dr-jiji

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് തുണയായി മലയാളി ഡോക്ടര്‍. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ജിജി വി.കുരുട്ടുകുളമാണ് വിമാനയാത്രക്കാരിയുടെ രക്ഷകനായത്. 

കഴി​ഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു യാത്ര ചെയ്യുകയായിരുന്നു ഡോ.ജിജി വി.കുരുട്ടുകുളം.യാത്രക്കിടയില്‍ സഹയാത്രികയായ 56 വയസുകാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തലകറക്കവും തുടര്‍ച്ചയായി ഇവര്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. 

ഉടനെ തന്നെ തന്‍റെ ഐഡി കാര്‍ഡ് അധികൃതരെ കാണിച്ച് രോഗിയെ നിലത്ത് കിടത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു.ശേഷം തന്‍റെ കയ്യിലുണ്ടായിരുന്ന ആപ്പിള്‍ വാച്ച് ഉപയോഗിച്ച് രോഗിയുടെ ഹൃദയമിടിപ്പ് മനസിലാക്കി. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജൻ സാച്ചുറേഷൻ കുറവാണെന്നും, രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി.ശേഷം വിമാനത്തിലെ മെഡിക്കറ്റില്‍ കിറ്റില്‍ ലഭ്യമായ മരുന്നുകള്‍ നല്‍കിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു. 

ഇതോടെ അടുത്ത വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കാനുള്ള തീരുമാനം വേണ്ടെന്ന് വെച്ചു. നിശ്ചിത സമയത്തിനും 15 മിനിറ്റ് മുൻപു സാൻഫ്രാൻസിസ്കോയിൽ വിമാനമിറക്കാനുമായി. മുന്‍കൂട്ടി അറിയിച്ചതുപ്രകാരം അവിടെ കാത്തു നിന്ന മെഡിക്കൽ സംഘം രോഗിയെ ആശുപത്രിയിലേക്കു മാറ്റി. 

സമയോചിത ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് എയർ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരും ക്യാപ്റ്റനും നന്ദി അറിയിച്ചു.യാത്ര ചെയ്യുമ്പോൾ ഡോക്ടർമാർ എപ്പോഴും അവരുടെ ഐഡി കൈവശം വെക്കണമെന്ന് ഡോ. ജിജി പറഞ്ഞു. സ്മാർട്ട് വാച്ച് പോലുള്ള ഗാഡ്ജെറ്റുകളും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ENGLISH SUMMARY:

Malayali doctor gave treatment on plane using smart watch