AI Image

AI Image

മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ഉഷ്ണവായുവില്‍ നിന്നും പൊടുന്നനവേ ശീതകാലാവസ്ഥയിലേക്ക് മാറുമ്പോള്‍ ശരീരം പൊരുത്തപ്പെടാന്‍ കുറച്ചധികം സമയമെടുക്കും. ഈ കാലത്ത് പലതരം അസ്വസ്ഥതകളും പ്രത്യക്ഷമാകും. അലര്‍ജിയിലാകും തുടക്കം. സൈനസൈറ്റിസുള്ളവര്‍ക്ക് പ്രത്യേകിച്ചും. സാധാരണയായി ശരീരത്തിനുള്ളിലേക്ക് പൊടിപടലങ്ങളും മറ്റ് വസ്തുക്കളും മൂക്കിലൂടെ കടക്കുന്നത് ചെറുരോമങ്ങളും, മൂക്കിലെ സ്രവങ്ങളും തടയുന്നു. എന്നാല്‍ മഴക്കാലത്ത് ഇതത്ര ഫലപ്രദമാകണമെന്നില്ല. പുറത്ത് നിന്നും ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമെല്ലാം എളുപ്പത്തില്‍ ശരീരത്ത ഇതോടെ കീഴടക്കിയേക്കാം. ഇതിന്‍റെ ഫലമായി സൈനസില്‍ തടസമുണ്ടാവുകയും ക്രമേണെ സൈനസൈറ്റിസായി രൂപപ്പെടുകയും ചെയ്യും. 

sinas-man

പ്രതീകാത്മക ചിത്രം

എന്താണ് സൈനസൈറ്റിസ്?

മൂക്കിന് ചുറ്റുമുള്ള അസ്ഥികളിലെ വായു നിറഞ്ഞ അറകളാണ് സൈനസ്. ഈ അറകളുടെ ഭിത്തിയില്‍ നിന്നുള്ള കഫം സദാ സൈനസിലെ സുഷിരം വഴി മൂക്കിലേക്കെത്തിക്കൊണ്ടിരിക്കും. ഇതില്‍ തടസം സംഭവിക്കുന്നതോടെ കഫം അവിടെ കെട്ടിക്കിടക്കുകയും പഴുപ്പുണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. 

ശരീരത്തിന്‍റെ പ്രതിരോധ ശേഷി മഴക്കാലത്ത് പൊതുവേ ദുര്‍ബലമായിരിക്കും. അതുകൊണ്ട് തന്നെ മൂക്കിലും സൈനസിലും അണുബാധയുണ്ടാകാനുള്ള സാധ്യതയുമേറും. സൈനസില്‍ നിന്നും മൂക്കിലേക്കുള്ള സുഷിരങ്ങളില്‍ ബാക്ടീരിയകളും വൈറസുകളും കയറുന്നതോടെ സൈനസൈറ്റിസുണ്ടാവുകയും മൂക്കൊലിപ്പും, മൂക്കിനും ചെവിക്കും ചുറ്റും വേദനയും തലവേദനയും ആരംഭിക്കുകയും ചെയ്യും. 

IRAN-HEALTH/

അവിചാരിതമായി മഴ നനയുന്നതും സൈനസൈറ്റിസിന് കാരണമായേക്കാം. ശരീരത്തിലെ താപനില പെട്ടെന്ന് താഴുന്നതോടെ അണുക്കള്‍ വളരെ വേഗത്തില്‍ ശരീരത്തെ ആക്രമിക്കുകയും ഇത് സൈനസൈറ്റിസില്‍ കലാശിക്കുകയുമാണ് ചെയ്യുന്നത്. ഫംഗസുകള്‍ കാരണമുണ്ടാകുന്ന സൈനസൈറ്റിസ് അല്‍പം അപകടകാരിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സൈനസിലെത്തുന്ന ഫംഗസുകള്‍ അവിടെ നിന്ന് കണ്ണിലേക്കും , തലച്ചോറിലേക്കും ശ്വാസകോശത്തിലേക്കും വരെ എത്തിയേക്കാം. 

ലക്ഷണങ്ങള്‍

തുമ്മല്‍, മൂക്കൊലിപ്പ്, തലവേദന, മൂക്കടപ്പ്, ചെവിയ്ക്കും മൂക്കിനും ചുറ്റുമായി തുടര്‍ച്ചയായ വേദന അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. കൃത്യമായ ചികില്‍സയിലൂടെ രോഗം ഗുരുതരമാകുന്നത് ഒഴിവാക്കാനും അണുബാധയില്‍ നിന്നും മുക്തി നേടാനും സാധിക്കും. 

വേണം കരുതല്‍

  • മഴക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ കുടയോ, മഴക്കോട്ടോ കരുതുക. 
  • തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
  • വീടിനകം പൊടിപടലങ്ങളില്ലാതെ വൃത്തിയായി സൂക്ഷിക്കണം .
  • വ്യക്തിശുചിത്വം പാലിക്കണം.
  • ധാരാളം വെള്ളം കുടിക്കണം, പോഷകസമൃദ്ധമായ ആഹാരം കഴിക്കണം.
  • വീടിനുള്ളില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ലഘുവ്യായാമങ്ങള്‍ ശീലമാക്കണം.
  • അണുബാധയുണ്ടായതായി സംശയം തോന്നിയാല്‍ വൈദ്യസഹായം തേടണം.
ENGLISH SUMMARY:

How to prevent sinusitis during monsoon. By taking preventive measures and seeking timely medical help, one can enjoy the rains without compromising on health.