കണ്ണട മുഖത്ത് വച്ച് കണ്ണട തിരയുക, പറയാന്‍ വന്ന കാര്യം മറന്നു പോകുക, പൈപ്പ് തുറന്ന് വച്ച് പോവുക എന്നിങ്ങനെ 'മറവി' ശല്യപ്പെടുത്താത്ത ആളുകളുണ്ടാവില്ല. പ്രായമാകുമ്പോള്‍ പതിവാകുന്ന ഈ മറവിക്കൊരു മറുമരുന്നുണ്ട്. തിരക്ക് പിടിച്ച ജീവിതത്തിന് അല്‍പ്പം അയവ് നല്‍കാനും ബുദ്ധി ശക്തിക്ക് ഒരു കൂര്‍മത വരുത്താനും ചില യോഗാസനങ്ങള്‍ സഹായിക്കും. അത് ഏതൊക്കെയെന്ന് നോക്കാം.
പത്മാസനം: യോഗാസനങ്ങളിലെ അടിസ്ഥാന ആസനങ്ങളിലൊന്നാണ് പത്മാസനം. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉഷാറാക്കാന്‍ ഇത് അത്യുത്തമമെന്ന് യോഗാചാര്യന്‍മാര്‍ പറയുന്നു.
നിലത്ത് ചമ്രം പടിഞ്ഞ് ഇരുന്ന ശേഷം വലതുകാല്‍ മടക്കി ഇടത് തുടയുടെ മുകളില്‍ വയ്ക്കുക.തുടര്‍ന്ന് മടക്കി വലതുതുടയുടെ മുകളില്‍ വയ്ക്കുക. കാല്‍പാദങ്ങള്‍ മുകളിലേക്ക് വരത്തക്ക വിധത്തില്‍ വയറിനോട് ചേര്‍ത്ത് വേണം ഇരിക്കാന്‍. നടുവ് നിവര്‍ത്തിയുള്ള ഈ ഇരിപ്പില്‍ കൈകള്‍ ചിന്‍മയീ മുദ്രയില്‍ വയ്ക്കണം. ശാന്തമായി നിവര്‍ന്നിങ്ങനെ ഇരിക്കുന്നത് രക്തചംക്രമണത്തെ സഹായിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടും. നിവര്‍ന്നിരുന്ന് ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനൊപ്പം മനസും അയയും. ഇത് പതിവ് ശീലമാക്കുന്നതോടെ ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിക്കും.
വൃക്ഷാസനം: മരത്തെ ഓര്‍മപ്പെടുത്ത രീതിയില്‍ നില്‍ക്കുന്ന യോഗാസനമാണിത്. നിവര്‍ന്ന് നിന്നശേഷം കാലുകള്‍ ചേര്‍ത്ത് വയ്ക്കുക. ശേഷം വലത് കാല്‍പാദമെടുത്ത് ഇടത്തേ തുടയുടെ ഉള്ളിലായി വയ്ക്കുക. ശ്വാസമെടുത്ത് രണ്ടു കൈകളും തലയ്ക്ക് മുകളിലായി നമസ്കാര മുദ്രയില്‍ ചേര്‍ത്തുവയ്ക്കുക. തുടക്കത്തില്‍ ബാലന്‍സ് ഉറപ്പിച്ച് ഈ നിലയില്‍ അധികസമയം നില്‍ക്കാനാകില്ലെങ്കിലും ക്രമേണ സമയം ദീര്‍ഘിപ്പിക്കാം. ഇങ്ങനെ ഒരു കാലില്‍ നില്‍ക്കുമ്പോള്‍ ശരീരത്തിന്‍റെ ലന്‍സ് വര്‍ധിപ്പിക്കാനും ശരീരവും മനസും ഒരുപോലെ ഏകാഗ്രമാക്കാനും കഴിയും. ഇത് ഓര്‍മശക്തിയും വര്‍ധിപ്പിക്കും.
സര്‍വാംഗാസനം: തലച്ചോറിലേക്ക് അതിവേഗം രക്തമെത്താന്‍ സഹായിക്കുന്ന യോഗാസനമാണിതെന്ന് കരുതപ്പെടുന്നു. മലര്‍ന്ന് കിടന്നശേഷം കാലുകള്‍ ചേര്‍ത്ത് വയ്ക്കുക. കൈകള്‍ രണ്ടും ശരീരത്തിന്‍റെ വശങ്ങളിലായി നിലത്ത് പതിച്ച് വയ്ക്കുക. ശ്വാസമെടുത്ത് കാലുകളും അരക്കെട്ടും മുകളിലേക്ക് ഉയര്‍ത്തുക. കൈകള്‍ കൊണ്ട് അരക്കെട്ട് താങ്ങി നിര്‍ത്തി കാലുകള്‍ കുറച്ചു കൂടി ഉയര്‍ത്തുന്നതാണ് സര്‍വാംഗാസനം. ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥിയെ പ്രചോദിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കൂടിയാണിത്.
പശ്ചിമോത്താസനം: വ്യായാമം ചെയ്യുമ്പോളുള്ള സ്ട്രെച്ചിങിന് സമാനമാണിതെന്ന് പറയാം. കാലുകള്‍ മുന്നിലേക്ക് നീട്ടി ചേര്‍ത്ത് വയ്ക്കുക. ശ്വാസമെടുത്ത് കൈകള്‍ കണ്ടും ചെവിയോട് ചേര്‍ത്ത് നിവര്‍ത്തിപ്പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് ശരീരം മുന്നോട്ട് വളച്ച് കൈകള്‍ കൊണ്ട് കാലിന്‍റെ പെരുവിരലോ കണങ്കാലോ പിടിക്കാന്‍ ശ്രമിക്കുക. നെറ്റി കാല്‍മുട്ടില്‍ മുട്ടിച്ചുവേണം ഇത് ചെയ്യാന്‍. നിരന്തര പരിശ്രമത്തിലൂടെ ഇത് വഴങ്ങും. പശ്ചിമോത്താസനത്തിലിരിക്കുമ്പോള്‍ നട്ടെല്ലിന് മതിയായ സ്ട്രെച്ച് ലഭിക്കും. മാത്രമല്ല തലച്ചോറിലേക്കുള്ള രക്തയോട്ടവും കൂടും. ഇങ്ങനെ ഇരിക്കുമ്പോള്‍ മനസ് ശാന്തമാകുമെന്നും ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിക്കും.
തഡാസനം: ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന യോഗാസനമാണ് തഡാസനം. നിവിര്‍ന്ന് നിന്ന ശേഷം കൈകള്‍ ശരീരത്തിന്‍റെ മുന്നിലേക്ക് ചേര്‍ത്ത് പിടിക്കുക. ശ്വാസമെടുത്ത് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുക. ഇതേസമയം ഉപ്പൂറ്റിയില്‍ ഊന്നി നിവര്‍ന്ന് നില്‍ക്കണം. കൈകളുടെ ഉള്‍വശം മുകളിലേക്ക് വരുന്ന രീതിയില്‍ വേണം നില്‍ക്കാന്‍. ശ്വാസം വിട്ടുകൊണ്ട് തിരികെ പൂര്‍വരൂപത്തിലേക്ക് വരാം.
ശവാസനം: ശരീരത്തിന് ഏറ്റവും അയവ് നല്‍കുന്ന, ശാന്തമാക്കുന്ന യോഗാസനമാണ് ശവാസനം. സാധാരണയായി യോഗാസനങ്ങള്‍ പൂര്‍ത്തിയാക്കി ഒടുവിലാണ് ശവാസനം ചെയ്യുക. മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവ് വരുത്തുന്നതിനൊപ്പം സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും ഈ യോഗാസനം സഹായിക്കും. മലര്‍ന്ന് കിടക്കുക. കാലുകള്‍ അകത്തി വയ്ക്കണം. ഉപ്പൂറ്റി അകത്തോട്ടും പാദങ്ങള്‍ പുറത്തേക്കും വരുന്ന രീതിയിലാവണം കിടപ്പ്. കൈകള്‍ ശരീരത്തിന്‍റെ ഇരുവശത്തുമായി അയച്ചിടണം. കണ്ണുകള്‍ മെല്ലെ അടച്ച് ശരീരത്തിലെ സര്‍വഭാഗങ്ങളും തളര്‍ത്തി, ശാന്തമായി കിടക്കണം. ഈ നേരമത്രയും ശ്വാസത്തിലാവണം ശ്രദ്ധ. ഉറങ്ങിപ്പോകാന്‍ സാധ്യത ഏറെ ആയതിനാല്‍ അതുമാത്രമാണ് ശവാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.