രാവിലെ എഴുന്നേറ്റാലുള്ള പതിവ് ശീലങ്ങളിലൊന്നാണ് പല്ലുതേയ്ക്കല്‍. കുട്ടികളുള്ള വീടുകളിലാണെങ്കില്‍ പല്ലുതേയ്ക്കാനുള്ള മടിയും അതേത്തുടര്‍ന്നുള്ള അടിയും ബഹളവും വേറെ. അങ്ങനെയിരിക്കെ നിങ്ങള്‍ പല്ലുതേയ്ക്കുന്നത് നിര്‍ത്താന്‍ തീരുമാനിക്കുന്നു എന്ന് കരുതുക. എന്ത് സംഭവിക്കും? ആകാശമിടിഞ്ഞു വീഴുമോ എന്ന് ചോദിക്കാന്‍ വരട്ടെ.. ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങള്‍ എന്തായാലും ഉറപ്പാണ്.

വായുടെ ആരോഗ്യമാണ് ശരീരത്തിന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ പല്ലുതേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞു കൂടുകയും പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനുമപ്പുറം ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉടലെടുത്തേക്കാം.

പല്ലില്‍ അഴുക്ക് പിടിച്ചാല്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായി കാണാനാകും. നേര്‍ത്തപാളികളായി അടിഞ്ഞ് കൂടുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും മോണയ്ക്ക് ശല്യമുണ്ടാക്കും. ഇതോടെ ചെറിയ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബാക്ടീരിയകളുടെ ആക്രമണം തുടങ്ങുന്നതോടെ പല്ലും മോണയും ചേരുന്ന ഭാഗത്ത് പഴുപ്പും പിന്നാലെ രക്തവും വരാന്‍ തുടങ്ങും.രണ്ട് ദിവസം പല്ലുതേയ്ക്കാതെിരുന്നാല്‍ തന്നെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് പല്ലിന് മഞ്ഞക്കളര്‍ നല്‍കാന്‍ തുടങ്ങും. ഇനാമലിനെ മെല്ലെ ഇത് ബാധിക്കുകയും കടുത്ത ദന്തരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

പല്ലുതേപ്പ് ഒരാഴ്ചയായിട്ടും ആരംഭിക്കുന്നില്ലെന്ന് വിചാരിക്കുക.. വായില്‍ നിന്ന് നല്ല രീതിയില്‍ ദുര്‍ഗന്ധം പുറത്തുവന്നു തുടങ്ങും. ഇത് വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ സാമൂഹിക ഇടപെടലുകളെ സാരമായി ബാധിക്കും. വാ തുറന്നാല്‍ ദുര്‍ഗന്ധമാണെങ്കില്‍ അടുത്ത് വന്ന് നിന്ന് സംസാരിക്കുക അത്ര എളുപ്പമല്ലല്ലോ..

മോണയില്‍ അണുബാധയുണ്ടായാല്‍ അത് മെല്ലെ ഹൃദയത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മോണയില്‍ നിന്നുള്ള പഴുപ്പ് രക്തത്തിലും അണുബാധയുണ്ടാക്കാം. ഇത് സ്ട്രോക്കിന് വരെ കാരണമായേക്കാമെന്നും പഠനമുണ്ട്. ഇതിന് പുറമെ വായിലെ ബാക്ടീരിയകള്‍ ശ്വാസകോശ രോഗങ്ങള്‍ക്കും വഴി വച്ചേക്കാം.

ഗര്‍ഭകാലത്താണ് പല്ലുതേപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാസം തികയാതെയുള്ള പ്രസവം മുതല്‍ ഭാരക്കുറവുള്ള കുഞ്ഞ് ജനിക്കുന്നതിന് വരെ ഇത് കാരണമാകാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു വര്‍ഷത്തോളം പല്ലുതേക്കാതെ ഇരുന്നാല്‍ വിവിധ ദന്തരോഗങ്ങള്‍ പിടിപെട്ട് പല്ലുകള്‍ തന്നെ നശിച്ചുപോകും. ദിവസവും പല്ലുതേ‌യ്ക്കുന്നതു കൊണ്ടുമാത്രം ദന്താരോഗ്യം ഉറപ്പാക്കാനാകില്ല. ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ ഇടവേളകളില്‍ ദന്തഡോക്ടറുടെ പരിചരണവും ദന്താരോഗ്യത്തിന് അനിവാര്യമാണ്. ദിവസവും കുറ‍ഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും പല്ല് തേയ്ക്കണം. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ദന്തഡോക്ടറെ കണ്ട് ദന്താരോഗ്യം ഉറപ്പാക്കുകയും വേണം. പല്ലുകളുടെ ആരോഗ്യം ശരീരത്തിന്‍റെ മുഴുവന്‍ ആരോഗ്യത്തെ ബാധിക്കുമെന്നും നിസാരമായി കാണരുതെന്നുമാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് .

ENGLISH SUMMARY:

Here’s What Happens When You Don’t Brush Your Teeth. Possible problems and their remedies.