ആരോഗ്യവും ഫിറ്റ്നസും കാര്യമായി ശ്രദ്ധിക്കുന്നവരാണ് പൊതുവേ 30 കടന്ന പുരുഷന്‍മാര്‍. എന്നാല്‍ സൂപ്പര്‍ഫിറ്റായിട്ടും 30 നും 39നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കിടയില്‍ സ്ട്രോക്ക് വര്‍ധിക്കുകയാണെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. രണ്ട് ദശാബ്ദത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നെതന്ന് എന്‍എച്ച്എസിന്‍റെ പഠനം പറയുന്നു. ഇതേപ്രായക്കാരായ സ്ത്രീകളില്‍ ഇത് വെറും ഒരുശതമാനമാണെന്നിരിക്കെ പുരുഷന്‍മാരില്‍ 25 ശതമാനമാണ് സ്ട്രോക്ക് സാധ്യത.
2004–05 കാലഘട്ടത്തില്‍ 39 വയസിന് താഴെയുടെ പുരുഷന്‍മാരില്‍ 52.8 ശതമാനം പേര്‍ക്ക് സ്ട്രോക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023–24 ആയപ്പോഴേക്ക് ഇത് മൂന്നില്‍ രണ്ടായി വര്‍ധിക്കുകയുംചെയ്തു. 50 വയസിന് താഴെയുള്ളവര്‍ക്കിടയിലും സ്ട്രോക്ക് വര്‍ധിക്കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 60 വയസില്‍ താഴെയുള്ളവരില്‍ 55 ശതമാനമാണ് സ്ട്രോക്ക് മൂലമുള്ള മരണസാധ്യത റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ മാത്രം ഓരോ അഞ്ചുമിനിറ്റിലും ഒരാള്‍ക്കെന്ന കണക്കില്‍ സ്ട്രോക്ക് ഉണ്ടാകുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. 38,000 പേര്‍ക്കാണ് സ്ട്രോക്ക് കാരണം ബ്രിട്ടനില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അതായത് മരണകാരണമായ അസുഖങ്ങളില്‍ നാലാം സ്ഥാനത്താണ് സ്ട്രോക്ക്.
എന്താണ് സ്ട്രോക്ക്?
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യുമ്പോഴാണ് പക്ഷാഘാതം ഉണ്ടാകുന്നത്. പലപ്പോഴും ഇത് മരണകാരണവുമാകും. ചിരിക്കുമ്പോള്‍ മുഖം ഒരു വശത്തേക്കു കോടിപ്പോകുക, ശരീരത്തിന്റെ ഒരു ഭാഗത്തിനു തളർച്ച അനുഭവപ്പെടുക. കൈകാലുകൾ ഉയർത്തിപ്പിടിക്കാനും മുറുകെ പിടിക്കാനും കഴിയാതെ വരിക, സംസാരിക്കാൻ കഴിയാത്ത അവസ്ഥ, സംസാരിക്കുന്നതു മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതി, നടക്കുമ്പോൾ വേച്ചു പോകുക, കൈകാലുകൾക്കു ബലം നഷ്ടപ്പെടുക, ശരീരത്തിന്റെ സന്തുലനവും ഏകോപനവും നഷ്ടപ്പെടുക, കാഴ്ചയ്ക്കു മങ്ങൽ, രണ്ടായി കാണുക, കണ്ണുകൾ ചലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകുക തുടങ്ങിയവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
പ്രതിവിധിയെന്ത്?
രോഗലക്ഷണങ്ങൾ കണ്ടാൽ രോഗിയെ ഉടൻ ആശുപത്രിയിലെത്തിക്കുന്നതു വളരെ പ്രധാനമാണ്. കാരണം ബ്ലോക്ക് അലിയിച്ചു കളയുന്നതിള്ള ടിപിഎ എന്ന മരുന്ന് സ്ട്രോക്ക് തുടങ്ങി നാലര മണിക്കൂറിനുള്ളിൽ രോഗിക്കു നൽകാൻ കഴിഞ്ഞാൽ മിക്കവാറും ബലക്ഷയം മാറ്റിയെടുക്കാൻ കഴിയും. ഈ മരുന്നു ലഭ്യമായ ആശുപത്രിയിൽ വേണം രോഗിയെ എത്തിക്കാൻ.
ചെറുക്കാനെന്താണ് വഴി?
ജീവിതശൈലി സ്ട്രോക്ക് ഉണ്ടാകുന്നതില്‍ പ്രധാന കാരണമാണെന്ന് ഡോക്ടര്‍മാരും പറയുന്നു. ജങ്ക് ഫുഡിനോടും ഫാസ്റ്റ് ഫുഡിനോടും നോ പറയാം. ഇതുവഴി ശരീരത്തിലെ ചീത്ത കൊഴുപ്പു നിയന്ത്രിക്കാന്‍ കഴിയും. മദ്യപാനവും പുകവലിയും പൂര്‍ണമായും നിര്‍ത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവിലും കര്‍ശനമായി ശ്രദ്ധ വേണം. ആരോഗ്യപൂര്‍ണമായ ഭക്ഷണം ശീലമാക്കണമെന്നും അന്നജവും കൊഴുപ്പും ഒഴിവാക്കി പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.