TOPICS COVERED

അസഹനീയമായ ആര്‍ത്തവവേദനയെ പിടിച്ചുകെട്ടാന്‍ വേദനസംഹാരികളുടെ സഹായം തേടുന്നവരാണ് മിക്ക സ്ത്രീകളും. ഇവ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും അമിത ഉപയോ​ഗം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് വേദനസംഹാരികൾ കഴിക്കുമ്പോൾ മുൻകരുതൽ വേണം. വേദനസംഹാരികൾക്ക് പകരം മറ്റ് ചില ആശ്വാസമാര്‍ഗങ്ങളും പരീക്ഷിക്കാവുന്നതാണ്.

ഇബുപ്രോഫെൻ പോലുള്ള നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ അമിതമായി ഉപയോ​ഗിക്കുന്നത് ദഹനനാളത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അൾസർ, ​ഗ്യാസ്ട്രൈറ്റിസ് പോലുള്ള രോ​ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഗുരുതര സാഹചര്യങ്ങളിൽ രക്തസ്രാവവും ഉണ്ടാകാം. ഇത് ജീവന് തന്നെ ഭീഷണിയായേക്കും. നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ ദീർഘകാല ഉപയോ​ഗം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യതയും വർധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദം പോലുള്ള മറ്റ് ഘടകങ്ങൾ ഉള്ള സ്ത്രീകളിലും ഇത്തരം മരുന്നുകൾ ഉപയോ​ഗിക്കുന്നത് അപകടമാണ്. മറ്റൊരു വേദനസംഹാരിയായ അസറ്റാമിനോഫെന്‍റെ അമിത ഉപയോഗം കരളിന്റെയും വൃക്കയുടെയും ആരോ​ഗ്യത്തെ ബാധിക്കും. 

ഡോക്ടറുടെ ശുപാർശ പ്രകാരം മാത്രം മരുന്നുകളുടെ ഡോസ് എടുക്കുക. നിർദേശിച്ച അളവിനെക്കാൾ കൂടുതൽ കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങളുടെയും അപകടസാധ്യത വർധിപ്പിക്കാം.ഏത് ചെറിയ വേദനയ്ക്കും വേദനസംഹാരികളെ ആശ്രയിക്കുന്ന ശീലം ഒഴിവാക്കണം. ആർത്തവ വേദനയ്ക്കായി എല്ലാ മാസവും ഒന്നിൽ കൂടുതൽ വേദനസംഹാരികൾ കഴിക്കേണ്ടി വരുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.വ്യത്യസ്ത തരം വേദനസംഹാരികൾ കലർത്തി ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണ്. ഇത് കരളിനെയും വൃക്കയെയും ബാധിക്കാൻ സാധ്യത കൂടുതലാണ്. ഒരു മരുന്ന് കഴിച്ച് വേദനയ്ക്ക് ആശ്വാസം കിട്ടുന്നില്ലെങ്കില്‍ മറ്റൊന്ന് കഴിക്കുന്നതിന് പകരം ഡോക്ടറെ കാണുക.

കഠിനമായ വേദനയ്ക്ക് വേദനസംഹാരിക്ക് പകരം ഉപയോ​ഗിക്കാവുന്ന രീതിയാണ് ഹീറ്റ് തെറാപ്പി. ഹോട്ട് വാട്ടർ ബാ​ഗിലോ കുപ്പിയിലോ ചൂടുവെള്ളം ഒഴിച്ച് വയറ്റിൽ അമർത്തി വെക്കുക. ഇത് പേശികൾക്ക് അയവ് വരുത്തുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. വ്യായാമം രക്തയോട്ടം വർധിപ്പിക്കും ശരീരത്തിലെ സ്വാഭാവിക വേദനസംഹാരിയായ എൻഡോർഫിനുകൾ പുറത്തുവിടുകയും അത് വേദന കുറയ്ക്കുകയും ചെയ്യുന്നു. ആർത്തവ വേദന നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനും പങ്കുണ്ട്. കഫീൻ, പഞ്ചസാര എന്നിവ കുറയ്ക്കുന്നത് വീക്കം, വേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും ​ഗുണം ചെയ്യും. ഇഞ്ചി, പെരുംജീരകം തുടങ്ങിയവ ഇട്ടു തിളപ്പിച്ച ഹെർബൽ ചായ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. യോ​ഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവ മാനസികസമ്മർദം കുറയ്ക്കുകയും അതുവഴി ആർത്തവ വേദന നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

ENGLISH SUMMARY:

Are Painkillers Harmful To Overcome Menstrual Pain?