സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും ഒരു മരണം കൂടി. കണ്ണൂര്‍ സ്വദേശിനിയായ പതിമൂന്നുകാരിയാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. കടുത്ത തലവേദനയും ചര്‍ദ്ദിയും മൂലം കുട്ടിയെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയിലിരിക്കെ തന്നെ ജൂണ്‍ 12ന് കുട്ടി മരിച്ചു. പരിശോധനാഫലം വന്നപ്പോഴാണു അമീബിക് മസ്തിഷ്ക ജ്വരം ബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഒരാള്‍ കൂടി ഗുരുതര ലക്ഷണങ്ങളോടെ കോഴിക്കോട് ചികില്‍സയിലുണ്ട്.
സ്കൂളില്‍ നിന്നും പഠനയാത്രയുടെ ഭാഗമായി മൂന്നാറിലേക്ക് പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാകാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്ന് മൂന്നരമാസത്തിന് ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സാധാരണഗതിയില്‍ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസം കൊണ്ടു രോഗലക്ഷണങ്ങൾ കാണുകയും ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും അമീബിക് മസ്തിഷ്ക ജ്വരത്തെ അപകടകാരിയാക്കുന്നത്.
പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപ്പെടുന്ന അത്യപൂർവമായ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. തലച്ചോറ് തിന്നുന്ന അമീബ എന്നറിയപ്പെടുന്ന നെഗ്ലേരിയ ഫൗലെറിയാണ് ഈ രോഗത്തിന് പിന്നില്‍. ആഴം കുറഞ്ഞ ഉഷ്ണശുദ്ധ ജലാശയങ്ങളില്‍ കാണപ്പെടുന്ന അമീബയാണ് നെഗ്ലേരിയ ഫൗലെറി. തടാകങ്ങള്‍, പുഴകള്‍, നീരുറവകള്‍, അരുവികള്‍ എന്നിവയിലൊക്കെ ഇവയുണ്ടാകും. അപൂര്‍വമായി വൃത്തി കുറഞ്ഞ നീന്തല്‍ക്കുളങ്ങളിലും കാണാറുണ്ട്. ഏക കോശ ജീവിയായ നെഗ്ലേരിയ ഫൗലെറിക്ക് പറ്റിപ്പിടിച്ച് വളരാന്‍ ഹോസ്റ്റിന്റെ ആവശ്യമില്ല. വെള്ളത്തിന് ചൂടുകൂടുന്ന സമയങ്ങളിലാണ് ഇവ സജീവമാകുന്നത്. 46 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള ഇടങ്ങളില്‍ ഇവ നന്നായി വളരും. ഉപ്പുരസമുള്ളിടത്ത് നെഗ്ലേരിയ ഫൗലെറിക്ക് നിലനില്‍ക്കാനാവില്ല. വലിപ്പം തീരെയില്ലാത്തതിനാല്‍ മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാനാകൂ.
അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്?
കേന്ദ്രനാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന അത്യന്തം മാരകമായ അവസ്ഥയാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്. നെഗ്ലേരിയ ഫൗലെറി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് രോഗാവസ്ഥ ഉണ്ടാകുന്നത്. തലച്ചോറില്‍ വീക്കമുണ്ടാകുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും. ആര്‍ക്കുവേണമെങ്കിലും രോഗം വരാം. പക്ഷേ പ്രതിരോധശേഷി കുറഞ്ഞവര്‍, തുടര്‍ച്ചയായി മൂക്കിലും സൈനസ് ഗ്രന്ഥിയിലും അണുബാധ ഉണ്ടാകാറുള്ളവര്‍, ഉഷ്ണ ജലാശയങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
രണ്ടുരീതിയില്‍ അമീബിക് മസ്തിഷ്ക ജ്വരം കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ മാത്രം രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി റേറ്റ്. സാധാരണഗതിയില്‍ അണുബാധയുണ്ടായി രണ്ടാഴ്ച്ചക്കുളളില്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, ശക്തമായ തലവേദന, മനംപുരട്ടലും ഛര്‍ദിയും വിറയല്‍ എന്നിവയാണ് തുടക്കത്തില്‍ ഉണ്ടാവുക. തുടര്‍ന്ന് സ്റ്റിഫ് നെക്ക് അഥവാ കഴുത്ത് വരിഞ്ഞുമുറുകുന്ന അവസ്ഥ മുതല്‍ വെളിച്ചത്തോടുള്ള പേടി, ആശയക്കുഴപ്പം, മതിഭ്രമം, കോമ എന്നിവ വരെയെത്തും ലക്ഷണങ്ങള്‍. കടുത്ത ലക്ഷണങ്ങളിലേക്കെത്തിയാല്‍ അഞ്ചുദിവസത്തിനകം മരണം സംഭവിക്കാമെന്ന് യുഎസ് ആരോഗ്യ ഏജന്‍സികള്‍ പറയുന്നു.
രോഗം പിടിപെടുന്നതെങ്ങനെ?
ഉഷ്ണ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെയാണ് രോഗവാഹിയായ അമീബ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്. നീന്തല്‍, ഡൈവിങ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ എന്നിവയിലേര്‍പ്പെടുമ്പോള്‍, അമീബ വെള്ളത്തിൽ ഉള്ളപക്ഷം അണുബാധയ്ക്ക് സാധ്യതയുണ്ട്. നെഗ്ലേരിയ ഫൗലെറി അമീബയുടെ സാന്നിധ്യം ഉള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുകയോ ചെയ്താലും മൂക്കിലൂടെ ഇവ ഉള്ളിലെത്തും. വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒല്‍ഫാക്ടറി ഞരമ്പ് വഴിയാണ് അമീബ മൂക്കില്‍ നിന്ന് തലച്ചോറിലേക്ക് എത്തുന്നത്. ഇതോടെ പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന പിടിപെടും.
രോഗാണുബാധ എങ്ങനെ കണ്ടെത്തും?
ലക്ഷണങ്ങള്‍ ഉറപ്പിച്ചാല്‍ നട്ടെല്ലില്‍ നിന്ന് സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് കുത്തിയെടുത്ത് പരിശോധിക്കുകയാണ് പ്രധാന നടപടി. ഈ സാംപിളില്‍ അമീബ കോശങ്ങളുടെ സാന്നിധ്യം, ഗ്ലൂക്കോസ് ലെവല്‍, പലതരം പ്രോട്ടീനുകളുടെയും ശ്വേത രക്താണുക്കളുടെയും തോത് എന്നിവയാണ് പരിശോധിക്കുന്നത്. രോഗം ഉറപ്പിച്ചാല്‍ ആന്റി ഫംഗല്‍ ആംഫൊട്ടെറിസിന്‍ ബി മരുന്നുകള്‍ ഉപയോഗിച്ച് ചികില്‍സ നല്‍കും. തലച്ചോറിലെ വീക്കം കുറയ്ക്കാന്‍ ശരീരതാപനില കുറച്ചുനിര്‍ത്തേണ്ടതും ആവശ്യമാണ്. അണുബാധ എത്രയും നേരത്തേ തിരിച്ചറിയുകയാണ് ചികില്‍സ ഫലപ്രദമാകാന്‍ വേണ്ട പ്രാഥമിക ഘടകം.
അപകട സാധ്യത
അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ഗുരുതരമായാല്‍ 97 ശതമാനം വരെയാണ് മരണ നിരക്ക്. 1965ല്‍ ഓസ്‌ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറിയെ കണ്ടെത്തിയത്. ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഈ അമീബയുടെ സാന്നിധ്യമുണ്ട്്. 2015 വരെ ഇന്ത്യയിൽ 16 പേർക്ക് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അണുബാധയുടെ തോത് തീരെ കുറവാണ് എന്നത് മാത്രമാണ് ആശ്വാസം. 2009നും 2018നുമിടയില്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത് 34 കേസുകള്‍ മാത്രം. എന്നാല്‍ അവിടെ 1962നും 2021നുമിടയില്‍ രോഗം ബാധിച്ച 154 പേരില്‍ നാല് പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ള എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
എങ്ങനെ പ്രതിരോധിക്കാം?
പ്രതിരോധം മാത്രമാണ് ഈ മാരക രോഗത്തില്‍ നിന്ന് രക്ഷപെടാനുള്ള ഏറ്റവും നല്ല വഴി. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നത് തന്നെയാണ്.