leptospirosis

TOPICS COVERED

സംസ്ഥാനത്ത് വീണ്ടും എലിപ്പനി പടരുകയാണ്. ഈ വര്‍ഷം ഇതുവരെ 2381 പേരാണ് ചികില്‍സ തേടിയത്. 144 പേര്‍ മരിച്ചു. കൃത്യമായ ചികില്‍സയിലൂടെയും മുൻകരുതലുകൾ എടുത്തും എലിപ്പനിയെ പ്രതിരോധിക്കാം.

എലിപ്പനി പടരുന്നതെങ്ങനെ?

ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിൽപ്പെട്ട 260ൽപ്പരം ബാക്ടീരിയകളാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് പരത്തുന്നത്. മനുഷ്യരിലും മൃഗങ്ങളിലും എലിപ്പനി ജീവഹാനിക്ക് കാരണമാകാറുണ്ട്. പേരുപോലെ എലികളാണ് രോഗം പരത്തുന്നത്. എലികളുടെ വൃക്കയില്‍ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകള്‍ അവയുടെ മൂത്രത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. എലിമൂത്രം കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മുറിവുകളിലൂടെയോ ഉള്ളില്‍ കടക്കുന്നതോടെയാണ് രോഗബാധയുണ്ടാകുന്നത്. 

പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്യുന്നവര്‍, മൃഗങ്ങളുടമായി അടുത്തിടപഴകുന്നവര്‍, കശാപ്പുശാലകളിലെ ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, കുളത്തിലും മറ്റ് പൊതുസ്ഥലങ്ങളിലും കുളിക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. 

രോഗ ലക്ഷണങ്ങള്‍

കടുത്ത പനി, തലവേദന, പേശിവേദന, കണ്ണ് ചുവന്നുതടിക്കല്‍, മൂക്കിലൂടെ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എലിപ്പനി ബാധിക്കുന്ന എല്ലാവരിലും ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷമായെന്ന് വരില്ല. പത്ത് ശതമാനത്തില്‍ താഴെ ആളുകളില്‍ മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. രോഗാണു ഉള്ളില്‍ കടന്നാല്‍ പ്രതിരോധ ശക്തി അനുസരിച്ച് രോഗ തീവ്രത ഏറിയും കുറഞ്ഞും അനുഭവപ്പെടാം. 

രോഗനിര്‍ണയം

രക്തവും മൂത്രവും പരിശോധിക്കുന്നതിലൂടെ കൃത്യമായ രോഗനിര്‍ണയം സാധ്യമാണ്. എലിപ്പനിയുടെ അണുക്കള്‍ രോഗത്തിന്‍റെ ആദ്യഘട്ടത്തില്‍ രക്തത്തിലും രോഗബാധയേറി വരുന്നതനുസരിച്ച് മൂത്രത്തിലും കാണാറുണ്ട്. 

എലിപ്പനി ബാധിച്ചാല്‍ സ്വയം ചികില്‍സ പാടില്ല. പാരസെറ്റമോൾ കഴിച്ച് എലിപ്പനി തുരത്താമെന്ന് കരുതരുത്. കൃത്യമായ രോഗം നിര്‍ണയം അസുഖം ഭേദമാക്കാനുള്ള സാധ്യതകളും വര്‍ധിപ്പിക്കും.

വേണം പ്രതിരോധം

അണുബാധയുള്ള മൃഗങ്ങളുടെ മൂത്രം ശരീരഭാഗങ്ങളിൽ പുരളുകയാണെങ്കിൽ ഉടൻ സോപ്പിട്ട് കഴുകി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. രോഗബാധയുള്ള മൃഗങ്ങളുടെ പാൽ കൈയിലോ മറ്റ് ശരീരഭാഗങ്ങളിലോ വീണാലും അണുനാശിനികള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പശു, ആട്, എരുമ, ചെമ്മരിയാട്, നായ എന്നീ വളര്‍ത്തുമൃഗങ്ങളിലാണ് സാധാരണയായി എലിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ഭേദമായ മൃഗങ്ങളുടെ മൂത്രത്തിൽ മൂന്ന് മാസം വരെ എലിപ്പനിയുടെ അണുക്കള്‍ ഉണ്ടാകും.

കുടിവെള്ള സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്കും ശുദ്ധമായ വെള്ളം വേണം നല്‍കാന്‍. കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാന്‍ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുകളുണ്ടെങ്കില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി പൂര്‍ണമായും തടയാന്‍ കഴിയും.

ENGLISH SUMMARY:

Kerala reports 2381 leptospirosis cases. Causes, symptoms and treatment.