ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തശേഷം കൂടുതല്‍പേരും തിരഞ്ഞത് കാമര്‍ലെങ്ഗോ ആരെന്നാണ്. നിലവില്‍ ഐറീഷ് വംശജനായ കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ ആണ് കാമര്‍ലെങ്ഗോ. 2016ല്‍ ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 2019മുതല്‍ കാമര്‍ലെങ്ഗോ കര്‍ദിനാള്‍ ആയി പ്രവര്‍ത്തിക്കുന്നു. പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള കര്‍ദിനാള്‍ ആണ് 77 കാരനായ കര്‍ദിനാള്‍ കെവിന്‍ ഫാരല്‍.
എന്താണ് കാമര്‍ലെങ്ഗോയുടെ ഉത്തരവാദിത്തങ്ങള്‍ ?
വത്തിക്കാനിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥ പദവിയാണ് കാമര്‍ലെങ്ഗോ. മുറിയുടെയും ഭണ്ഡാരത്തിന്റെയും സൂക്ഷിപ്പുകാരന്‍ ആണ് കാമര്‍ലെങ്ഗോ. അപ്പസ്തോലിക സിംഹാസനം ശൂന്യമാകുമ്പോള്‍, അതായത് പാപ്പ കാലംചെയ്തുകഴിയുമ്പോള്‍ അപ്പസ്തോലിക സിംഹാസനത്തിന്റെ ഭരണം അവകാശങ്ങളുടെ സംരക്ഷണം എന്നിവ ക്രമീകരിക്കുക, അത് ഉറപ്പുവരുത്തുക ഇതാണ് പ്രധാന ഉത്തരവാദിത്തം. ഒപ്പം അപ്പസ്തോലിക ഭവനത്തിന്റെയും വസ്തുവകകളുടെയും മേല്‍നോട്ടവും നടത്തിപ്പും കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തവും കാമര്‍ലെങ്ഗോയ്ക്കാണ്.
കാമര്‍ലെങ്ഗോ എന്ന വാക്ക് എവിടെ നിന്ന് ?
മുറി, ചേംബര്‍ എന്ന് അര്‍ഥം വരുന്ന കാമറ എന്ന ലത്തീന്‍ വാക്കില്‍ നിന്ന് രൂപംകൊണ്ട കാമെറാറിയുസ് എന്ന വാക്കില്‍ നിന്നാണ് കാമര്‍ലെങ്ഗോ എന്ന ഇറ്റാലിയന്‍ വാക്ക് രൂപമെടുത്തത്. പോപ്പിന്റെ മരണം സ്ഥിരീകരിക്കേണ്ടതും തുടര്‍ന്ന് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതുവരെ ചടങ്ങുകളുടെ ക്രമീകരണം നടത്തേണ്ടതും കാമര്‍ലെങ്ഗോയാണ്.
ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുമെങ്കിലും പരമ്പരാഗത രീതിയനുസരിച്ച് ഒദ്യോഗിക സ്ഥിരീകരണം നടത്തേണ്ടത് കാമര്‍ലെങ്ഗോയാണ്. പോപ്പിന്റെ പേര് മൂന്നുവട്ടം വിളിക്കും, ഒരു ചെറിയ വെള്ളി ചുറ്റിക കൊണ്ട് മൂന്നുവട്ടം നെറ്റിയില്‍ മൃദുവായി മുട്ടും. ഇതിനുശേഷമാണ് പാപ്പ മരിച്ചതായി കര്‍ദിനാള്‍ സംഘത്തെ കാമര്‍ലെങ്ഗോ അറിയിക്കുക. പോപ്പിന്റെ മുദ്രമോതിരം ഉടച്ചുകളയും. ഭരണകാലം അവസാനിച്ചതിന്റെ സൂചകമായിട്ടാണിത്. ഒപ്പം മുദ്രമോതിരം ദുരുപയോഗം ചെയ്യാതിരിക്കാനും. ഔദ്യോഗിക രേഖകള്‍ മുദ്രവയ്ക്കുന്ന സീലുകളും നശിപ്പിക്കും . ഒപ്പം പാപ്പയുടെ ഓഫിസ് മുറി പൂട്ടി സീല്‍ വയ്ക്കും. ഇതും ഭരണകാലം കഴിഞ്ഞെന്ന് അറിയിക്കാനും രേഖകളും സീലുകളും ദുരുപയോഗം ചെയ്യാതിരിക്കുന്നതിനുമാണിത്.
പിന്നീട് മരണാന്തരചടങ്ങിന്റെ തിയതിയും ചടങ്ങുകളും തീരുമാനിക്കുന്നതും ക്രമീകരിക്കുന്നതും കാമര്‍ലെങ്ഗോയാണ്. പേപ്പല്‍ കോണ്‍ക്ലേവ് കൂടുന്നതിനുള്ള ക്രമീകരണങ്ങളും നടത്തേണ്ടതും കാമര്‍ലെങ്ഗോയാണ്. പേപ്പല്‍ കോണ്‍ക്ലേവിന് എത്തുന്ന കര്‍ദിനാള്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കേണ്ടതും കാമര്‍ലെങ്ഗോയാണ്.