അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം...ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഈ രോഗം കവര്‍ന്നത് 59 കുരുന്നുകളിടെ ജീവനുകളാണ്. ജൂണ്‍ ആദ്യവാരം മുതലാണ് 15 വയസിന് താഴെയുള്ള കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചത്. എന്താണ് അക്യൂട്ട് എന്‍സെഫലൈറ്റിസ്, എങ്ങനെയാണ് അത് ജീവഹാനിക്ക് കാരണമാകുന്നത്
ജപ്പാന്‍ ജ്വരത്തിന് കാരണമാകുന്ന വൈറസ് തന്നെയാണ് അക്യൂട്ട് എന്‍സെഫലൈറ്റിസും പരത്തുന്നത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 30 ശതമാനത്തോളമാണെന്ന് പഠനങ്ങള്‍ പറയുന്നു.
ലക്ഷണങ്ങള്‍
തലവേദന, ഛര്‍ദി, തലകറക്കം, ഓര്‍മക്കുറവ്, ക്ഷീണം, തളര്‍ച്ച തുടങ്ങി മറ്റ് പല രോഗങ്ങള്‍ക്കുമുള്ള ലക്ഷണങ്ങള്‍ അക്യൂട്ട് എന്‍സെഫലൈറ്റിസ് ബാധിക്കുന്നവരില്‍ കാണാം . തുടക്കത്തില്‍ രോഗം തിരിച്ചറിയാനാകില്ലെന്ന് ചുരുക്കം. സ്വഭാവത്തിലെ മാറ്റം ഇടയ്ക്കിടെ ബോധം മറയുക, ശരീരം ചൊറിഞ്ഞു തടിക്കുക, സാധാരണമല്ലാത്ത രീതിയിലുള്ള ഇരിപ്പ് എന്നിവയെല്ലാമുണ്ടെങ്കില്‍ രോഗബാധ ഉറപ്പിക്കാം.
ആരെയൊക്കെ ബാധിക്കും?
15 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് സാധാരണ രോഗം കണ്ടുവരുന്നത്. ഇന്ത്യയില്‍ ഗുജറാത്ത്, ബിഹാര്‍, അസം, കിഴക്കന്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങില്‍ നിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗകാരണമെന്ത്?
1. ഹെര്‍പ്സ് സിംപ്ലെക്സ് വൈറസ്
2. എന്റെറോവൈറസ്- പനി, വയറുവേദന, കണ്ണ് ചൊറിഞ്ഞുതടിക്കല്‍ എന്നിവയുണ്ടാക്കുന്ന കോക്സാക്കി വൈറസ്, പോളിയോ വൈറസ് എന്നിവ
3. കൊതുകുജന്യ വൈറസുകള്‍
രോഗബാധിതരായ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവാണെങ്കില്‍ രോഗമുക്തി എളുപ്പമാകില്ല . വേനല്‍ക്കാലത്താണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്.
രോഗം തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍
ബ്രെയിന്‍ ഇമേജിങ്, ഇ.ഇ.ജി, നട്ടെല്ല് കുത്തി വെള്ളമെടുത്തുള്ള പരിശോധന, ബ്രെയിന്‍ ബയോപ്സി എന്നിവയാണ് രോഗ നിര്‍ണയത്തിനുള്ള മാര്‍ഗങ്ങള്‍..
രോഗം ഭേദമാകാന്‍ എറ്റവും അനിവാര്യമായത് വിശ്രമമാണ് .ധാരാളം വെള്ളം കുടിക്കുകയും വേണം . ഡോകര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണം
രോഗം ഭേദമായാലും തുടര്‍ ചികില്‍സ അനിവാര്യം. അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളിലാണ് രോഗം ഗുരുതരവാന്‍ സാധ്യതയുള്ളത്.
പഴുക്കാത്ത ലിച്ചി വെറുംവയറ്റില്‍ കഴിച്ചതിനെ തുടര്‍ന്നാണ് വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത് . പാകമാകാത്ത പഴത്തില്‍ അടങ്ങിയിരിക്കുന്ന ഹൈപോഗ്ലൈസിന്‍ എ, മീഥൈല്‍ എന്‍സൈക്ലോപ്രൊപല്‍ഗ്ലൈസിന്‍ എന്നീ വിഷവസ്തുക്കള്‍ ഛര്‍ദിക്ക് ഇടയാക്കുന്നു. ലിച്ചി പഴത്തിലാണ് ഹൈപോഗ്ലൈസിന്‍ കൂടിയ അളവില്‍ കണ്ടുവരുന്നത്. ഇത് കടുത്ത ഛര്‍ദിക്ക് ഇടയാക്കുമ്പോള്‍ ലിച്ചി വിത്തുകളില്‍ അടങ്ങിയിരിക്കുന്ന എംസിപിജി രക്തസമ്മര്‍ദം അതിവേഗത്തില്‍ താഴുന്നതിനും, ഛര്‍ദിക്കും, മാനസികപ്രയാസങ്ങള്‍ക്കും, ബോധം നശിക്കുന്നതിനും മരണം വരെ സംഭവിക്കാനും കാരണമാകുന്നു. ഈ വിഷവസ്തുക്കള്‍ ഉള്ളിലെത്തിയാല്‍ പൊടുന്നനവേ കടുത്ത പനിയും തലകറക്കവും ഉണ്ടായേക്കാം.
എങ്ങനെ തടയാം?
ശുദ്ധജലം മാത്രം കുടിക്കുക, കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുക, കൃത്യമായ സമയങ്ങളില്‍ കൊതുകു നശീകരണം നടപ്പിലാക്കുക.