ആര്‍ത്തവ വിരാമമെന്ന് കേള്‍ക്കുമ്പോഴേ വാര്‍ധക്യമായി എന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ ആര്‍ത്തവ വിരാമത്തെ അത്ര കണ്ട് ഭയക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആര്‍ത്തവം പോലെ തന്നെ തികച്ചും സ്വാഭാവികമായ പ്രക്രിയയായി കണ്ട്, അതിനായി തയ്യാറെടുത്താല്‍ ആര്‍ത്തവ വിരാമവും ആഘോഷമാക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. കടുത്ത വേദനയും മാനസിക സംഘര്‍ഷവുമെല്ലാം അനുഭവിച്ച ആര്‍ത്തവകാലത്തില്‍ നിന്നും മോചനമെന്ന നിലയ്ക്ക് കൂടി കണ്ടാല്‍ ജീവിതത്തിലെ അടുത്ത ഘട്ടമായി മാത്രം ഇതിനെ കാണാനാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
എന്താണ് ആര്‍ത്തവ വിരാമം?
ഋതുമതിയാകുന്നത് മുതല്‍ ആര്‍ത്തവ വിരാമം വരെ സങ്കീര്‍ണമായ മാറ്റങ്ങളിലൂടെയാണ് സ്ത്രീ ശരീരം കടന്നുപോകുന്നത്. 50 വയസിന് മേല്‍ പ്രായമുള്ള സ്ത്രീകളില്‍ തുടര്‍ച്ചയായ 12 മാസം ആര്‍ത്തവമുണ്ടാവാത്ത അവസ്ഥയുണ്ടെങ്കില്‍ അതിനെ ആര്‍ത്തവ വിരാമമായി കാണാം. പ്രത്യുല്‍പാദനത്തിനുള്ള ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കാന്‍ അണ്ഡാശയത്തിന് കഴിയാതെ വരുന്ന സ്ഥിതിയാണിത്.
ലക്ഷണങ്ങള്‍
അത്യുഷ്ണവും വേദനാജനകമായ ആര്‍ത്തവവും തലവേദനയുമടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ആര്‍ത്തവ വിരാമത്തിന് മുന്നോടിയായി സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. വളരെ പെട്ടെന്ന് ചൂടനുഭവപ്പെടുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുക, ക്രമരഹിതമായ ആര്‍ത്തവം, രാത്രിയില്‍ വെട്ടി വിയര്‍ക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, യോനിയിലെ വരള്‍ച്ച, ഉറക്കക്കുറവ്, വിഷാദം, ഉത്കണ്ഠ, മാനസിക സമ്മര്‍ദം, സ്തനങ്ങളിലെ വേദന, തലവേദന, പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുക, തലമുടി കൊഴിയുക, ലൈംഗിക താല്‍പര്യങ്ങള്‍ കുറയുക, പേശീവേദന– മുട്ടുവേദന, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാനമായും ആര്‍ത്തവ വിരാമത്തിന് മുന്നോടിയായി സ്ത്രീകളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍.
ശരീരത്തിലെ പ്രകടമായ ഈ മാറ്റങ്ങള്‍ക്കൊപ്പം ഹോര്‍മോണുകളുടെ തോന്നിയത് പോലെയുള്ള സഞ്ചാരം കൂടിയാകുമ്പോള്‍ അടിമുടി താളം തെറ്റും. ഇക്കാലയളവില്‍ പതിവിലേറെയായി മൂഡ് സ്വിങ്സും, ദുഃഖവും, വളരെ പെട്ടെന്ന് ദേഷ്യപ്പെടലുമെല്ലാം സ്ത്രീകളില്‍ പ്രകടമാകും. തനിച്ചാണെന്നും ആരുമില്ലെന്നുമുള്ള ശക്തമായ തോന്നല്‍, അമര്‍ഷം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ നിയന്ത്രണാതീതമാവുകയാണെങ്കില്‍ കൗണ്‍സിലറുടെ സഹായം തേടാന്‍ മടിക്കേണ്ടതില്ല. ആര്‍ത്തവിരാമത്തിന് മുന്നോടിയായി മറവിയും, ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും പ്രശ്നങ്ങളും മനസംഘര്‍ഷങ്ങളും സൃഷ്ടിക്കാറുണ്ടെന്നും ഉറക്കക്കുറവിന് കാരണമാകാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനു പുറമേ സ്ത്രീ ഹോര്‍മോണായ ഈസ്ട്രൊജന്‍റെ അളവ് കുറയും. ഇത് അസ്ഥികള്‍ ക്ഷയിക്കാനും, രക്തസമ്മര്‍ദം ഉയരാനും , ഹൃദയാരോഗ്യം കുറയാനും കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു
അസ്വസ്ഥതകളെ അകറ്റാന്‍ ചില പൊടിക്കൈകള്‍
കെട്ടുപൊട്ടിയ പട്ടം പോലൊരവസ്ഥയാണ് ആര്‍ത്തവ വിരാമത്തിന്‍റെ ആദ്യഘട്ടത്തിലെന്ന് പലരും വിവരിച്ചിട്ടുണ്ട്. പക്ഷേ ആര്‍ത്തവവിരാമത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ മുന്‍കരുതലുകളെടുത്തും,ഭക്ഷണത്തിലടക്കം ക്രമീകരണങ്ങള്‍ വരുത്തിയും ഈ മാറ്റത്തെ നേരിടാം.