മരണനിരക്കുയര്‍ത്തുന്നതില്‍ ഹൃദ്രോഗത്തിന് തുല്യമാണ് പ്രമേഹവും. ജീവിതശൈലി രോഗങ്ങളില്‍പ്പെട്ട പ്രമേഹത്തെ ഭയക്കുന്നതിന് പകരം കരുതലോടെ മുന്നോട്ട് പോയാല്‍ ആയുര്‍ദൈര്‍ഘ്യം നീട്ടാം. ഇന്ത്യയിലെ പ്രമേഹബാധിതരുടെ എണ്ണം വര്‍ഷം തോറും കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനം എന്ന വിശേഷണവും ഇന്ത്യയ്ക്കുണ്ട്. പ്രമേഹം ഉള്ള ആളാണ് നിങ്ങൾ എങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ ശ്രദ്ധ വേണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അത്തരത്തില്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട എഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വൈറ്റ് ബ്രഡ്
രാവിലെ ബ്രേക്ക്ഫാസ്റ്റായും വൈകിട്ട് ചായക്കൊപ്പമെല്ലാം കഴിക്കുന്ന വൈറ്റ് ബ്രഡ് പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല. റിഫൈൻ ചെയ്ത മൈദകൊണ്ടാണ് വൈറ്റ് ബ്രഡ് ഉണ്ടാക്കുന്നത്. വൈറ്റ് ബ്രഡില്‍ ആഡഡ് ഷുഗറും അന്നജവും വളരെ കൂടുതലായിരിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യും.
ഡ്രൈഡ് ഫ്രൂട്ട്സ്/ ഉണക്കപ്പഴങ്ങള്‍
ഡ്രൈഡ് ഫ്രൂട്ട്സ് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും പ്രമേഹരോഗികള്‍ ഇത് അമിതമായി കഴിക്കുന്നത് അപകടമാണ്. ഉണക്കിയ പഴങ്ങളില്‍ ധാരാളം പഞ്ചസാരയും അന്നജവും ഉണ്ട്. ഇവയ്ക്ക് ജി.ഐ അഥവാ ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കൂടുതലാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. പ്രമേഹരോഗികള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി, ഡ്രൈഡ് ക്രാന്‍ബെറി, ഡ്രൈഡ് മാംഗോ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.
സംസ്കരിച്ച ഭക്ഷണം (പായ്ക്കറ്റ് ഫുഡ്)
പായ്ക്ക്റ്റില്‍ വരുന്ന ജങ്ക് ഫുഡ്സ്, ഉരുളക്കിഴങ്ങ് ചിപ്സ്, ക്രാക്കേഴ്സ്, വറുത്ത നട്സ് എന്നീ ലഘുഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇവയില്‍ വളരെ കൂടിയ അളവിൽ ഉപ്പും സ്പൈസസും ചേര്‍ത്തിരിക്കും. ഇത് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് കൂട്ടും. സോഡിയം കൂടിയ അളവിൽ ശരീരത്തിലെത്തുന്നത് രക്തസമ്മര്‍ദം വര്‍ദ്ധിക്കാന്‍ കാരണമാകും. പ്രമേഹരോഗികള്‍ ഇത്തരം ഭക്ഷ്യവിഭവങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാക്കും.
മധുരപാനീയങ്ങൾ
ജ്യൂസുകള്‍, സോഡ, ഊർജപാനീയങ്ങൾ, തുടങ്ങിയവയില്‍ പഞ്ചസാര വലിയ അളവില്‍ തന്നെ അടങ്ങിയിട്ടുണ്ടാകും. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പെട്ടെന്ന് കൂട്ടും. പ്രമേഹരോഗികള്‍ പഴവര്‍ഗങ്ങള്‍ അധികം പഴുക്കാത്ത പരുവത്തില്‍ കഴിക്കുന്നതാണ ഉചിതം. പ്രമേഹമില്ലാത്ത ആളുകളും നിത്യവും മധുരപാനീയങ്ങൾ കുടിക്കുന്നത് ഭാവിയില്‍ പ്രമേഹരോഗത്തിലേക്ക് നയിക്കാനും കാരണമായേക്കും.
കൊഴുപ്പുളള പാല്‍
ഫുൾ ഫാറ്റ് മിൽക്ക് അഥവാ കൊഴുപ്പ് അധികമുളള പാല്‍ പ്രമേഹരോഗികള്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകും. ഇത്തരം പാലില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കും. പാല്‍ മാത്രമല്ല, കൊഴുപ്പ് കൂടിയ യോഗര്‍ട്ട് മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയും പ്രമേഹരോഗികള്‍ പൂര്‍ണമായും ഒഴിവാക്കണം.
കേക്ക്, ബിസ്ക്കറ്റ്
പ്രമേഹരോഗികള്‍ ബേക്കറി വിഭവങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇവയില്‍ പഞ്ചസാര കൂടിയ അളവിൽ തന്നെ അടങ്ങിയിട്ടുണ്ടാകും. കേക്ക്, കുക്കീസ്, എന്നിവയെല്ലാം തന്നെ മൈദ, പഞ്ചസാര, എണ്ണ എന്നിവകൊണ്ട് തയ്യാറാക്കുന്നവയാണ്. മാത്രമല്ല ബേക്കറി പലഹാരങ്ങളില്‍ ഫ്ലേവറുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. ഇത് പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോസിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും.
പ്രഭാത സെറീയലുകൾ/ ഈസി ബ്രേക്ക്ഫാസ്റ്റ്
നാം ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്ന് കരുതുന്ന പ്രഭാത സെറീയലുകൾ കൃത്രിമ പദാർഥങ്ങളും ആഡഡ് ഷുഗറും അടങ്ങിയവയാണ്. പഞ്ചസാര അടങ്ങിയിട്ടുളള ഇത്തരം ധാന്യങ്ങൾ കഴിച്ചാൽ വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. സെറീയലുകള്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് വഴി രക്തത്തിലെ ഗ്ലൂക്കോസ് നില അസ്ഥിരമായി തുടരുകയും ചെയ്യും. അതിനാല്‍ പരസ്യങ്ങള്‍ കണ്ട് ഇത്തരം സെറീയലുകള്‍ വാങ്ങിക്കഴിക്കാതെ പഞ്ചസാര ചേർക്കാത്ത മുഴുധാന്യങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.