ഒരിടവേളയ്‌ക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലും ടാന്‍സാനിയയിലും വീണ്ടും മരണം വിതച്ച് 'മാബര്‍ഗ് വൈറസ്'. രോഗബാധിതരെ അതിദാരുണ മരണത്തിലേക്ക് തള്ളിവിടുന്ന വൈറസിന് ബ്ലീഡിങ് ഐസ് എന്നൊരോമനപ്പേരുകൂടിയുണ്ട്. 15 പേരാണ് ഈ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം റുവാണ്ടയിലും ടാന്‍സാനിയയിലുമായി മരിച്ചത്. കണ്ണിലും മൂക്കിലും വായിലും നിന്ന് രക്തമൊഴുക്കി മരണത്തിലേക്ക് മനുഷ്യനെ തളളിവിടുന്ന മാബര്‍ഗ് വൈറസിനെക്കുറിച്ച് അറിയാം.
അവയവ സ്‌തംഭനത്തിലൂടെയും രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലൂടെയുമാണ് മാബര്‍ഗ് വൈറസ് ജീവനെടുക്കുന്നത്. വൈറസ് ബാധിച്ചാല്‍ മരണസാധ്യത 24 മുതല്‍ 88 ശതമാനം വരെയാണ്. എബോളയേക്കാള്‍ ഭീകരനായ ഈ വൈറസ് എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ടതാണ്. കടുത്തപനി, തലവേദന, പേശീ വേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
വൈറസ് ഉള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. ഓക്കാനം, ഛര്‍ദ്ദി, അതിതാരം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ പ്രത്യക്ഷമായിത്തുടങ്ങും. കണ്ണുകള്‍ കുഴിഞ്ഞ് ശരീരം ശോഷിക്കും. പ്രേതസമാനമായ മുഖഭാവങ്ങള്‍ ഈ വൈറസ് രോഗികളില്‍ ഉണ്ടാക്കാമെന്നും പറയപ്പെടുന്നു. രക്തസ്രാവം ആരംഭിക്കുക അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ്. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും മോണകളില്‍ നിന്നും യോനിയില്‍ നിന്നും വരെ രക്തസ്രാവം ഉണ്ടാകാം. ഛര്‍ദ്ദിയിലും മലത്തിലും രക്തത്തിന്റെ സാന്നിധ്യം കണ്ടേയ്ക്കാം. രോഗികളില്‍ ദേഷ്യം ആശയക്കുഴപ്പം എന്നിവയും പ്രകടമായേക്കാം. കൂടാതെ രോഗത്തിന്‍റെ അവസാന ഘട്ടങ്ങളില്‍ വൃഷ്‌ണങ്ങള്‍ വീര്‍ത്തു വരുന്ന അവസ്ഥയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയാല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളാക്കി മരണം സംഭവിക്കാനും ഇടയുണ്ട്.
പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രക്തം, ശരീര സ്രവങ്ങള്‍, അവയവങ്ങള്‍, മുറിവുകള്‍ എന്നിവ വഴി വൈറസ് പകരാം. മറ്റ് വൈറല്‍ പനികള്‍ എന്നിവയില്‍ നിന്ന് മാബര്‍ഗ് വൈറസ് രോഗത്തെ തിരിച്ചറിയുക എളുപ്പമല്ല. രോഗനിര്‍ണ്ണയത്തിനായി ആന്റിജന്‍ ക്യാപ്‌ച്ചര്‍ ഡിറ്റക്ഷന്‍ ടെസ്റ്റ്, എലീസ ടെസ്റ്റ്, ആര്‍ടി-പിസിആര്‍ എന്നീ പരിശോധനകള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ നിലവില്‍ വാക്‌സീനുകളോ ആന്റി വൈറല്‍ ചികിത്സകളോ മാബര്‍ഗ് വൈറസ് മൂലമുള്ള രോഗത്തിന് ലഭ്യമല്ല.