കാലവർഷം കനത്തതോടെ ജലജന്യ രോഗങ്ങളുടെ ഭീഷണിയാണ് എങ്ങും. വീട്ടുമുറ്റത്തെ കിണർ, കുഴൽക്കിണർ, പുഴയിൽ നിന്ന് ജല അതോറിറ്റി പൈപ്പ് എന്നിവ വഴി എത്തുന്ന വെള്ളം ശുദ്ധമാണോ ആവശ്യമായ ധാതുക്കൾ ഉണ്ടോ തുടങ്ങിയവ പരിശോധിക്കുന്നവർ അപൂർവം. വ്യാപകമായ രോഗ പകർച്ച, ഭക്ഷ്യവിഷബാധ എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് അധികൃതരും വ്യക്തികളും പലപ്പോഴും വെള്ളം പരിശോധിക്കേണ്ടി വരുന്നത്. വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ എന്നിവയുടെ ശുചിത്വകാര്യത്തിലും പലരും ആവശ്യമായ ജാഗ്രത കാണിക്കാറില്ല.
മലിനമായ വെള്ളം ഉപയോഗിക്കുന്നത് ഛർദി, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ബാക്ടീരിയ, വൈറസ് തുടങ്ങിയ ഹാനികരമായ സൂക്ഷ്മ ജീവികൾ വെള്ളത്തിലൂടെ രോഗം പരത്തുന്നു. മലിനജലത്തിലൂടെയും രോഗിയുടെ വിസർജ്യ അംശം അടങ്ങിയ ഭക്ഷണ പദാർഥം വഴിയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്.
100 മില്ലി ലീറ്റർ വെള്ളത്തിൽ 10 മില്ലിലീറ്ററിൽ കൂടുതൽ കോളിഫോം രോഗാണുക്കളുള്ള വെള്ളം ശരീരത്തിൽ എത്തിയാൽ മഞ്ഞപ്പിത്തം ബാധിക്കും. ഇ കോളി രോഗാണുക്കളുടെ സാന്നിധ്യമുള്ള വെള്ളം ശരീരത്തിൽ എത്തിയാൽ പോളിയോ മിലിറ്റിസ് ബാധിക്കും. ഫ്ലൂറൈഡ് കൂടുതലുള്ള വെള്ളം ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും മറ്റു ആവശ്യങ്ങൾക്കും തുടർച്ചയായി ഉപയോഗിച്ചാൽ ഡെന്‍റൽ ഫ്ലൂറോസിസ്, സ്കെലിറ്റൽ ഫ്ലൂറോസിസ്, ഫ്ലൂറോസിൻ എന്നിവ ഉണ്ടാകും.
കുടിക്കുന്ന വെള്ളത്തിന് കലക്ക് നിറം, ഇഷ്ടപ്പെടാത്ത രുചി, മണം എന്നിവയുണ്ടെങ്കില്‍ പരിശോധിക്കുന്നത് നല്ലതാണ്. ജല വിതരണ പൈപ്പുകൾ ദ്രവിക്കുന്നതും തുരുമ്പെടുക്കുന്നതു വഴിയുള്ള രാസപദാർഥങ്ങൾ വെള്ളത്തില്‍ ഉണ്ടാകരുത്. വിവിധ ലവണ സാന്നിധ്യം അനുവദനീയമായതിലും കൂടരുത്. ജല ജന്യ രോഗങ്ങൾക്ക് കാരണമാകുന്ന രോഗാണുക്കളുടെ സാന്നിധ്യവും വെള്ളത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
ജല അതോറിറ്റി പദ്ധതികളിൽ ഉൾപ്പെടെ ജലം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലുമുണ്ട്. മണം, നിറം, ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി, അസിഡിറ്റി, ഫ്ലൂറൈഡ്, അയേൺ, നൈട്രേറ്റ്, റസിഡ്യുൽ ക്ലോറിൻ, കോളിഫോം, ഇ–കോളി, ടർബിഡിറ്റി, പിഎച്ച്, അൽക്കനൈറ്റി, സോളിഡ്, ഹാർഡ്നസ്, കാൽസ്യം, മഗ്നീഷ്യം, ക്ലോറൈഡ് തുടങ്ങിയവ പരിശോധിച്ച് അഞ്ചു ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് ലഭിക്കും.
കഴുകിയ കുടം കിണറിന്‍റെ മധ്യ ഭാഗത്തേക്ക് ഇറക്കി 100 മില്ലി ലീറ്റർ വെള്ളം സ്റ്റെറിലൈസ്ഡ് കുപ്പിയിലാക്കി ഭദ്രമായി അടച്ച് പൊതിഞ്ഞാണ് പരിശോധനയ്ക്കുള്ള വെള്ളം എടുത്തുനൽകേണ്ടത്. വെള്ളം കുപ്പിലാക്കുമ്പോൾ കയ്യുറ ധരിക്കണം. കുഴൽക്കിണർ വെള്ളം പൈപ്പിന്‍റെ അഗ്രഭാഗം ചൂടാക്കിയ ശേഷം കുറച്ചു വെള്ളം പുറത്തു കളഞ്ഞു എടുക്കണം. ഫിസിക്കൽ പരിശോധനയ്ക്ക് പുതിയ വെള്ള കാനിൽ 1 ലീറ്റർ വെള്ളം നൽകണം.