nipah-virus

നിപ ബാധിച്ചുള്ള മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും നിപയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്ങും സജീവമായി. ഇതോടെ ജനങ്ങളില്‍ നിപ വ്യാപനത്തെ കുറിച്ചുള്ള ആശങ്കകളും നിരവധിയാണ്. 2018 മുതല്‍ കേരളത്തിൽ ഇതിനകം നാലുതവണയാണ് നിപ രോഗബാധയുണ്ടായത്.

nipha-kerala

പ്രധാനമായും പഴം തീനി വവ്വാലുകളാണ് നിപ വൈറസ് പടര്‍ത്തുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ അതായത് വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുന്നത് വഴിയോ, വവ്വാലുകളിൽ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് വൈറസ് ബാധ എത്താം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം

നിപ വൈറസ്

ആർ.എൻ.എ. വൈറസുകളിൽ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളിൽ ഒന്നായിട്ടാണ് നിപ വൈറസിനെ വർഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആർ നടത്തിയ പഠനങ്ങൾ പ്രകാരം കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികൾ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയിൽ നിന്നും അതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവർത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാൽ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമർഹിക്കുന്നു.

രോഗലക്ഷണങ്ങൾ

നിപ വൈറസ് ശരീരത്തിലെത്തിയാല്‍ 4 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണ്ടിവരും. ലക്ഷണങ്ങളുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവര്‍ക്ക് വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്. രോഗിയുമായി അടുത്ത് സമ്പർക്കത്തിൽ ഏര്‍പ്പെടേണ്ടി വന്നാല്‍ എൻ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാവുന്നതാണ്.

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാനെടുക്കുന്ന കാലയളവ് 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ എന്നിവയും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

nipah-testing

നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളിൽ പനിയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒരു ലക്ഷണമെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗി ഉപയോഗിക്കുന്ന വസ്തുക്കളും സാമഗ്രികളും പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും വേണം. 

രോഗിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പർക്കത്തിൽ വന്നവരും, അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോൺ മുഖാന്തരം വിവരമറിയിക്കുകയും വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പർക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്രയും സമയം വീട്ടിൽ തന്നെ കഴിയുകയും വേണം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തുന്നതാണ്.

രോഗസ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗചികിത്സ

രോഗം വളരെ നേരത്തെ കണ്ടെത്താൻ കഴിയുന്ന രോഗികളിൽ അതിൽത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരിൽ ആന്റിവൈറൽ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഉപവിഭാഗത്തിൽ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാൽ കൂടുതൽ ആളുകൾ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

nipah-testing

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

1. മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.

2 .ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

3. പനിയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

4.  രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

5. വവ്വാലുകള്‍ കഴിക്കുന്ന തരത്തിലുള്ള മാമ്പഴം, വാഴപ്പഴം, പേരക്ക, ആത്തപ്പഴം എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം.

6. വവ്വാൽ കടിച്ചതായി സംശയിക്കുന്ന പഴങ്ങൾ, അവയുടെ വിസർജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ വന്നാൽ കൈകൾ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

7. വവ്വാലുകൾ വളർത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.

രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.

2.രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക

3.സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

ENGLISH SUMMARY:

Nipah virus is a bat-borne, zoonotic virus that causes Nipah virus infection in humans and other animals, a disease with a very high mortality rate