gall-blader-stones-health

Image Credit: ayurhealthcare.com.au

വയറിന്‍റെ വലതുഭാഗത്തായി ഇടയ്ക്കിടക്ക് വേദന അനുഭവപ്പെടാറുണ്ടോ? ഗ്യാസ് കയറിയാതാകാം അല്ലെങ്കില്‍ നീര് വീണതാകാം എന്ന് പറഞ്ഞ് ഒരിക്കലും തളളിക്കളയരുത് ഇത്തരം ലക്ഷണങ്ങളെ. പിത്തസഞ്ചിയിലെ കല്ലുകളാകാം ചിലപ്പോള്‍ ഈ വേദനയ്ക്ക് പിന്നില്‍. 40 വയസിന് മുകളിലുളള സ്ത്രീകളിലാണ് പിത്താശയ കല്ലുകള്‍ കൂടുതലായി കണ്ടുവരുന്നത്. പിത്താശയ കല്ലുകളെ കുറിച്ചും രോഗലക്ഷണത്തെ കുറിച്ചും ചികില്‍സയെക്കുറിച്ചും കൂടുതലറിയാം. 

വയറ്റി​ന്‍റെ വലതുഭാഗത്ത്​ കരളിനു തൊട്ടുതാഴെ ചെറിയ ബലൂൺ പോലെ കാണപ്പെടുന്ന അവയവമാണ് പിത്താശയം അഥവാ പിത്തസഞ്ചി. ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുക, ദഹന പ്രക്രിയ സുഗമമാക്കുക എന്നതാണ് പിത്താശയത്തിന്റെ ജോലി. പിത്താശയത്തിന്‍റെ പ്രവർത്തനക്ഷമതയിലുണ്ടാകുന്ന തകരാറുകൾ, പിത്തസഞ്ചിയിലെ ബിലിറൂബിന്‍റെ അളവിലുണ്ടാകുന്ന വര്‍ധന അല്ലെങ്കില്‍ പിത്തസഞ്ചിയിലെ ദഹന ദ്രാവകം കട്ടിയാകുന്നത് തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടും പിത്താശയ കല്ലുകള്‍ രൂപപ്പെടാം.

സ്ത്രീകളിലും പുരുഷന്മാരിലും പിത്താശയ കല്ലുകള്‍ കാണാപ്പെടാറുണ്ടെങ്കിലും മധ്യവയസ്കരായ സ്ത്രീകളിലാണ് ഇത് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം, വ്യായാമക്കുറവ്, പാരമ്പര്യം, പ്രമേഹം, അമിതവണ്ണം, എന്നിവയെല്ലാം പിത്താശയ കല്ലുകള്‍ രൂപപ്പെടാനുളള സാധ്യത വര്‍ധിപ്പിക്കുന്നു. തുടക്കത്തില്‍ പലപ്പോഴും വേദനയില്ലാതെ ആയിരിക്കും പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. എന്നാല്‍ പിന്നീട് വയറിന്‍റെ വലതുഭാഗത്ത് വേദനയുടെ രൂപത്തില്‍ ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. പിത്താശയകല്ലുകള്‍ കൂടി രോഗം മൂര്‍ച്ചിക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ ഈ വേദന പുറകുവശത്തേയ്ക്കും വലതുതോളിന്‍റെ ഭാഗത്തേയ്ക്കും പടരാനും സാധ്യതയുണ്ട്. 

വയറുവേദന, വയറുപെരുക്കം, ഓക്കാനം, ചര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഭക്ഷണശേഷം ചിലപ്പോള്‍ ഈ അസ്വസ്ഥതകള്‍ തീവ്രമായേക്കാം. പിത്താശയ കല്ല് പിത്തനാളിയില്‍ എത്തുകയാണെങ്കില്‍ അത് ചിലപ്പോള്‍ കടുത്ത പനിക്കും മഞ്ഞപ്പിത്തത്തിനും കാരണമായേക്കാം. രോഗനിര്‍ണയത്തിനായി ഏറ്റവും ഉചിതം വയറിന്‍റെ ലളിതമായി അള്‍ട്രാസൗണ്ട് സ്കാനിങാണ്. പിത്തനാളിയിലെ കല്ലുകളുടെ രോഗനിര്‍ണയത്തിനായി CECT, MRCP എന്നീ ടെസ്റ്റുകളാണ് ചെയ്യാറ്. 

സാരമായ അളവില്‍ പിത്താശയ കല്ലുകള്‍ ഇല്ല എങ്കില്‍ കല്ലുകള്‍ അലിയിച്ച് കളയുന്ന ചികില്‍സാരീതിയാണ് പിന്തുടരാറ്. എന്നാല്‍ പിത്താശയകല്ലുകള്‍ സാരമായ അളവിലുണ്ടെങ്കില്‍ നീക്കം ചെയ്യുകയോ പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയോ ആണ് ചെയ്യാറ്. ഇതൊരു താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ്. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, സ്ഥിരമായുളള വ്യായാമം വഴിയും ഒരുപരിധി വരെ പിത്താശയക്കല്ലുകളെ പ്രതിരോധിക്കാന്‍ സാധിക്കും. 

ENGLISH SUMMARY:

Pain in the Lower Right Abdomen; causes and treatment