ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പുകവലിക്കാത്തവരിലാണ് ശ്വാസകോശ കാന്‍സര്‍ കൂടുതലായും കാണപ്പെടുന്നതെന്ന് പഠന റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ മെമ്മോറയല്‍ സെന്റര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ശ്വാസകോശ കാന്‍സര്‍ ബാധിക്കുന്നവരുടെ വയസിനേക്കാള്‍ 10 വയസ് കുറഞ്ഞവരില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കാന്‍സര്‍ കണ്ടെത്തുന്നുണ്ടന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പാശ്ചാത്യ രാജ്യങ്ങളില ആളുകളെ ശ്വാസകോശ കാന്‍സര്‍ ബാധിക്കുന്നതിനേക്കാള്‍ ഒരു ദശകം മുന്‍പേ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുള്ളവരെ ബാധിക്കുന്നു. ഇന്ത്യയിലെ യുവ ജനസംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്വാസകോശ കാന്‍സര്‍ ആണ്. 2020ല്‍ 18.15 ലക്ഷം പേര്‍ക്കാണ് ഇവിടെ ശ്വാസകോശ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തത്. ശ്വാസകോശ കാന്‍സറിനെ തുടര്‍ന്നുള്ള ഇവിടുത്തെ മരണ നിരക്ക് 10.9 ശതമാനമാണ്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 72,510 ശ്വാസകോശ കാന്‍സര്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ശ്വാസകോശ കാന്‍സറിനെ തുടര്‍ന്നുള്ള മരണസംഖ്യ 66,279. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ ശ്വാസകോശ കാന്‍സറിന് നേരിട്ട് കാരണമാകുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രോമിയം, കാഡ്മിയം, കല്‍ക്കരി എന്നിവയിലൂടേയും ശ്വാസകോശ കാന്‍സറിന് അടിമപ്പെടുന്നു. ഇത് കൂടാതെ ഹോര്‍മോണിലുണ്ടാകുന്ന വ്യതിചലനങ്ങള്‍, നേരത്തെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ജനിതക ഘടകങ്ങള്‍ എന്നിവയും ശ്വാസകോശ കാന്‍സര്‍ വരാന്‍ കാരണമാവുന്നു.