AI Generated Image
വിവാഹം ചെയ്താലും ഒറ്റയ്ക്ക് ഉറങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. കാരണങ്ങള്‍ പലതാകാം, എന്നാല്‍ ഉറക്കം നന്നായാല്‍ എല്ലാം നന്നാകുമെന്നതിനാല്‍ ഇന്ത്യന്‍ ദമ്പതിമാരില്‍ വലിയൊരു അളവ് ഉറങ്ങാന്‍ വേണ്ടി മാത്രം വിവാഹമോചിതാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് വിവാഹം ചെയ്തിട്ടും മാറി കിടക്കുന്നവര്‍ അഥവാ സ്ലീപ് ഡിവോഴ്സ് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.
റെസ്മെഡ്സ് 2025 ഗ്ലോബല്‍ സ്ലീപ് സര്‍വെ പ്രകാരം ഇന്ത്യന്‍ ദമ്പതിമാരില്‍ 78 ശതമാനവും സ്ലീപ് ഡിവോഴ്സ് തിരഞ്ഞെടുത്തവരാണ്. രണ്ടാം സ്ഥാനത്ത് ചൈനക്കാരണ്, 67 ശതമാനം. പിന്നാലെ ദക്ഷിണ കൊറിയക്കാര്‍. 13സ്ഥലങ്ങളിലെ 30,000 പേരില്‍ നിന്നെടുത്ത വിവരങ്ങളാണ് പഠനത്തിന് അടിസ്ഥാനം. യുകെയിലും യുഎസിലുമുള്ള ദമ്പതിമാര്‍ ഇടയ്ക്കിടെ ഒന്നിച്ചും ഇടയ്ക്ക് മാറിയും കിടന്നുറങ്ങുന്നവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പലകാര്യങ്ങളാണ് ഇതിനുള്ള കാരണമായി പറയുന്നത്. പങ്കാളിയടെ കൂര്‍ക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, ശ്വാസം മുട്ടല്‍, പരസ്പരം പൊരുത്തപ്പെടാതെയുള്ള ഉറക്ക ഷെഡ്യൂള്‍, കിടക്കയിലെ സ്ക്രീന്‍ ടൈം എന്നിവാണ് വേറിട്ടുള്ള ഉറക്കത്തിന്‍റെ കാരണങ്ങള്‍. കൂടുതല്‍പേരും മാറികടക്കാന്‍ കാരണം പങ്കാളിയുടെ കൂര്‍ക്കം വലിയും ശ്വാസോച്ഛ്വാസവും തന്നെയാണ്. സ്ലീപ് ഡിവോഴ്സ് എടുക്കുന്നവരാണെങ്കിലും ഇത്തരക്കാര്‍ക്ക് ഗുണനിലവാരമുള്ള ഉറക്കത്തിനൊപ്പം മെച്ചപ്പെട്ട ലൈംഗിക ജീവിതവും ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം തന്നെ ഒന്നിച്ചുള്ള ഉറക്കത്തിന് അതിന്‍റേതായ ഗുണങ്ങളുമുണ്ട്. പങ്കാളികള്‍ ഒന്നിച്ച് കിടക്കുമ്പോള്‍ ലൗ ഹോര്‍മോണായ ഓക്സിടോസിൻ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയെ കുറയ്ക്കുന്നതിനും ജീവിതവും സംതൃപ്തിയും വർധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.