ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കൊച്ചുകുട്ടികളിലും വരെ നര കണ്ടുവരാറുണ്ട്. ഇതിന് പരിഹാരമെന്നോണം പരസ്യങ്ങളില്‍ കാണുന്ന പെയര്‍ ഓയിലുകളും ഹെയര്‍ ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇത് രയ കൂടാനും ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളും സൃഷ്ടിച്ചേക്കാം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്‍റുകള്‍ വാങ്ങിക്കഴിക്കുന്നവരും നിരവധിയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദമാണ് ഉത്തമം. അകാലനരയെ പൂര്‍ണമായും ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദകൂട്ടുകള്‍ പരിചയപ്പെടാം.
കറിവേപ്പില
കേശസംരക്ഷണത്തിന് ഏറ്റവും മികച്ച പ്രകൃതിദത്തമാര്‍ഗങ്ങളില്‍ ഒന്നാണ് കറിവേപ്പില. അല്‍പം കറിവേപ്പില എടുത്ത് എണ്ണയിലിട്ട് നല്ലപോലെ തിളപ്പിക്കുക. കറിവേപ്പില നന്നായി അലിഞ്ഞ് ചേരും വിധം വേണം തിളപ്പിക്കാന്‍. ഈ എണ്ണ ചൂടാറിയ ശേഷം തലയില്‍ തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 45 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുടി നന്നായി വളരാനും അകാല നര അകറ്റാനും ഈ എണ്ണ സഹായിക്കും. ബാക്കി എണ്ണ എടുത്ത് സൂക്ഷിച്ചുവച്ചാല്‍ ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ ഇപ്രകാരം ഉപയോഗിക്കാം.
മൈലാഞ്ചി ഇല
നരച്ചമുടിക്ക് പരിഹാരമെന്നോണം പാര്‍ലറില്‍ പോയി ഹെന്ന ചെയ്യുന്നവര്‍ നിരവധിയാണ്. വിപണിയില്‍ നിന്നും ലഭിക്കുന്ന ഹെന്ന പൗണ്ടറും ഉപയോഗിക്കുന്നരുണ്ട്. എന്നാല്‍ നമ്മുടെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന മൈലാഞ്ചിച്ചെടി തന്നെ ധാരാളമാണ് വീട്ടിലിരുന്ന് കൊണ്ട് തന്നെ ഹെന്ന തയ്യാറാക്കാന്‍. അതിനായി മൂന്ന് ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ആവശ്യത്തിന് മൈലാഞ്ചി അരച്ചത് എന്നിവയാണ് ആവശ്യമുളള സാധനങ്ങള്‍. ഇവയെല്ലാം യോചിപ്പിച്ച് നല്ലൊരു മിശ്രിതം ആക്കുക. എന്നിട്ട് നല്ലപോലെ തലയില്‍ തേച്ചുപിടിപ്പിക്കുക. അരമുക്കാല്‍ മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇപ്രകാരം ചെയ്താല്‍ വളരെ ഈസിയായി അകാലനര അകറ്റാം.
നെല്ലിക്ക
ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് നെല്ലിക. നിരവധി ആരോഗ്യഗുണങ്ങള്‍ നെല്ലിക്കക്കുണ്ട്. മുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഉത്തമമാണെന്ന് പറയുന്ന പോലെ നര അകറ്റാനും നെല്ലിക്ക മികച്ചതാണ്. ഒരു പാത്രത്തില്‍ അല്‍പം വെളിച്ചെണ്ണയെടുത്ത് അതിലേക്ക് ഒരു നെല്ലിക്ക ചെറുകഷ്ണങ്ങളാക്കി അരിഞ്ഞിടുക. നെല്ലിക്കയുടെ സത്ത് പൂര്‍ണമായും വെളിച്ചെണ്ണയില്‍ അലിയും വരെ എണ്ണ തിളപ്പിക്കുക. ശേഷം എണ്ണ ചൂടാറാന്‍ വയ്ക്കുക. ആഴ്ച്ചയില്‍ രണ്ടുവട്ടം ഈ എണ്ണ ഉപയോഗിക്കാം. അകാലനരയ്ക്ക് ഉത്തമമാണ് ഈ എണ്ണ.
ഉളളിനീര്
ഏത് സമയത്തും വീട്ടിലുണ്ടാകുന്നതും നമുക്ക് പേടിക്കാതെ എടുത്ത് ഉപയോഗിക്കാവുന്നതുമായ ഒന്നാണ് ഉളളി. ഉളളിനീര് നേരിട്ട് തലയില്‍ തേയ്ക്കാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇങ്ങനെ ആഴ്ച്ചയില്‍ 2 വട്ടം ചെയ്താല്‍ മുടി നല്ലുപോലെ വളരുകയും നര പാടെ ഇല്ലാതാകുകയും ചെയ്യും. അകാലനരയ്ക്കായി ആയുര്‍വേദ മാര്‍ഗങ്ങളെ ആശ്രയിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കുക.