Fatty-Liver-Representative-Image

TOPICS COVERED

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളിലൊന്നാണ് കരള്‍. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം.ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരള്‍ പ്രധാന പങ്ക് വഹിക്കുന്നു.ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരള്‍ അനിവാര്യമാണ്.കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളില്‍ ഒന്നാണ് ഫാറ്റി ലിവര്‍.

Fatty-Liver-JPG

എന്താണ് ഫാറ്റി ലിവര്‍?

കരളിൽ അളവിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്നു പറയുന്നത്.കരളിന്റെ ഭാരത്തിനേക്കാൾ അഞ്ച് മുതൽ പത്ത് ശതമാനം വരെ അധികം കൊഴുപ്പിന്റെ സാന്നിധ്യമുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അമിതസാന്നിധ്യമാണ് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നതിന്‍റെ പ്രധാന കാരണം. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായതിലും അധികമായ അളവില്‍ ഈ പദാർത്ഥങ്ങള്‍ ഭക്ഷണത്തിലുണ്ടാകുമ്പോൾ അത് ഊർജമായി മാറാതെ വിവിധ അവയവങ്ങളിൽ അടിയുന്നു. അങ്ങനെ അടിയുന്ന കൊഴുപ്പ് കെട്ടിക്കിടന്ന് കരളിന് വീക്കം സംഭവിക്കുന്നു.

ഫാറ്റി ലിവറിന്റെ കാരണങ്ങള്‍ എന്തൊക്കെ?

പ്രധാനമായും രണ്ടുതരം ഫാറ്റിലിവറാണ് കണ്ടു വരുന്നത്. ഒന്ന് മദ്യപാനം മുഖേനയുണ്ടാകുന്ന ഫാറ്റി ലിവർ,രണ്ട് മദ്യപാനത്തിലൂടെയല്ലാതെ ഉണ്ടാകുന്ന ഫാറ്റി ലിവർ.

Avoid-Alcahol

സ്ഥിരമായി മദ്യപിക്കുന്നവരില്‍ ഭൂരിഭാഗം പേരിലും ഈ രോഗാവസ്ഥ കണ്ടുവരാറുണ്ട്. ജീവിതശൈലിയിലെ ക്രമക്കേടുകള്‍ കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാം. ഇത്തരെ ഫാറ്റി ലിവറിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നു പറയുന്നു.അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, അനിയന്ത്രിതമായ പ്രമേഹം എന്നിവയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്നു. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിന് കാരണമാകാറുണ്ട്. കൂടാതെ കരളിലുണ്ടാകാവുന്ന ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണ്ടേക്കാം.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

ക്ഷീണം, വയറുവേദന, ദഹനക്കേട് എന്നിവയാണ് പ്രധാനമായും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൂടാതെ ടൈപ്പ് രണ്ട് പ്രമേഹവും പൊണ്ണത്തടിയും ഇതിന്റെ ഭാഗമായി ഉണ്ടായേക്കാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല.മെഡിക്കല്‍ ചെക്കപ്പിന്‍റെ ഭാഗമായോ മറ്റ് രോഗ നിര്‍ണയങ്ങളുടെ ഭാഗമായോ സ്കാന്‍ ചെയ്യുമ്പോഴാകും ഫാറ്റിലിവര്‍ കണ്ടെത്തുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

  • മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക.
  • മധുരമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക, ചോക്ലേറ്റ്സ്, ഐസ് ക്രീം, മിഠായികള്‍ എന്നിവ ഒഴിവാക്കുക.
  • കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുക.
  • ജങ്ക് ഫുഡ്, കാര്‍ബണേറ്റ് അടങ്ങിയ പാനീയങ്ങള്‍,ബേക്കറി പലഹാരം, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക
  • പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക
  • സ്വയം ചികിത്സ ഒഴിവാക്കുക, ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കരുത്.
  • ഉപ്പ് പഞ്ചസാര എന്നിവ നിയന്ത്രിക്കുക
  • ചുവന്ന മാംസം അഥവാ പോത്ത്, പന്നി, ആട് എന്നിവയുടെ മാംസവും അവയവ മാംസം അഥവാ കരള്‍, ബ്രെയിന്‍ എന്നീ മാംസവും ഒഴിവാക്കുക.
  • അമിതവണ്ണം കുറയ്ക്കുക,ചിട്ടയായി വ്യായാമം ചെയ്യുക
Do-Exercise-everyday

ഭക്ഷണത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം?

  • പച്ചക്കറികള്‍, ഇലകള്‍, നാരടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ശീലമാക്കാം,
  • തവിടോടു കൂടിയ ധാന്യങ്ങള്‍,പയര്‍, പരിപ്പു വര്‍ഗങ്ങള്‍,ബദാം, പിസ്ത,വാള്‍നട്ട്
  • മത്തി, നത്തോലി പോലുള്ള ചെറിയ മത്സ്യങ്ങള്‍
  • പാല്‍,തൈര്,കൊഴുപ്പ് നീക്കിയ മറ്റ് പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ
ENGLISH SUMMARY:

Fatty Liver: Causes, Symptoms, and Treatment