പുരുഷന്മാരിലെ വന്ധ്യതാ ചികിത്സയുടെ ഫലപ്രാപ്തിയറിയാൻ എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ). നോയിഡയിലെ അമിറ്റി സർവകലാശാലയുമായി സഹകരിച്ചാണ് പുരുഷന്മാരിലെ വന്ധ്യതയ്ക്കു കാരണമാകുന്ന ജനിതകത്തകരാർ കണ്ടെത്തി കൃത്രിമ ഗർഭധാരണ ചികിത്സകളുടെ ഫലപ്രാപ്തി പ്രവചിക്കുന്ന ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ വികസിപ്പിച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ദീപക് മോദിയാണ് പുതിയ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തി വിശദീകരിച്ചത്. വന്ധ്യത അനുഭവിക്കുന്ന ദമ്പതികളില്‍ 50 ശതമാനവും പുരുഷന്‍മാരാണ്. 500-ലധികം പുരുഷന്മാരുടെ ഡേറ്റ സംഗ്രഹിച്ച്, മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ച് ഈ ടൂൾ വികസിപ്പിക്കാൻ രണ്ട് വർഷം എടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ബീജസങ്കലനത്തിന്റെ തോത്, ക്ലിനിക്കൽ ഗർഭധാരണത്തിനുള്ള സാധ്യത, ജനന നിരക്ക് എന്നിവ ഫെർട്ടിലിറ്റി പ്രെഡിക്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവചിക്കാനാകും. ഇത് വന്ധ്യതാനിവാരണ ചികിത്സകൾക്കു വിധേയരാകാൻ ഉദ്ദേശിക്കുന്ന ദമ്പതിമാർക്ക് സഹായകരമാകും.