നമ്മുടെ ഒരു ദിവസത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കാണ് മനസിനുള്ളത്. എഴുന്നേല്‍ക്കുന്ന സമയം മുതലുള്ള മൂഡ് വളരെ പ്രധാനമാണ്. ഒരു മോശം സ്വപ്നം കണ്ടാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ അത് ആ ദിവസത്തെ മൊത്തം അലങ്കോലപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എഴുന്നേല്‍ക്കുന്ന സമയത്തിനുള്‍പ്പെടെ മൂഡ് നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. അതിരാവിലെ എണീറ്റ് പ്രഭാതകര്‍മങ്ങള്‍ ചെയ്ത് യോഗയോ നടത്തമോ മറ്റു വ്യായാമങ്ങളോ ചെയ്യുന്നവര്‍ക്ക് നല്ല ദിവസങ്ങള്‍ ആസ്വദിക്കാനാകുമെന്നാണ് പൊതുവിലയിരുത്തല്‍.
വ്യായാമം പോലെ തന്നെ പരമപ്രധാനമാണ് രാവിലെ കഴിക്കുന്ന ആഹാരവും. ഒരു രാത്രി മൊത്തം ഫാസ്റ്റിങ് നടത്തി പിന്നാലെ കഴിക്കുന്ന ആഹാരം അത്രമേല്‍ മികച്ചതായിരിക്കണം. തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യകരമായ പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമാണ്. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഊര്‍ജം പ്രദാനം ചെയ്യാന്‍ കഴിയുന്നവയാവണം ആരോഗ്യകരമായ ഒരു ബ്രെയ്ക് ഫാസ്റ്റ്. ഓരോ ദിവസവും ഫ്രഷ് ആയി തുടങ്ങാനും ഊര്‍ജത്തോടെ മുന്‍പോട്ട് പോകാനും സഹായിക്കുന്ന പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കാവുന്ന ഏഴുതരം നട്‌സും സീഡ്സും പരിചയപ്പെടാം.
ബദാം
പ്രോട്ടീന്‍, നാരുകള്‍, എന്നിവ ഏറെയുള്ള ബദാം ഒരു എനര്‍ജി ബൂസ്റ്റര്‍ ആണ്. വൈറ്റമിന്‍ ഇയാല്‍ സമ്പുഷ്മടമായ ബദാം ആന്റി ഓക്സിഡന്റ് കൂടിയാണ്. ത്വക്കിന്റ മാര്‍ദ്ദവത്തിനും ആരോഗ്യത്തിനും മികച്ചവയാണിവ. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗര്‍ ലെവല്‍ ക്രമീകരിക്കാനും ബദാം സഹായിക്കും.
ചിയ സീഡ്‌സ്
ഫൈബര്‍, ആന്റി ഓക്സിഡന്റ്സ്, ഒമേഗ ത്രീ ഫാറ്റി ആസിഡ്, എന്നിവയാല്‍ സമ്പുഷ്ടം. ദഹനം സുഗമമാക്കാനും ചിയ സീഡ്സിനു സാധിക്കും. സ്മൂത്തീസ്, യോഗര്‍ട്ട്, ഓട്ട്മീല്‍ എന്നിവയില്‍ ചേര്‍ത്ത് കഴിച്ചാല്‍ പോഷക സമ്പുഷ്ടമായ ഒരു ബ്രെയ്ക്ക് ഫാസ്റ്റ് ആവുമെന്ന കാര്യത്തില്‍ സംശയമില്ല.
വാള്‍നട്ട്സ്
തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും നീര്‍വീക്കങ്ങള്‍ ഇല്ലാതാക്കാനും അത്യുത്തമം. മനസിനെ ശാന്തമാക്കാനും സന്തോഷം പ്രദാനം ചെയ്യാനും വാള്‍നട്ട്സിനു സാധിക്കും.
ഫ്ലാക്സ് സീഡ്സ്
ബ്ലഡ് ഷുഗര്‍ ലെവല്‍ ക്രമീകരിച്ചു നിര്‍ത്താനും ദഹനസംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിര്‍ത്താനും ഫ്ലാക്സ് സീഡ്സിനു സാധിക്കും. ബ്രെയ്ക്ക് ഫാസ്റ്റിനൊപ്പം ചേര്‍ത്ത് കഴിച്ചാല്‍ അത്യുത്തമമാണ് ഫ്ലാക്സ് സീഡ്സ്.
പംപ്‌കിന്‍ സീഡ്സ്
മഗ്നീഷ്യം,സിങ്ക്, ആന്റി ഓക്സിഡന്റ് എന്നിവയാല്‍ സമ്പുഷ്ടമായ പംപ്‌കിന്‍ സീഡ്സ് പ്രതിരോധശക്തി വര്‍ധിപ്പിക്കാനും നല്ലതാണ്. ശരീരത്തിനാവശ്യമായ ഊര്‍ജം പ്രധാനം ചെയ്ത് നമ്മുടെ ദിവസത്തെ സന്തോഷപൂരിതമാക്കാന്‍ പംപ്‌കിന്‍ സീഡ്സിനു സാധിക്കും.
സണ്‍ഫ്ലവര്‍ സീഡ്സ്
ത്വക്കിന്റെ ആരോഗ്യത്തെ മികവുറ്റതാക്കാന്‍ വൈറ്റമിന്‍ ഇ, സെലിനിയം സമ്പുഷ്ടമായ സണ്‍ഫ്ലവര്‍ സീഡ്സിനു സാധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തില്‍ വരുന്ന നീര്‍വീക്കം തടയാനും സഹായിക്കും. സാലഡിലും സ്മൂത്തിസിലും ചേര്‍ത്ത് കഴിക്കാന്‍ സാധിക്കുന്നവയാണ് സണ്‍ഫ്ലവര്‍ സീഡ്സ്.
കാഷ്യൂ
പ്രോട്ടീന്‍ സമ്പുഷ്ടമാണ് അണ്ടിപ്പരിപ്പ്. കോപ്പറും മഗ്നീഷ്യവും , ആരോഗ്യകരമായ കൊഴുപ്പും അണ്ടിപ്പരിപ്പിലുണ്ട്. സ്മൂത്തിസ് പോലുള്ള ബ്രെയ്ക്ക് ഫാസ്റ്റ് വിഭവങ്ങളില്‍ രുചി കൂട്ടാനും കാഷ്യൂ ഉപയോഗിക്കാം.