അന്തരീക്ഷത്തില്‍ ഈർപ്പം കൂടുന്നതാണ് മൺസൂണിന്‍റെ പ്രത്യേകത. ഉയർന്ന ഈർപ്പം ശരീരത്തിന്‍റെ താപനില ഫലപ്രദമായി നിയന്ത്രിക്കുന്നത് വെല്ലുവിളിയാക്കുകയും ഇത് നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും. ഇത് പലരിലും മൈഗ്രെയിനിനുള്ള ട്രിഗര്‍ ആകാറുണ്ട്. പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളുടെ മിശ്രിതമാണ് മൈഗ്രേനുകൾക്ക് കാരണം. ചിലര്‍ക്ക് സീസണ്‍ മൈഗ്രെയ്നുകളും സംഭവിക്കാറുണ്ട്. സൂര്യപ്രകാശം, മണ്‍സൂണ്‍ എന്നുതുടങ്ങി ഉറക്കക്കുറവ് വരെ കാരണങ്ങളുടെ പട്ടികയിലുണ്ട്. മൈഗ്രേൻ ബാധിതരിൽ ശരീരത്തിന്‍റെ ചില ഇന്ദ്രിയങ്ങള്‍ പ്രത്യേകിച്ച് കാഴ്ച വളരെ സെന്‍സിറ്റീവ് ആണ്. അതുകൊണ്ടാണ് കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും മൈഗ്രെയ്ന് വഴി തുറന്നുകൊടുക്കുന്നത്. മഴക്കാലം തലവേദനയാകാതിരിക്കാന്‍ ചില കരുതലുകളും അറിവുകളും ഫലം ചെയ്തേക്കും.
ആവശ്യത്തിന് വെള്ളം
ധാരാളം വെള്ളം കുടിക്കുക, സൂര്യപ്രകാശം കണ്ണിലേക്ക് കടക്കുന്നത് ഒഴിവാക്കുക, ഉറക്കത്തിന്‍റെയും ഭക്ഷണത്തിന്‍റെയും സമയക്രമം പാലിക്കുക എന്നിവ മൈഗ്രെയ്നെ തടയാന്‍ അത്യാവശ്യമാണ്. അമേരിക്കൻ മൈഗ്രെയ്ൻ ഫൗണ്ടേഷന്‍റെ അഭിപ്രായത്തിൽ, മൈഗ്രെയ്ൻ ഉള്ളവരിൽ മൂന്നിലൊന്ന് പേര്‍ക്കും നിർജ്ജലീകരണം ഒരു ട്രിഗർ ആണെന്ന് അഭിപ്രായപ്പെടുന്നു. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൈഗ്രെയ്ൻ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. ചെറുതായി വെള്ളം കുടിക്കുന്നത് ഓക്കാനം പോലുള്ള ചില മൈഗ്രെയ്ൻ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ദിവസവും കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണം. മരുന്നുകളുടെ കാര്യത്തിലും കൃത്യത പാലിക്കണം. സൂര്യപ്രകാശം തടയാന്‍ സൺഗ്ലാസുകൾ ധരിക്കുക.
സംതുലിത ആഹാരം
അസംതുലിതമായ ഭക്ഷണരീതിയും മൈഗ്രെയ്ന് കാരണമാകും. സംസ്‌കരിച്ച ഭക്ഷണം, ചീസ്, ചോക്ലേറ്റ്, കഫൈന്‍, മദ്യം എന്നിവ പലരിലും മൈഗ്രെയ്‌ന് ട്രിഗര്‍ ആകാറുണ്ട്. മൈഗ്രെയ്നെ ഉണര്‍ത്തുന്ന ഭക്ഷണങ്ങള്‍ കണ്ടെത്തി അവയെ ഒഴിവാക്കാം. കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ സമീകൃത ആഹാരരീതി ഉറപ്പുവരുത്താം.
കഫീന്‍ നിയന്ത്രണം
കഫീന്‍ അടങ്ങിയ പാനീയങ്ങളും മധുരപാനീയങ്ങളും കൂടുതല്‍ നിര്‍ജലീകരണത്തിലേക്ക് നയിക്കുമെന്നതിനാല്‍ അവ ഒഴിവാക്കണം. എന്നാല്‍ ചില വ്യക്തികള്‍ക്ക് കഫീന്‍ മൈഗ്രെയ്നിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്ക് കഫീന്‍ ആശ്വാസം പകരുന്നതായും കണ്ടെത്തലുണ്ട്. കഫീൻ അമിതമായി ഉപയോഗിക്കുന്നത് മൈഗ്രേൻ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാമെങ്കിലും പെട്ടെന്ന് കഫീൻ പിൻവലിക്കുന്നതും മൈഗ്രെയ്ൻ ആക്രമണത്തിന് കാരണമായേക്കാം. ഇത്തരക്കാര്‍ പിൻവലിക്കൽ തലവേദന ഒഴിവാക്കാൻ ഓരോ ദിവസവും ഏകദേശം ഒരേ അളവിൽ കഫീന്‍ കഴിക്കേണ്ടി വരും.
ഉറക്കക്രമീകരണം
ക്രമം തെറ്റിയ ഉറക്കവും തലവേദനയാകും. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എണീക്കുകയും ചെയ്യാന്‍ ശ്രമിക്കണം. രാത്രിയില്‍ കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ സാധിക്കണം.
സമര്‍ദ്ദലഘൂകരണം
മൈഗ്രെയ്ൻ ഉള്ള 70% ആളുകളിലും അമിതമായ സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്. ആഴത്തിലുള്ള ശ്വസോച്ഛാസം, വ്യായാമം, മെഡിറ്റേഷന്‍ എന്നിവ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഊഷ്മളമായ കുളി, സംഗീതം കേൾക്കൽ, ശ്വസനരീതികൾ പരിശീലിക്കല്‍ എന്നിവയും ഗുണം ചെയ്തേക്കും. സ്ട്രെസ് മാനേജ്മെന്‍റ് ക്ലാസുകളും സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കും.
സ്വയം ആസ്വദിക്കല്‍
എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും സന്തോഷം ലഭിക്കുന്ന എന്തെങ്കിലും ചെയ്യാൻ സമയം കണ്ടെത്തുക. ഒരു ഗെയിം കളിക്കുകയോ സുഹൃത്തിനൊപ്പം കാപ്പി കുടിക്കുകയോ ഒരു ഹോബി പിന്തുടരുകയോ ആകാം. നിങ്ങൾ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ചെയ്യുന്നത് സമ്മർദ്ദത്തെ ചെറുക്കാനുള്ള ഒരു സ്വാഭാവിക മാർഗമാണ്.
സ്ക്രീന്‍ സമയം കുറയ്ക്കല്‍
ദീര്‍ഘനേരം കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ സ്ക്രീനുകളലേക്ക് നോക്കി ഇരിക്കുന്നത് തലയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കാം. സ്‌ക്രീന്‍ ടൈം കുറയ്‌ക്കാന്‍ ഇടയ്‌ക്ക് ബ്രേക്ക് എടുക്കാന്‍ ശ്രദ്ധിക്കുക. ക്രീനുകളില്‍ യുവി, ബ്ലൂ ഫില്‍റ്ററുകള്‍ ഉപയോഗിക്കാം.
എണ്ണകള്‍ ഉപയോഗിക്കല്‍
പെപ്പര്‍മിന്‍റ്, ലാവന്‍റര്‍ പോലുള്ള ചില എണ്ണകള്‍ മൈഗ്രെയ്‌ന്‍ വേദനകളെ കുറയ്‌ക്കാന്‍ സഹായിക്കാറുണ്ട്. ഇത്തരം എണ്ണകള്‍ നേര്‍പ്പിച്ച് നെറ്റിയിലും കഴുത്തിലുമെല്ലാം ഇടാവുന്നതാണ്. ഇവ മെഗ്രൈയ്നിന്‍റെ തീവ്രതയും ആവൃത്തിയും കുറയ്ക്കുന്നതായി കണ്ടെത്തി. എന്നിരുന്നാലും, ഏത് അവശ്യ എണ്ണകളാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും നന്നായി മനസ്സിലാക്കാൻ കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമാണ്. ചില അവശ്യ എണ്ണകൾ കുട്ടികൾക്കും ആസ്ത്മ ഉള്ളവർക്കും അല്ലെങ്കിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ദോഷകരമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
കഠിനമായ വേദന, ഓക്കാനം, ഛർദ്ദി എന്നിവയെല്ലാം മൈഗ്രയ്ന്‍ ബാധിച്ച വ്യക്തി കടന്നുപോകുന്ന അവസ്തകളാണ്. രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ മരുന്നുകൾ സഹായിക്കുമെങ്കിലും, ജീവിതശൈലിയിലെ മാറ്റങ്ങളും പലര്‍ക്കും വലിയതോതില്‍ ഗുണകരമാകും. സ്വന്തം മൈഗ്രെയ്ന്‍ ട്രിഗറിങ് ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നത് രോഗത്തിന്‍റെ തുടര്‍ച്ച കുറയ്ക്കാനോ ലഘൂകരിക്കാനോ സഹായിക്കും. എല്ലാത്തിലുമുപരി വിദഗ്ധനായ ഡോക്ടറുടെ നിര്‍ദേശം തേടുക എന്നതാണ് പ്രധാനം.