി കാർട്ടൂണുകളോടുള്ള ഇഷ്ടത്തെ എതിര്‍ത്തതായും പറയപ്പെടുന്നു. ഇവാന്‍റെ ഇളയ സഹോദരൻ വ്‌ളാഡിമിർ ജൂനിയർ 2019 ൽ മോസ്കോയിലാണ് ജനിച്ചത്. രണ്ട് ആൺകുട്ടികളും മോസ്കോയ്ക്കടുത്തുള്ള ബംഗ്ലാവില്‍ തന്നെയാണ് വളരുന്നതെന്നാണ് കരുതുന്നത്. അതേസമയം അലീന കബേവയുമായി തനിക്ക് കുട്ടികളുണ്ടെന്ന് പുടിൻ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പുടിന് മുൻ ഭാര്യ ല്യൂഡ്‌മിലയിൽ രണ്ട് പെൺമക്കളും, മുൻ കാമുകി സ്വെറ്റ്‌ലാന ക്രിവോനോഗിയിൽ മറ്റൊരു രഹസ്യ മകളുമുണ്ട്.