mouth-ulcer

വായിലെ അള്‍സര്‍ അഥവാ വായ്പ്പുണ്ണ് സാധാരണമായി എല്ലാവരിലും കാണാറുള്ള ഒന്നാണ്. നമ്മള്‍ വളരെ നിസാരമായാണ് ഇവയെ കാണാറുള്ളത് എങ്കിലും ഇത് പല രോഗങ്ങളുടേയും ആദ്യ ഘട്ട ലക്ഷണമാകാന്‍ സാധ്യതയുണ്ട്. മഞ്ഞ, വെള്ള നിറങ്ങളില്‍ വായ്ക്കുള്ളില്‍ 10 മില്ലീമീറ്ററില്‍ താഴെ വ്യാസമുള്ളവയായാണ് ഈ വ്രണങ്ങള്‍ കാണപ്പെടാറുള്ളത്. അപൂര്‍വമായാണ് 10 മില്ലിമീറ്ററിന് മുകളില്‍ വ്യാസമുള്ളവ കാണാറുള്ളത്. ഇത്തരത്തിലുള്ള വായ്പുണ്ണ് മാറാന്‍ നാലാഴ്ചയോളം സമയമെടുത്തേക്കാം. 

ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം

വിറ്റാമിനുകളുടെ അഭാവം, പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, ബ്രഷ് കൊണ്ട് ഉണ്ടാകുന്ന മുറിവ്, ബാക്ടീരിയ എന്നിവ മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം. ഇടയ്ക്കിടയ്ക്ക് വായ്പുണ്ണ് വരുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ദഹനനാളത്തെ ബാധിക്കുന്ന ഓവര്‍ലാപ്പിങ് ലക്ഷണങ്ങളുള്ള വിട്ടുമാറാത്ത കോശജ്വലന അവസ്ഥയാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. 

വളരെ അപൂര്‍വമായി ചെറിയ കൂട്ടങ്ങളായി വായ്പുണ്ണുകള്‍ വരാം. ഇത് കടുത്ത വേദന തരുന്നതും മാറാന്‍ ആഴ്ചകളെടുക്കുന്നതുമാണ്. പ്രതിരോധ ശേഷി കുറഞ്ഞാലും വായ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവും. വലിയ തോതില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരിലും വായ്പുണ്ണ് ഉണ്ടാവാം എന്ന് പഠനങ്ങള്‍ പറയുന്നു. പുകയില ഉപയോഗം ശീലമായിട്ടുള്ളവരില്‍ അത് നിര്‍ത്തിയതിന് ശേഷം വായ്പുണ്ണ് വരാനിടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്, 

കൂടുതല്‍ മസാല ചേര്‍ത്ത ഭക്ഷണം, പായ്ക്ക് ചെയ്തു വരുന്ന ആഹാരം, ഫാസ്റ്റ് ഫുഡ് എന്നിവ കൂടുതലായി കഴിക്കുന്നവരിലും വായ്പ്പുണ്ണ് വരാനിടയാക്കുന്നു. വായ്പുണ്ണിനൊപ്പം മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ വരുന്നില്ലെങ്കില്‍ ഗുരുതര രോഗങ്ങളുടെ ലക്ഷണം ആകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വയറുവേദന, വയറിളക്കം, വിളര്‍ച്ച, ക്ഷീണം, സന്ധി വേദന, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ വായ്പുണ്ണിനൊപ്പം വന്നാല്‍ ഇത് ക്രോണ്‍സ് ആന്‍ഡ് സീലിയാകിന്റെ ലക്ഷണമാകാം.