101 വയസ് വരെ ജീവിച്ച തന്‍റെ മുത്തച്ഛന്‍റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് നടി ഛവി മിത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് തന്‍റെ മുത്തച്ഛന്‍ നൂറ് വയസും പിന്നിട്ട് ജീവിച്ചതിന് പിന്നിലെ കാരണം ഛവി വെളിപ്പെടുത്തുന്നത്.
രോഗം വന്നാല്‍ മുത്തച്ഛന്‍ ആന്‍റിബയോട്ടിക്കുകളടക്കം ഒരു മരുന്നും കഴിക്കില്ല. സഹിക്കാന്‍ വയ്യാത്ത സ്ഥിതിയാണെങ്കില്‍ ഒന്നോരണ്ടോ പാരസെറ്റമോള്‍ കഴിക്കും . ഈ സമയം ഭക്ഷണവും ഉപേക്ഷിക്കും. രോഗത്തെ നേരിടാന്‍ ധൈര്യമാണ് പ്രധാനമെന്നാണ് അദ്ദേഹത്തിന്‍റെ സിദ്ധാന്തം. അദ്ദേഹത്തിന് അസുഖം വന്നാല്‍ തന്നെ രണ്ടുദിവസം കൊണ്ട് ഭേദമാകുമായിരുന്നു. അമ്മയാണ് മുത്തച്ഛന്‍റെ ജീവിതചര്യ തനിക്ക് പറഞ്ഞു തന്നതെന്നും ഛവി വ്യക്തമാക്കി.
നടിയുടെ ഇന്‍സ്റ്റഗ്രാം വിഡിയോ ഇന്റര്‍നെറ്റിലെത്തിയതിന് പിന്നാലെ ആത്മധൈര്യത്തിലൂടേയും വിശ്രമത്തിലൂടെയും അസുഖം മാറുമോ എന്ന ചോദ്യങ്ങളാണ് കമന്‍റ് ബോക്സില്‍ നിറയുന്നത്. അസുഖത്തിന്റെ തീവ്രതയും ഭക്ഷണം കഴിക്കാതിരുക്കുന്നതിന്‍റെ ദൈര്‍ഘ്യവും ഇവിടെ നിര്‍ണായകമാവും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ചെറിയ സമയത്തെ ഉപവാസം ചിലപ്പോള്‍ രോഗപ്രതിരോധശേഷി കൂട്ടും. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സമയത്തെ ഏറെ നേരത്തെ ഉപവാസം ആ വ്യക്തിയിലെ ഊര്‍ജം നഷ്ടപ്പെടുത്തുകയും രോഗത്തില്‍ നിന്നുള്ള മുക്തി വൈകിപ്പിക്കുകയും ചെയ്യും. അതിനാല്‍ വൈദ്യോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഇങ്ങനെ ചെയ്യാവൂ എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.