രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം മൊബൈല്‍ ഫോണ്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതം നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കുട്ടികളിലും കൗമാര താരങ്ങളിലും മൊബൈല്‍ ഫോണ്‍ ചെലുത്തുന്ന സ്വാധീനം ആശങ്ക ഉയര്‍ത്തുന്ന തലങ്ങളിലെത്തി കഴിഞ്ഞു. കൗമാരക്കാര്‍ മൊബൈല്‍ ഫോണിനുള്ളില്‍ കുരുങ്ങി കിടക്കുന്നതിന്റെ തീവ്രത വ്യക്തമാക്കുന്ന സ്പാനിഷ് സ്പോര്‍ട്വെയര്‍ ബ്രാന്‍ഡിന്റെ പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സ്പാനിഷ് സ്പോര്ട്സ്വെയര് ബ്രാന്‍ഡായ സിറോകോയുടെ പരസ്യമാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കുന്നത്. കുട്ടിക്കാലം സ്മാര്‍ട്ട്ഫോണുകള്‍ കവരുന്നതായി ചൂണ്ടിക്കാണിച്ച് ഹാരി രാജകുമാരനായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.
മൊബൈല്‍ ഫോണ്‍ നിങ്ങളുടെ ജീവിതം എത്രമാത്രം പാഴാക്കുന്നു എന്ന ചോദ്യവുമായാണ് പരസ്യം എത്തിയത്. സെപ്തംബര്‍ 16ന് വിഡിയോ ടിക്ടോക്കില്‍ പങ്കുവെച്ചതിന് പിന്നാലെ 20 മില്യണിലധികം കാഴ്ച്ചക്കാരെ നേടിക്കഴിഞ്ഞു. ഫോണ്‍ സമ്മാനമായി ലഭിച്ചതിന് ശേഷം ഒരു കൗമാരക്കാരിയുടെ ജീവിതം എങ്ങനെ ഓരോ ദിവസവും കടന്നു പോകുന്നു എന്നതാണ് പരസ്യത്തില്‍ കാണിക്കുന്നത്.
സെല്‍ഫികളിലും വൈറല്‍ ഡാന്‍സുകളിലുമെല്ലാം കുരുങ്ങി ചുറുചുറുക്കുള്ള കൗമാരക്കാരിയില്‍ നിന്ന് ക്ലാസില്‍ ഉറക്കം തൂങ്ങി, ഇന്റര്‍നെറ്റ് പോണ്‍ കണ്ട് ഭയപ്പെട്ട് ക്ഷീണിച്ച അവസ്ഥയിലേക്ക് വളരെ പെട്ടെന്ന് അവള്‍ വീണ് പോകുന്നു. ഗ്യാരേജില്‍ കണ്ട സൈക്കിള്‍ അവളുടെ ജീവിതം വീണ്ടും കളര്‍ഫുള്‍ ആക്കുന്നതായി കാണിച്ചാണ് പരസ്യം അവസാനിക്കുന്നത്.