കുവൈത്തിലെ തീപിടിത്തത്തിൽ മരണം 50 ആയിരിക്കുകയാണ്. ദിവസേന വാർത്തകളിൽ തീപിടിത്തം ഇടംപിടിക്കുന്നുമുണ്ട്. പൊള്ളലേറ്റുള്ള മരണങ്ങള്‍ പലരുടെയും മനസിൽ ഭീതി നിറക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പൊള്ളലേറ്റാൽ ചെയ്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
പൊള്ളലേറ്റ ഭാഗത്ത് തൊടാൻ പാടില്ലെന്നതാണ് ആദ്യത്തെ കാര്യം. പൊള്ളലേറ്റാൽ ആ ഭാഗം തണുത്ത വെള്ളമൊഴിച്ച് കഴുകണം. പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങളോ ബെൽറ്റോ വാച്ചോ മറ്റോ ഉണ്ടെങ്കിൽ ഈരി മാറ്റുക. പൊള്ളലിൽ പേസ്റ്റോ മറ്റ് മരുന്നുകളോ പുരട്ടരുത്. പൊള്ളൽ മൂലം ഉണ്ടായ കുമിളകള്‍ കുത്തിപൊട്ടിക്കരുത്. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്തുക്കള്‍ വലിച്ചെടുക്കാൻ നോക്കരുത്. പൊള്ളിയ ഭാഗം വൃത്തിയുള്ള തുണി ഉപയോഗിച്ച് മൂടുക. പൊള്ളലേറ്റയാളെ വേഗം ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക.
എല്ലാ പൊള്ളലുകള്‍ക്കും ഡോക്ടറെ കാണേണ്ട ആവശ്യമില്ല. ചർമ്മവ്യാപ്‌തിയുടെ 5 ശതമാനത്തിലധികമുള്ള പൊള്ളൽ, കൈകൾ, മുഖം, കണ്ണ്, ചെവി, കാൽപ്പാദം, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിലെ പൊള്ളൽ, വൈദ്യുതാഘാതം മൂലമുള്ള പൊള്ളൽ, ആസിഡുകൾ, ക്ഷാരങ്ങൾ എന്നിവകൊണ്ടുള്ള പൊള്ളൽ, പൊള്ളലേറ്റ ആൾക്ക് ശ്വാസതടസമോ ഷോക്കിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, പൊള്ളലേറ്റ ഭാഗത്ത് വേദന, അണുബാധ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടാൽ മതിയാകും.
തീപൊള്ളൽ മാത്രമല്ല, പുകയും പ്രശ്നക്കാരനാണ്. പുകയിൽ നിന്നുയരുന്ന കാർബണ്‍ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുകയും കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതു മരണത്തിന് വരെ കാരണമാകും. പുകയിൽ അടങ്ങിയ അമോണിയ, സൾഫർ ഡയോക്സൈഡ് എന്നിവയും ശരീരത്തിനു ഹാനികരമാണ്.
പുക ശ്വസിക്കുന്നതു കുറയ്ക്കാൻ നനഞ്ഞ തുണി ഉപയോഗിച്ചു മൂക്കും വായും മറയ്ക്കണം. മുറിക്കുള്ളിലാണു പുകയെങ്കിൽ എത്രയും വേഗം ജനലും വാതിലും തുറക്കണം. പുകയ്ക്കു വായുവിനെക്കാൾ ഭാരം കുറവായതിനാൽ പെട്ടെന്നുതന്നെ മുകളിലേക്ക് ഉയരും. അതിനാൽ എഴുന്നേറ്റു നിൽക്കാതെ തറയോടു ചേർന്ന് കുനിഞ്ഞിരിക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ചെയ്താൽ നല്ല വായു ശ്വസിക്കാനാകും. കാഴ്ചയും വ്യക്തമാകും.