വലിക്കുന്ന ഓരോ സിഗരറ്റും പുരുഷന്‍മാരില്‍ ആയുസിന്‍റെ 17 മിനിറ്റും സ്ത്രീകളില്‍ 22 മിനിറ്റും കവര്‍ന്നെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് പഠന റിപ്പോര്‍ട്ട്. സിഗരറ്റ് വലിക്കുമ്പോള്‍ ശരാശരി 11 മിനിറ്റാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്ന് കുറയുന്നതെന്നായിരുന്നു 2000 ത്തിലെ പഠനം. ഇത് ഇരട്ടിയായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുകവലിയും അതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നു പഠനം.
പുകവലി നിര്‍ത്താത്തവരില്‍ ആയുര്‍ദൈര്‍ഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് 10 മുതല്‍ 11 വര്‍ഷം വരെ കുറവാണെന്നും പഠനം പറയുന്നു. ആയുസില്‍ ഒരു പതിറ്റാണ്ടാണ് പുകവലി കവരുന്നതെന്ന് സാരം. ഉറ്റവര്‍ക്കൊപ്പം ചിലവഴിക്കേണ്ട നല്ല നേരങ്ങളെയാണ് പുകവലി നഷ്ടമാക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സാറ ജാക്സന്‍ പറയുന്നു. 20 സിഗരറ്റടങ്ങിയ ഒരു പാക്കറ്റ് വലിച്ച് തീര്‍ക്കുമ്പോള്‍ ജീവിതത്തിലെ വിലയേറിയ ഏഴ് മണിക്കൂറാണ് പുകഞ്ഞ് തീരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
മെല്ലെ മെല്ലെയെങ്കിലും പുകവലി ശീലം ഉപേക്ഷിക്കുന്നത് ആയുസ് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ആയുസിന്‍റെ പത്ത് വര്‍ഷം നഷ്ടമാകുന്നുവെന്നതിനപ്പുറം, മധ്യവയസിലെത്തുമ്പോഴേക്കും പലവിധ അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പുകവലിക്കാരനായ 60 വയസുകാരന് പുകവലിക്കാത്ത 70 വയസുകാരന്‍റെയത്ര പോലും ആരോഗ്യമുണ്ടാവില്ലെന്നാണ് പഠനം പറയുന്നത്. പുകവലിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പുകവലി ശീലമാക്കിയവര്‍ കൂടിയ അളവിലാണ് വലിച്ച് കൂട്ടുന്നത്. അതുകൊണ്ട് തന്നെ പ്രത്യാഘാതങ്ങള്‍ വലിയതാണെന്നും ഗവേഷകര്‍ പറയുന്നു. പൂര്‍ണമായും പുകവലി ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.