നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന ചീഫ് സെക്രട്ടറി ശാരദമുരളീധരന്‍റെ വെളിപ്പെടുത്തലില്‍ ചര്‍ച്ചകളും പ്രതിഷേധവും ശക്തമായി തുടരുകയാണ്. നിറത്തിന്റെ പേരിലുള്ള വിവേചനവും പരിഹാസവും ഒരു സമൂഹത്തില്‍ ഒട്ടും സ്വീകാര്യമല്ലെന്ന നിലപാട് എല്ലാവരും ഒരുപോെല അംഗീകരിക്കുന്നു. അപ്പോള്‍ പ്രായത്തിന്റെ പേരില്‍ ഇതൊക്കെയാകാമോ? ഒരാളോടുള്ള ഇഷ്ടക്കേടും വെറുപ്പും പ്രകടിപ്പിക്കാന്‍ ഒരു മടിയുമില്ലാതെ അയാളുടെ പ്രായത്തെ കുത്തി സംസാരിക്കുമ്പോള്‍ ഇതും അങ്ങേയറ്റം മോശമാണെന്നു തിരിച്ചറിയാറുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ഇഷ്ടമില്ലാത്തവരെ കണ്ടാലുടനെ കിളവന്‍, കിളവി, തള്ള, അമ്മാവന്‍, അമ്മായി, ചേട്ടന്‍, ചേച്ചി, അനിയന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ വാരിയെറിയുമ്പോള്‍ ഓര്‍ക്കണം ഇതുമൊരു മാനസികപ്രശ്നമാണ്. ‘ഏജിസം’ എന്നാണ് ആ സൂക്കേടിന്റെ പേര്. റേസിസം, കാസ്റ്റിസം, തുടങ്ങിയ കൂട്ടത്തില്‍പ്പെടുന്നതു തന്നെ ഏജിസവും.
പ്രായത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാസങ്ങളും മുന്‍വിധികളും വച്ചു പുലര്‍ത്തുന്നതിനെയാണ് ഏജിസം എന്ന് വിളിക്കുന്നത്. പ്രായമേറിയെന്ന പേരില്‍ കളിയാക്കുന്നതു മാത്രമല്ല, നിങ്ങള്‍ക്ക് അതിനുള്ള പ്രായം കഴിഞ്ഞു പോയി എന്നു പറയുന്നതും ഏജിസം തന്നെ. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം പ്രായത്തിനു ചേരുന്നില്ല എന്നു പറയുന്നത് അഭിപ്രായമല്ല, അധിക്ഷേപമാണ്. ആന്റി ഏജിങ് ക്രീമുകളുടെ പരസ്യം മുതല്‍ ‘തന്തവൈബ്’ വിളി വരെ ഏജിസത്തില്‍പ്പെടും. സത്യം പറഞ്ഞാല്‍ രാഷ്ട്രീയപാര്‍ട്ടികളിലെ പ്രായപരിധി ചര്‍ച്ചകള്‍ പോലും ഏജിസമാണ്. പ്രായം ഒരു വ്യക്തിയുടെ ക്രിയാത്മകതയെയും ചിന്താശേഷിയെയുമൊക്കെ ബാധിക്കുമെന്ന ചിന്ത തീര്‍ത്തും മുന്‍വിധിയാണെന്നു ശാസ്ത്രം പറയുന്നു. നേതാക്കളുെട പ്രായം വച്ചുള്ള താരതമ്യം ചെയ്യല്‍ ഏജിസമാണ്.
യുവനേതാവ്, യുവനടന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നതുപോലും വാസ്തവത്തില്‍ ഏജിസമാണ്. ജനറേഷന്‍ ഗ്യാപ് ന്യായീകരണങ്ങളും ഇതേ ഗണത്തില്‍ പെടും. ഒരാളോടു നല്ലതുപറയുമ്പോഴും പ്രായംവച്ച് പറയാന്‍ തോന്നുന്നുണ്ടോ? ഉദാഹരണത്തിന് ഒരാളെ അഭിനന്ദിക്കാന്‍ ‘ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല’ എന്നു പറയുന്നുണ്ടെങ്കില്‍ അത് അഭിനന്ദനമല്ല, ഏജിസം തന്നെയാണ്. ആരെയും സന്തോഷിപ്പിക്കാന്‍ ‘സന്തൂര്‍ മമ്മി’യെന്നു വിളിക്കുന്നത് ശരിയല്ല എന്ന് മനസിലാക്കണമെന്നര്‍ഥം. നിങ്ങള്‍ നന്നായിരിക്കുന്നു എന്നു പറയേണ്ടിടത്ത് ഇത്രയും പ്രായമായിട്ടും എന്തൊരു ഊര്‍ജം എന്നു പറയേണ്ട. ഈ പ്രായത്തിലും ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യവും ഏജിസമാണ്. നെഗറ്റീവ് ഏജിസം മാത്രമല്ല, പോസിറ്റിവ് ഏജിസവുമുണ്ട്. ഇത്രയും പ്രായവും അനുഭവസമ്പത്തുമുള്ള ആള്‍ എന്നു പറയുന്നതാണ് പോസിറ്റീവ് ഏജിസം. അതായത് പ്രായമായതു കൊണ്ടുള്ള അനുഭവസമ്പത്ത് എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ആദ്യം പോസിറ്റീവായിട്ടു തോന്നുമെങ്കിലും സംഗതി നെഗറ്റീവ് തന്നെയാണ്. ഒരു കാര്യം പറയാനായി പ്രായത്തെ ആശ്രയിക്കാതിരിക്കുക എന്നതു മാത്രമാണ് പരിഹാരം.
സത്യത്തില്‍ ഏജിസം എന്നത് വളരെ സങ്കീര്‍ണവും ഗുരുതരവുമായ ഒരു സാമൂഹ്യപ്രശ്നം കൂടിയാണ്. എന്നാല്‍ വര്‍ണവെറിയും ജാതിവെറിയും എതിര്‍ക്കുന്നതു പോലെ പ്രായവെറി മോശമാണെന്ന് സമൂഹം ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടില്ല. മനഃശാസ്ത്രലോകം പ്രായത്തോടുള്ള സമീപനം വളരെ ആഴത്തില്‍ പഠിക്കുന്നുണ്ട്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും പ്രായത്തെ ചൂണ്ടിയുള്ള അപമാനം തടയാന്‍ ഞാനെന്തു ചെയ്യും എന്ന് ഓരോരുത്തരും ഗൗരവമായി ആലോചിക്കണമെന്നാണ് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. വര്‍ണവെറിയും ജാതിവെറിയും തടയാനുള്ള നിയമങ്ങള്‍ പോലെ തന്നെ പ്രായവെറി തടയാനും നിയമങ്ങള്‍ വേണ്ടി വരുമെന്ന് അവര്‍ പറയുന്നു.
മനുഷ്യന്റെ നിറം , ജാതി, പ്രായം ഇതൊന്നുമല്ല വ്യക്തിയെ വിലയിരുത്താനുള്ള മാനദണ്ഡമാകേണ്ടത്. ഒരാള്‍ക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങള്‍ വിലയിരുത്തിയല്ല വ്യക്തികളെ വിലയിരുത്തേണ്ടത്, പകരം വ്യക്തിത്വം, മികവ്, ഉള്ളടക്കം തുടങ്ങിയവയാണ് കണക്കിലെടുക്കേണ്ടത്. ഒരാളോടു യോജിക്കുന്നില്ല എന്നു പറയാന്‍ നിറവും പ്രായവും ജാതിയുമൊക്കെ കുത്തിപ്പറയുന്നത് നിങ്ങള്‍ വളരെ ദുര്‍ബലനാണ് എന്നതാണ് വെളിവാക്കുന്നത്. അല്ലാതെ അധിക്ഷേപം ഏല്‍ക്കുന്നയാളല്ല മോശമാകുന്നത്.
ഈ പ്രായത്തില്‍ ഇന്നതേ ആകാവൂ, ഇങ്ങനെയാണിരിക്കേണ്ടത്, ഇങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയുള്ള മുന്‍വിധികള്‍ തകരുമ്പോഴുണ്ടാകുന്ന അസൂയയില്‍ നിന്നാണ് മഞ്ജുവാര്യരെ ഡാകിനി എന്നൊക്കെ വിളിക്കാന്‍ തോന്നുന്നത്. തര്‍ക്കിച്ചു ജയിക്കാനാകില്ലെന്നു തോന്നുമ്പോഴാണ് അമ്മായി എന്ന് എഴുതിവച്ചു പോകുന്നത്. മമ്മൂട്ടിയുടെ ഗ്ലാമര്‍ പടത്തിന് ലൈക്കടിച്ചു തിരിയുന്നതിനു മുന്നേ കഴുത്തില്‍ ചുളിവുണ്ടോ എന്നു ചുഴിഞ്ഞു നോക്കുന്നതും അസൂയ പൂണ്ട മനസാണ്. തോല്‍ക്കുന്നത് അവനവനാണ്. പ്രായത്തെ അതിന്റേതായ സ്വാഭാവികതയില്‍ സ്വീകരിക്കുന്നതു പോലെ തന്നെ ഓരോ പ്രായത്തിലും എന്തു ചെയ്യണമെന്ന് കല്‍പിക്കാന്‍ മെനക്കെടുന്ന അസുഖവും ചികില്‍സിക്കേണ്ടതാണ്. പുരോഗമനസമൂഹങ്ങളെല്ലാം ഇത്തരം മുന്‍വിധികളെ തള്ളിപ്പറയാനും തിരുത്താനും തയാറാകുമ്പോള്‍ ഏജിസവും മോശമാണെന്നു നമ്മള്‍ സമ്മതിച്ചേ പറ്റൂ. സ്വയം തിരുത്തിയേ പറ്റൂ.